ഓര്‍മ്മകളില്‍ മഞ്ഞു പെയ്യുമ്പോള്‍

ഡോ. ഫാ. ജി. കടൂപ്പാറയിൽ

പണ്ട് ബേദ്‌ലഹേമിലെ ഒരു പുല്‍ക്കൂട്ടില്‍ യേശു പിറന്നുവീണു. അവന്റെ പിന്‍മുറക്കാര്‍ അത് അനുസ്മരിക്കാന്‍ തുടങ്ങിയപ്പോള്‍ ക്രിസ്മസായി. പിന്നെ, കൊഴിഞ്ഞുവീണ വര്‍ഷങ്ങളിലൂടെ ക്രിസ്മസ് ആഘോഷങ്ങളുടെ പെരുക്കം.

യേശു പിറന്നു വീഴുന്നതൊക്കെ ക്രിസ്മസാണ്. അവന്‍ എവിടെ ജന്മമെടുക്കുന്നുവോ അവിടെയൊക്കെ ക്രിസ്മസ് അനുഭവിക്കേണ്ടതും ആവശ്യമാണ്. ഞാനൊരു പുതിയ പുസ്തകം വായിക്കുമ്പോള്‍, ഒരു പുതിയ ആശയമായി അവന്‍ എന്റെ ഉള്ളില്‍ ജന്മമെടുക്കുന്നു. അക്ഷരക്കൂട്ടങ്ങള്‍ നിര്‍മ്മിക്കുന്ന നവീന അര്‍ത്ഥതലങ്ങളിലൂടെ നസ്രായന്‍ പുനര്‍ജനിക്കുകയാണ്. ഓരോ മഞ്ഞുതുള്ളിയിലും പ്രപഞ്ചം പ്രതിഫലിക്കുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെടുമ്പോഴും ഒഴുകുന്ന പുഴയെനോക്കി എന്റെ ചങ്ങാതിയൊരു കവിത കുറിക്കുമ്പോഴും അവന്റെ കുടിലിനു മുന്നിലെ ചെറുചെടി പൂക്കുമ്പോഴും ക്രിസ്മസായി.

പെയ്തുവീഴുന്ന മഴത്തുള്ളികള്‍കണ്ട് അകലത്തിരിക്കുന്ന പഴയ കൂട്ടുകാരി ഏതോ ഗാനം ആലപിക്കുന്നേരം ഉണ്ണീശോ അവളുടെ ഹൃദയത്തില്‍ ജനിക്കുന്നു. കഴിഞ്ഞ വേനല്‍പ്പകലുകളില്‍ ഒന്നില്‍ എന്റെ ഗുരുനാഥനായി വഴിവക്കിലെ വന്‍മരം തണലിന്റെ കുടപിടിച്ചപ്പോള്‍, മോണകാട്ടിച്ചിരിച്ചത് ഉണ്ണീശോ ആയിരുന്നല്ലോ. പവര്‍കട്ടു വീണ ഏതോ രാത്രിയിലെ കനത്ത അന്ധകാരത്തിനു നടുവിലേയ്ക്ക്, ഒരു മിന്നാമിനുങ്ങ് പറന്നുചെന്നപ്പോള്‍ എന്റെ അയല്‍വീട്ടിലെ വല്യമ്മയുടെ കുഞ്ഞുമുറിക്കുള്ളിലും അവന്‍ ജനിച്ചുവീണു. യേശുവേ, നന്മയായി നീ എല്ലായിടത്തും അവതരിക്കുകയാണല്ലോ.

എങ്കിലും, ക്രിസ്മസ് ഇന്ന് അനുഭവത്തിലും ഉപരി ആഘോഷമായി മാറിയിരിക്കുന്നുവോ എന്ന സംശയം ചോദ്യമായി ഉയരുകയാണ്. പുല്ലും കല്ലും കടലാസും പ്ലാസ്റ്റിക്കുംകൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് ക്രിബ്ബുകളില്‍ ഉണ്ണി പിറക്കുമോ എന്നെനിക്ക് അറിഞ്ഞുകൂടാ. ആയിരമായിരം ഡിസൈനുകളില്‍ നിര്‍മ്മിക്കപ്പെടുന്ന നക്ഷത്രങ്ങള്‍ യഥാര്‍ത്ഥ കാലിത്തൊഴുത്തിലേക്കു വഴിതെളിക്കുമോ എന്ന കാര്യവും ഉത്തരം തേടുന്നു. ഗ്ലോറിയാ പാടിത്തിമിര്‍ത്തുകൊണ്ടിരുന്ന മാലാഖമാരുടെ വൃന്ദത്തെയും എങ്ങും കാണാനില്ല. വാനവഗാനം കേട്ടിട്ടും ഉണരാതെ ഇടയന്മാര്‍ സുഖമായി ശയിക്കുകയാണ്.

