ക്രിസ്തുമസിന് ഒരുക്കമായുള്ള നൊവേന: എട്ടാം ദിനം

വിചിന്തനം: നസ്രത്തിലെയും ഈജിപ്തിലേയും ഉണ്ണീശോയുടെ ജീവിതം 

നമ്മുടെ രക്ഷകനായ യേശു തന്റെ ശൈശവത്തിന്റെ ആദ്യഘട്ടം ചെലവഴിച്ചത് ഈജിപ്തിലാണ്. അവിടെ മാതാപിതാക്കൾക്കൊപ്പം പരദേശിയായി കൂട്ടുകാരില്ലാതെ ബന്ധുക്കാരില്ലാതെ ജീവിച്ചു. നസ്രത്തിലേക്കു വന്നപ്പോഴും അപ്പത്തിനു വേണ്ടി തിരുകുടുംബം അധ്വാനിച്ചു. ദൈവം അധ്വാനിക്കുന്ന ഒരു കുടുംബത്തിന്റെ ഭാഗമായി എന്നതാണ് തിരുപ്പിറവിയുടെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും. അവിടെ മാതാപിതാക്കൾക്കു വിധേയനായി ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു. ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ ചട്ടക്കൂട്ടിലേക്കു ദൈവം സ്വയം ഇറങ്ങി വരുന്ന ഉത്സവമാണ് യേശുവിന്റെ മനുഷ്യവതാരം.

പ്രാർത്ഥന 

ഓ ഈശോയെ എന്റെ രക്ഷകാ! എന്നോടുള്ള സ്നേഹത്തെ പ്രതി മുപ്പതു വർഷം രഹസ്യ ജീവിതം നയിച്ചു രക്ഷണീയ കർമ്മത്തിനു തയ്യാറായല്ലോ. ഈ ഭൂമിയിൽ നിന്റെ സഹയാത്രികനാകുവാൻ ഞാൻ എന്നെത്തന്നെ പരിത്യജിച്ചു നിന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നു. അതിനായി പാപ മാർഗ്ഗങ്ങളെ ഞാൻ വെറുത്തുപേക്ഷിക്കുകയും നിന്നെ മാത്രം എന്റെ ഏക നിധിയായി സ്വീകരിക്കുകയും ചെയ്യുന്നു. മരണം വരെ വിശ്വസ്തനായിരിക്കാനും നിന്നെ സ്നേഹിക്കുവാനും എനിക്കു കൃപ തരണമേ.

ഓ ദൈവമാതാവേ, പാപികളുടെ സങ്കേതമേ, നീ ആണു ഞങ്ങളുടെ പ്രത്യാശ. ആമ്മേൻ.