ക്രിസ്മസ് ധ്യാനം: 6. സഖറിയാ

”സഖറിയാ, ഭയപ്പെടേണ്ട, നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്ന് പേരിടണം.” (ലൂക്കാ 1:13)

മനുഷ്യരുടെ രീതിയില്‍ കാലതാമസമെന്നു കരുതുന്നതാണ് ദൈവത്തിന്റെ പദ്ധതിയില്‍ ശുഭമുഹൂര്‍ത്തമായിത്തീരുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്നു സഖറിയായുടെ ജീവിതം.

താമസിച്ചുപോയി, എല്ലാം കഴിഞ്ഞു, ഇനി രക്ഷയില്ല എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ നീ നിരാശപ്പെടരുത്. നീ കാലതാമസമെന്നു കരുതുന്നതായിരിക്കും ദൈവിക പ്രവര്‍ത്തനത്തിന്റെ തിരുമുഹൂര്‍ത്തം. നിന്റെ കഴിവ് അവസാനിക്കുന്നിടത്താകും ദൈവം തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിനാല്‍ കാലതാമസമായി എന്നു തോന്നുമ്പോഴൊക്കെ നീ തമ്പുരാനിലേക്കു തിരിയണം; അവന്റെ പ്രവര്‍ത്തനത്തിനും ഇടപെടലിനുമായി.

ദൈവിക ഇടപെടലില്‍ സംശയിക്കുന്ന സഖറിയായ്ക്കു ശിക്ഷ കിട്ടുന്നു: ”ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല” (ലൂക്കാ 1:20). നീതിമാനും ദൈവകല്‍പനകള്‍ പാലിച്ചവനുമായ സഖറിയായെ (ലൂക്കാ 1:6) ദൈവം എന്തിനാണ് കഠിനമായി ശിക്ഷിച്ചത്? ഗബ്രിയേലിന്റെ സന്ദേശം വിശ്വസിക്കാത്തതു കൊണ്ടാണെന്നു പറയാം. പക്ഷേ അതിലും വലുതാണ് സഖറിയായുടെ കുറ്റം. അയാള്‍ ചോദിക്കുന്നത് ശ്രദ്ധിക്കണം: ”ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാ ണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്” (ലൂക്കാ 1:18). ഇതാണ് അയാളുടെ പ്രശ്‌നം. അതായത്, എനിക്കും എന്റെ ഭാര്യയ്ക്കും ഞങ്ങളുടെ ചെറുപ്പത്തില്‍ പറ്റാതിരുന്നത് ചെയ്യാന്‍, ദൈവത്തിനെങ്ങനെ സാധിക്കും? – അതും ഞങ്ങളുടെ വാര്‍ദ്ധക്യത്തില്‍? എനിക്കു സാധിക്കാത്തത് ദൈവത്തിനെങ്ങനെ സാധിക്കും? ഇതാണ് യഥാര്‍ത്ഥ അവിശ്വാസം. ഇത് ആത്മീയവന്ധ്യത്വമാണ്. എനിക്കു ചെയ്യാന്‍ സാധിക്കാത്തത് ദൈവത്തിന് സാധിക്കുമെന്ന വിശ്വാസമാണ് ആത്മീയ സര്‍ഗ്ഗശക്തി. ഈ വിശ്വാസമുള്ളവനിലും അവനിലൂടെയും എന്നും അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കും. ഈ വിശ്വാസമില്ലാത്തവനില്‍ സാധാരണ സംഭവങ്ങള്‍ പോലും മരവിച്ചുനില്‍ക്കും.

അനന്തരാവകാശിയായി സ്വന്തം കര്‍മ്മങ്ങള്‍ തുടരാന്‍ ഒരാളുമില്ലാതെ പോയ നൈരാശ്യത്തിന്റെ അമര്‍ത്തിപ്പിടിച്ച തേങ്ങലുമായിട്ടായിരുന്നു അന്ന് ധൂപപീഠത്തിന്റെ മുമ്പില്‍, കര്‍ത്താവിന്റെ ആലയത്തില്‍ സഖറിയാ ധൂപമര്‍പ്പിച്ചതും അയാള്‍ക്കു മുമ്പില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നതും. കേള്‍ക്കാന്‍ കാലങ്ങളായി കൊതിച്ചൊരു വര്‍ത്തമാനമാണ് സ്വര്‍ഗ്ഗം പുരോഹിതനായി കൊടുത്തുവിട്ടതെങ്കിലും ആ സ്വര്‍ഗ്ഗീയ സന്ദേശത്തിനു മുന്‍പില്‍ പുരോഹിതന്‍ അസ്വസ്ഥനായി എന്നു നാം വായിക്കുന്നു. ”ഇതെങ്ങനെ സംഭവിക്കും”? ആകാശത്തിന്റെ അതിരുകള്‍ കീറിവന്ന ദൈവസ്വരത്തെ അവിശ്വസിച്ചതുകൊണ്ട് അയാള്‍  മൂകനായിത്തീരുന്നു.