കത്തിയുയര്‍ന്ന് പൊട്ടിത്തെറിക്കുന്ന വന്‍ നിലയമിട്ടുകളുടെ ശബ്ദം ശ്രവിച്ച് നവീന ഉണ്ണീശോയുടെ കര്‍ണ്ണപുടം തകരുമോ എന്നതാണ് എന്റെ പേടി. അവന്റെ ജനനത്തിനു സാക്ഷിയായി എന്ന ഒറ്റക്കാരണത്താല്‍ കഴുത്തറക്കപ്പെടുന്ന എണ്ണമറ്റ നാല്ക്കാലികളെ ഓര്‍ത്ത് മറ്റനേകം പേരെയുംപോലെ ഞാനും സങ്കടപ്പെടുന്നു. ആധുനിക രാജാക്കന്മാരും ജ്ഞാനികളും അവന്റെ മുമ്പില്‍ ഒന്നും കാഴ്ചവയ്ക്കാത്തതിലല്ല, അവനുള്ളതുംകൂടി അപഹരിച്ചു കൊണ്ടുപോകുന്നു എന്നതാണ് എന്റെ വേദന. ഓരോ സെക്കന്റിലും നാശത്തിന്റെ കല്‍പനകള്‍ പുറപ്പെടുവിക്കുന്ന ഹേറോദേസുമാര്‍ നമുക്കന്യരല്ലല്ലോ? ഇതിനൊക്കെ ഇടയില്‍ ക്രിസ്തു എങ്ങനെ ശാന്തനായി, നിശ്ശബ്ദനായി ഉറങ്ങും?

ഉത്കണ്ഠയുടെ നിരന്തരനിമിഷങ്ങളും ഡിസംബര്‍ സമ്മാനിക്കുന്നു. അനുവാദത്തിന്റെ വാറോലകള്‍ക്കായി കാത്തുകെട്ടിക്കിടക്കുന്ന അണ്വായുധശേഖരങ്ങള്‍, രക്തം മണക്കുന്ന യുദ്ധക്കളങ്ങള്‍, ഒരിക്കലും തിരിച്ചുവരാത്ത മകനുവേണ്ടി വിരുന്നൊരുക്കി കാത്തിരിക്കുന്ന ഒരമ്മ, വീരചരമം പ്രാപിച്ച പ്രിയതമന്റെ സ്മൃതിചക്രത്തില്‍ സ്വന്തം ജീവിതം ബന്ധിച്ചിട്ടിരിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യ…

ഞങ്ങളുടെ പപ്പായെ സ്വര്‍ഗ്ഗത്തില്‍ കയറ്റണമേ എന്നു പ്രാര്‍ത്ഥിച്ച് അനുദിനവും കുരിശുവരയ്ക്കുന്നതിനു മുമ്പ് തിരുഹൃദയ രൂപത്തിനു മുമ്പില്‍ മെഴുകുതിരികള്‍ കത്തിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍, മകന്റെ പട്ടടയിലെ അവസാന കനലും കരിയായി മാറുമ്പോള്‍ ദുഃഖം കടിച്ചമര്‍ത്തി തളര്‍ന്നിരിക്കുന്ന വൃദ്ധനായ അച്ഛന്‍, എച്ചില്‍തൊട്ടിയില്‍ അന്നം തിരയുന്ന അനാഥ ബാല്യങ്ങള്‍, ഗര്‍ഭപാത്രങ്ങളില്‍നിന്നു മുഴങ്ങുന്ന നിശ്ശബ്ദ നിലവിളികള്‍… ഒക്കെ ഈ മാസത്തിലെയും സമ്മാനങ്ങളാണ്.

ക്രിസ്മസിനോടു ചേര്‍ന്നുപോകുന്ന ഏറെ സങ്കടങ്ങളും ഉണ്ട്. മൂടിമാറ്റുന്ന മദ്യക്കുപ്പികള്‍ക്കുള്ളില്‍മാത്രം ഉണ്ണീശോയെ കണ്ട് ക്രിസ്മസ് ആഘോഷിക്കുന്നവര്‍ ഏറെ സങ്കടം മറ്റുള്ളവര്‍ക്കു സമ്മാനിക്കുന്നവരാണല്ലോ. മകന്റെ മദ്യപാനത്തില്‍ വേദനിച്ചുകഴിയുന്ന മാതാപിതാക്കള്‍, എതിര്‍ക്കാനാവാതെ നൊമ്പരപ്പെടുന്ന ഭാര്യ, ആങ്ങള ഇങ്ങനെയായല്ലോ എന്നോര്‍ത്തു ദുഃഖിക്കുന്ന പെങ്ങള്‍, ‘കുടിയന്റെ മക്കള്‍’ എന്ന പേരുകാരണം കൂട്ടുകാര്‍ക്കിടയില്‍ അപമാനിക്കപ്പെടുന്ന ബാല്യങ്ങള്‍… പട്ടിക നീളുകയാണ്.

