ക്രിസ്തുമസ് ഓർമകളിൽ നിന്ന് മായാത്ത രണ്ടു മുഖങ്ങൾ

ഷാലിമ ജോസ്

ഡിസംബറിലെ മഞ്ഞുവീണ രാവുകൾക്കായി ഒരു വർഷം നീണ്ട കാത്തിരിപ്പുകളാണ്. സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും സമ്മാനങ്ങളുടെയും ക്രിസ്തുമസ്കാലം. രക്ഷകന്റെ വരവിനായി പുൽക്കൂടുകളും അതിലുപരി ഹൃദയങ്ങളും ഒരുക്കി കാത്തിരിക്കുന്ന ദിനങ്ങൾ.

ക്രിസ്തുമസ് രാത്രികളിൽ ഉണ്ണീശോയുടെ ജനന സന്ദേശം അറിയിച്ചുകൊണ്ട് വീടുകളിൽ പോകുന്ന ക്രിസ്തുമസ് കരോളിനാണു കുട്ടിക്കാലം മുതൽ ഏറ്റവും കാത്തിരുന്നിട്ടുളളത്. കുട്ടിയായിരുന്നപ്പോൾ ഉണ്ണിയെ കൈകളിൽ പിടിക്കുവാനും പിന്നീട് വീടുകളിൽ പ്രാർത്ഥനകൾ ചൊല്ലുവാനും മുതിർന്നപ്പോൾ കിട്ടിയ പൈസയുടെ കണക്കെഴുതുവാനും കരോളിലെ എന്റെ വേഷങ്ങൾ മാറി വന്നു. ഓരോ ക്രിസ്തുമസിന്റെയും ഏറ്റവും നല്ല ഓർമ്മകളായി ആ മണിക്കൂറുകൾ ഹൃദയത്തിൽ പതിയാറുണ്ട്.

ആ ഓർമകളിൽ എപ്പോഴും തിളങ്ങി നിൽക്കുന്നത് രണ്ട് പ്രായമായ മുഖങ്ങളാണ്. ലൈറ്റുകളിൽ കുളിച്ച് നിൽക്കുന്ന വീടുകളിൽ നിന്നും പണത്തിൽ മുങ്ങി മറയുന്ന ആഘോഷങ്ങൾക്കും വിഭിന്നമായി വൈദ്യുതി കടന്നുചെല്ലാത്ത പഴയ വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ രക്ഷകനെ വരവേൽക്കുന്ന രണ്ട് അമ്മമാർ. രാത്രിയിൽ വൈകിയെത്തുന്ന കരോളിനെ നിറകണ്ണുകളോടെ ഹൃദയത്തിൽ സ്വീകരിച്ചവർ. രൂപം വെക്കുവാനായി ഉമ്മറത്തുളള ഡെസ്കിൽ അവർ വിരിക്കുന്ന വെള്ളതുണിക്ക് അപ്പോൾ എന്തിനെക്കാളും വെന്മ അനുഭവപ്പെടാറുണ്ട്.സ്വന്തം മതവും വിശ്വാസവും അല്ലാതിരുന്നിട്ടു പോലും അവരുടെ വിശ്വാസവും പ്രകടിപ്പിക്കുന്ന ആദരവും എന്നും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. ആ വിശ്വാസം തന്നെയാണ് ഇന്ന് നമുക്കിടയിൽ നിന്ന് ഇല്ലാതാകുന്നതും.

ഏറ്റവും ഒടുവിലായി ‘ഇതേ ഇല്ലൂപ്പാ’ എന്ന് പറഞ്ഞുകൊണ്ട് അവർ വെക്കുന്ന പഴയ നോട്ടുകളും ചില്ലറത്തുട്ടുകളും. അവർ നൽകുന്ന ആ സംഭാവനയ്ക്കു ഞാൻ ഇത്രയും കൊടുത്തു എന്ന് പറയുന്നവന്റെ അഹങ്കാരമോ ഇതിന്റെ ആവശ്യമെ ഉള്ളു എന്നുള്ള അപഹാസ്യമോ കാണാറില്ല. ആ രൂപ എടുത്തു പേരു ചേർക്കുമ്പോൾ ഹൃദയത്തിൽ ഒരു പൊള്ളൽ ഇന്നും അനുഭവപ്പെടാറുണ്ട്.

ഷാലിമ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.