അബിയായുടെ ഗണത്തില്‍പെട്ട ഒരു പുരോഹിതനാണ് സഖറിയാ. യഹോവ ഇസ്രായേലിന്റെ ചരിത്രത്തില്‍ ഇടപെട്ടു നിര്‍വ്വഹിച്ച വന്‍കാര്യങ്ങള്‍ മറ്റാരെയുംകാള്‍ അധികമായി അറിയാവുന്നവരും അറിഞ്ഞിരിക്കേണ്ടവരുമാണ് പുരോഹിതര്‍. വൃദ്ധരായ പൂര്‍വ്വപിതാക്കള്‍ക്ക് സന്താനങ്ങളെ നല്‍കിയതും വന്ധ്യകളുടെ അടഞ്ഞ ഗര്‍ഭപാത്രങ്ങളില്‍ യഹോവ ജീവന്റെ സ്പന്ദന ങ്ങള്‍ ഉണര്‍ത്തിയതും അറിയാവുന്നവര്‍. വാര്‍ദ്ധക്യത്തില്‍ നിനക്ക് വന്ധ്യയായ നിന്റെ ഭാര്യയില്‍ മകനുണ്ടാവും എന്നു പറയുന്ന ദൈവദൂതന്റെ വാക്കുകളെ അതുകൊണ്ടുതന്നെ അയാള്‍ സംശയിച്ചുകൂടാ. വചനം പറയുന്നു ”ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് കഠിനശിക്ഷയുണ്ടാകും: എളിയവന് കൃപയാല്‍ മാപ്പു ലഭിക്കും” (ജ്ഞാനം 6:5).

നീ നില്‍ക്കുന്നതെവിടെയാണ് എന്നത് പ്രസക്തമായ മറ്റൊരു ചോദ്യമാണ്; നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം. പുരോ ഹിതന്‍ നില്‍ക്കുന്നത് ദേവാലയത്തിലെ ധൂപപീഠത്തിന്റെ മുന്‍പിലാണ്. യഹൂദനെ സംബന്ധിച്ചിടത്തോളം ദൈവസാന്നി ദ്ധ്യത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഇടമാണ് ജറുസലേമും ജറു സലേം ദേവാലയവും. ദേവാലയത്തിന്റെ വിശുദ്ധസ്ഥലത്ത് കര്‍ ത്താവിന്റെ സാന്നിദ്ധ്യത്തിനു മുന്‍പില്‍ ധൂപാര്‍പ്പണം  നടത്തു ന്ന പുരോഹിതനാണ് ദൈവവചനത്തെ ഇവിടെ അവിശ്വസിക്കു ന്നത്.

സ്വന്തം സ്വത്വവും തന്റെ ആവാസ വ്യവസ്ഥയും വിസ്മരിക്കുമ്പോഴാണ് ദൈവശാപത്തിന്റെ മൂകത നമ്മുടെ ജീ വിതങ്ങളിലുണ്ടാവുന്നത്. ഈ മൂകതയുടെ വിളയാട്ടം ഇന്ന് ഏറ്റവുമധികം തീവ്രവും രൂക്ഷവുമാകുന്നത് നമ്മുടെ കുടുംബാന്തരീക്ഷങ്ങളിലാണ്. മക്കള്‍ അന്യരെക്കാളും നീചരായി പ്രതികരിക്കുമ്പോള്‍, വീടെന്ന വിശുദ്ധാലയത്തിനു ചേരാത്ത വിഭവങ്ങള്‍ വീടിനുള്ളില്‍ നിരക്കുമ്പോള്‍, നാം സഞ്ചരിക്കുന്നത് മൂകതയുടെ അരണ്ട വഴികളിലൂടെയാവും; ശാപത്തിന്റെയും നോവിന്റെയും കണ്ണീര്‍വഴികള്‍.

താന്‍ അവിശ്വസിക്കുന്നതെന്തിനെയാണോ, അത് തന്റെ കണ്‍മുമ്പില്‍ ജീവന്റെ നാമ്പിടുന്നതും വളരുന്നതും കണ്ടുകൊണ്ട് മൂകനായി കഴിയാനാണ് ദൈവം പിന്നെ സഖറിയായെ നിയോഗിക്കുന്നത്. തിരിച്ചറിവുകളുണ്ടാവുന്നത് വേദനക്കു ശേഷം സംഭവിക്കുന്ന ഇത്തരം മൗന ജപധ്യാനങ്ങളുടെ ഇടവേളകളിലാണ്. ഓരോ ദുരന്തവും ഒരനുഗ്രഹവും ഒരു പാഠവുമാണ്. ശിഷ്ടായുസിലേക്ക് നടന്നുപോവുമ്പോള്‍ ബലത്തോടെ ഊന്നി നടക്കാന്‍ നമ്മുടെ കൈയിലെ ഊന്നുവടിയെ ദൈവം പാകപ്പെടുത്തുകയാണ്. തൊട്ടടുത്ത മുള്ളില്‍ ചവിട്ടി നില്‍ക്കുന്നതിനും തൊട്ടടുത്ത കല്ലില്‍ തട്ടിവീഴുന്നതിനും മുന്‍പ് ദൈവത്തിന്റെ പ്രതിരോധം.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

പ്രാര്‍ത്ഥന:
ദൈവമേ, എന്റെ പരിധികളിലേയ്ക്കും പരാതികളിലേയ്ക്കും അത്ഭുതകരമായ ഇടപെടലുകളിലൂടെ അങ്ങ് കടന്നുവരുമ്പോള്‍ അവയിലെല്ലാം അങ്ങയുടെ കരം ദര്‍ശിക്കാനും, അങ്ങയില്‍ അടിയുറച്ചു വിശ്വസിക്കാനും എന്നെ സഹായിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.