ഈ സമാധാനവേളയിലും അധികാരം വ്യക്തിവിരോധം തീര്‍ക്കാനുള്ള ഉപകരണമാക്കുന്നു ചിലര്‍. പിന്‍വാതിലിലൂടെ ആലയില്‍കയറി ആടുകളെ കൊന്നുതിന്നുന്ന ചില ആധുനിക ഇടയന്മാരെ നീ തന്നെ അടിച്ച് ഓടിക്കണമേ. ജപധ്യാനങ്ങള്‍ വ്യക്തിജീവിതത്തില്‍ മാറ്റംവരുത്താതെ വെറും പ്രഹസനങ്ങളായിത്തീരുന്നു.

പ്രാര്‍ത്ഥനയും ജീവിതവും വിരുദ്ധധ്രുവങ്ങളിലൂടെ ഒരിക്കലും കാണാനാവാതെ യാത്ര തുടരുന്നു. ജോലി ചെയ്യാതെ കൂലി വാങ്ങുന്നവരും പഠിക്കാതെ മാര്‍ക്കുവാങ്ങുന്നവരും പെരുകി ലോകത്തെ കീഴടക്കാറായിരിക്കുന്നു. ഇതിനിടയില്‍ നിനക്ക് ജനിക്കാന്‍ എവിടെ സ്ഥലം?

ചിലപ്പോള്‍ തോന്നും, നീ എല്ലായിടത്തും പിറന്നു വീഴുന്നുവെന്ന്. പിന്നെ വിചാരിക്കും നീ ഒരിടത്തും പിറന്നു വീഴുന്നില്ല എന്ന്. പക്ഷേ, സത്യം മറ്റൊന്നാണല്ലോ. നീ എല്ലായിടത്തും ജനിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ നിന്നെ ഒരിടത്തും ജനിക്കാന്‍ അനുവദിക്കുന്നില്ല. അഥവാ ജനിച്ചാല്‍, ഉടനെ നിന്റെ ആയുസ്സിന് അന്ത്യവും കുറിയ്ക്കുന്നു. എങ്ങനെ ഞങ്ങള്‍ ഇത്രയും ക്രൂരരായിപ്പോയി? എന്തുകൊണ്ട് നിന്റെ ജനനം ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല? ഉത്തരം തേടുകയാണ് ഞങ്ങള്‍ ഓരോ നിമിഷവും. ക്രിസ്മസ് ദിനത്തില്‍ പുല്‍ക്കൂടിനുമുമ്പില്‍നിന്ന് നിന്നെ ചുംബിക്കാന്‍ കുനിയുമ്പോഴെങ്കിലും ഉത്തരം തരണേ.

മഞ്ഞു പെയ്യുന്നില്ല. നക്ഷത്രം വഴികാട്ടുന്നില്ല. ഇടയന്മാര്‍ ഉണര്‍ന്നിട്ടില്ല. മാലാഖമാര്‍ നിശ്ശബ്ദരാണ്. ആഘോഷിക്കാനും ആനന്ദിക്കാനും ഏറെയില്ല ഇവിടെ. പകരം, കത്തിക്കരിഞ്ഞ സ്വപ്നക്കൂമ്പാരങ്ങളാണല്ലോ ചുറ്റും. ദൈവമേ, പൊള്ളിപ്പുളയുന്ന ജീവിതങ്ങള്‍ നിഴല്‍ വീഴ്ത്തുന്ന വഴികളിലൂടെയാണ് ഞങ്ങള്‍ പുല്‍ക്കൂട്ടിലേക്കു വരുന്നത്. അവിടെ ഒരു കുഞ്ഞുതിരി കത്തുന്നുണ്ട് എന്നു ഞങ്ങള്‍ക്കറിയാം. ആ കൊച്ചു വെട്ടത്തില്‍ നിന്ന്, ക്രിസ്മസ് അനുഭവിക്കാന്‍ എല്ലാം പുനരാരംഭിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ, ഞങ്ങളുടെ ഓര്‍മ്മകളിലെങ്കിലും മഞ്ഞുപെയ്യട്ടെ.

ഡോ. ഫാ. ജി. കടൂപ്പാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.