നമ്മുടെ അടുത്തേയ്ക്ക് വരുന്ന ഒരു രക്ഷകനാണ് നമുക്കുളളത്: മാര്‍ ജേക്കബ്‌ തൂങ്കുഴി പിതാവിന്റെ ക്രിസ്തുമസ് സന്ദേശം

വയസ്സ് 90 ആയി. ഇങ്ങനെയൊരു ക്രിസ്തുമസും ന്യൂ ഇയറും ഞാന്‍ കണ്ടിട്ടില്ല. അടുത്തുവരാന്‍ പറയുന്നതിനു പകരം അകലം പാലിക്കുവാന്‍ പറയുന്ന ഒരു ക്രിസ്തുമസ്. നമ്മള്‍ പരസ്പരം അടുത്താലും അകന്നാലും നമ്മുടെ അടുത്തേയ്ക്ക് വരുന്ന ഒരു രക്ഷകനാണ് നമുക്കുളളത്. കോവിഡിന് അതീതനായവന്‍. ആരോഗ്യം ഇല്ലാത്തവരെയും രോഗികളെയും തേടിവരുന്നവനായതുകൊണ്ട് നമ്മുടെ ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളിലേയ്ക്കാണ് അവന്‍ കടന്നുവരിക. തുപ്പല്‍ പുരട്ടി കാഴ്ച്ച നല്‍കിയ യേശുവിന് നമ്മുടെ മരുന്നുകള്‍ക്കും ശക്തിയേകാനാകും, തീര്‍ച്ച. കോവിഡ് ബാധിച്ചവര്‍ക്കും ബാധിക്കാതെ പിടിച്ചുനില്‍ക്കുന്നവര്‍ക്കും രോഗബാധിതരായി വിവിധ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ക്രിസ്തുമസ് ആശംസിക്കുന്നു.

ലക്ഷങ്ങള്‍ കോവിഡില്‍ പൊലിഞ്ഞു. അവശേഷിക്കുന്ന നമ്മളെ നല്ല ദൈവം കൈപിടിച്ച് 2021-ലേയ്ക്ക് പ്രവേശിപ്പിക്കുന്നു. പുതിയ വര്‍ഷം ചിലരുടെ ഒന്നാം മണിക്കൂറും ചിലരുടെ മൂന്നും ആറും പതിനൊന്നുമൊക്കെയാണ്. നമുക്കുളള സമയം എത്രാം മണിക്കൂറാണെന്ന് അറിയാവുന്നതും തീരുമാനിച്ചിരിക്കുന്നതും ദൈവമാണ്. ജോലിക്കായി അവശേഷിച്ചിരിക്കുന്നത് എത്ര മണിക്കൂറുമാകട്ടെ, നമുക്ക് നന്നായി പ്രവര്‍ത്തിക്കാം.

ഒരു മണിക്കൂറിന് പന്ത്രണ്ട് മണിക്കൂറിന്റെ വേതനം കൊടുക്കുവാന്‍തക്ക മഹാമനസ്‌കതയുളള ദൈവത്തില്‍ നിന്ന് പുതിയ സമയം, പുതിയ വര്‍ഷം നമുക്ക് ഏറ്റുവാങ്ങാം. ട്വൊന്റി ട്വൊന്റി പോലെ കേള്‍ക്കാന്‍ ഇമ്പമുളളതല്ല 2021. പക്ഷേ, അതിനേക്കാള്‍ ശുഭമാകുമെന്നാണ് പ്രതീക്ഷ. പുതിയ വര്‍ഷത്തെ യാത്രയില്‍ നമ്മുടെ ശക്തി, കൂടെ നടക്കാന്‍ നമുക്കൊരാളുണ്ട് എന്നതാണ്. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുളള നാമവുമായി ക്രിസ്മസിനു കടന്നുവരുന്ന ഇമ്മാനുവേല്‍.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു. ഉണ്ണിയേശുവിന്റെയും പരിശുദ്ധ അമ്മയുടെയും യൗസേപ്പിതാവിന്റെയും അനുഗ്രഹങ്ങളാല്‍ നിങ്ങള്‍ ധന്യരാകട്ടെ.

മാര്‍ ജേക്കബ്‌ തൂങ്കുഴി
തൃശൂര്‍ അതിരൂപത മുന്‍മെത്രാപ്പോലീത്ത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.