ക്രിസ്മസ് ധ്യാനം 10: ജോസഫ്

”ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.” (മത്താ: 1: 20)

മറിയവുമായി സഹവസിക്കുന്നതിനുമുന്‍പ് അവള്‍ ഗര്‍ഭിണിയായി കാണപ്പെട്ടത് ജോസഫിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അന്തഃക്ഷോഭത്തിന്റെ ഒരു കൊടുങ്കാറ്റ് മസ്തിഷ്‌കത്തില്‍ ആര്‍ത്തിരമ്പുമ്പോഴും ജോസഫ്, മേരിയുടെ നിരപരാധിത്വത്തെ ക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു പരപുരുഷന്റെ സാന്നിദ്ധ്യമാണ് മേരിയുടെ ഗര്‍ഭത്തിന് കാരണമെന്ന് ഏതൊരു സാധാരണ ബുദ്ധിക്കും ഊഹിക്കാവുന്നതേയുളളു. അത്തരം സാമാന്യബുദ്ധിയില്ലാത്ത ആളല്ല ജോസഫ്. പക്ഷെ, എല്ലാ കാര്യങ്ങള്‍ക്കു പിറകിലും ഒരേ യുക്തി തന്നെയാകണമെന്നില്ല എന്നു കരുതുവാനുളള വിവേകം ജോസഫിനുണ്ടായി. ഇങ്ങനെ ഒരു വിവേകമുണ്ടായാല്‍ നമ്മുടെയൊക്കെ ജീവിതത്തിലെ എത്രയോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.

മുത്തശ്ശിക്കഥയിലെ വേട്ടക്കാരന്റെ കഥയിലെന്നതുപോലെ എല്ലാ ചലനങ്ങള്‍ക്കും പിറകില്‍ ഒരേ കാരണമാകണമെന്നില്ല. ദുഷ്ടനായ ആ വേട്ടക്കാരന്‍ കാട്ടുപന്നിക്ക് ഇഷ്ടമുളള ഇരയെ ഒളിപ്പിച്ചുവച്ച് ദൂരെ മാറി നില്‍ക്കും. കാട്ടുപന്നി ഇര തിന്നു തുട ങ്ങുമ്പോള്‍ കുറ്റിച്ചെടികള്‍ മൃദുവായി ചലിച്ചുതുടങ്ങും. ചെടികളുടെ ചലനം നോക്കി അയാള്‍ അസ്ത്രം തൊടുക്കും. അയാള്‍ ക്കൊരിക്കലും ലക്ഷ്യം പിഴക്കാറില്ല. എന്നോ ഒരിക്കല്‍ അയാള്‍ ചെടികളുടെ ചലനം നോക്കി അമ്പെയ്തു. ചെടികള്‍ ചലിപ്പിച്ചു കൊണ്ടിരുന്ന അയാളുടെ പുത്രന്റെ നെഞ്ചിലാണ് ആ അസ്ത്രം തറച്ചത്. എല്ലാ ചലനങ്ങള്‍ക്കും പിറകില്‍ കാട്ടുപന്നിയായിരി ക്കില്ല എന്നയാള്‍ അറിഞ്ഞു. മൂത്തകുട്ടി ജനിച്ചതിനുശേഷം വീ ട്ടില്‍ എന്നും  അനര്‍ത്ഥങ്ങളാണ്. പക്ഷെ, അനര്‍ത്ഥങ്ങള്‍ക്കൊക്കെ കാരണം ഒന്നു തന്നെയായിരിക്കണമെന്നില്ല. പുതിയ വീട്ടില്‍ താമസം തുടങ്ങിയതുമുതല്‍ തകര്‍ച്ചയാണ്. തകര്‍ച്ചയുടെ കാരണം പുതിയ വീടാകണമെന്നില്ല. ദൂരെയാത്രയ്ക്കു പോയ ഏറെ പ്രിയപ്പെട്ടൊരാളുടെ എഴുത്തും വിളിയുമൊക്കെ താമസിക്കുന്നത് അയാള്‍ മറന്നുപോയതുകൊണ്ടാണെന്ന് നമ്മള്‍ കരുതുന്നു. നിര്‍ബന്ധമായും അങ്ങനെയാകണമെന്നില്ല. എല്ലാ കാര്യങ്ങള്‍ക്കും പിറകില്‍ ഒരു യുക്തിയാണെന്നു കരുതാന്‍ വയ്യ.

ജോസഫ് ഇതേപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു. ”ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട.” ജോസഫ് ആലോചന നടത്തിയത് ദൈവത്തോടാണ്. മറ്റാരോടെങ്കിലുമാണ് അവന്‍ ആലോചന നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെ ഒരു ഉത്തരം ജോസഫിന് ലഭിക്കുമായിരുന്നില്ല. ഗര്‍ഭിണിയായ ഒരുവളെ കൂടെ പൊറുപ്പിക്കുകയെന്നത് വിഡ്ഢിത്തം തന്നെ. എന്നാല്‍ ദൈവത്തിന്റെ തീരുമാനമാണെങ്കില്‍ ഒരു ഭോഷത്തവും അത്ഭുതമായി രൂപാന്തരപ്പെടാതിരിക്കില്ല.

ദൈവനാമത്തില്‍ നാമാരംഭിച്ച പവിത്രമായ ബന്ധങ്ങളൊക്കെ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകുന്നതെന്തുകൊണ്ടാണ്? ആലോചന മനുഷ്യനോടു മാത്രമാകുന്നതുകൊണ്ടാണത്. ഭര്‍ത്താവിന്റെ പോരായ്മയെക്കുറിച്ച് പരാതിപ്പെടുന്ന മകളോട് മാതാപിതാക്കള്‍ പറയുന്നത്, എല്ലാം അവസാനിപ്പിച്ച് തിരിച്ചുവരിക; നിനക്ക് നല്ല ഒരാളെ കണ്ടെത്തി തരാമെന്നാണ്. ഭാര്യയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ സുഹൃ ത്തുക്കള്‍ ഉപദേശിക്കുക, നീ അവളെ ഉപേക്ഷിച്ചു കളഞ്ഞേക്കുക; നല്ലൊരു കുട്ടിയെ ഇനിയും നിനക്കു കിട്ടുമെന്നാണ്. അവനെയോ, അവളെയോ സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ട എന്നു പറഞ്ഞു തരാന്‍ ആര്‍ക്കുമാവില്ല. അതു ദൈവത്തിനു മാത്രമേ ആവു. ആകയാല്‍, ആലോചനയ്ക്കു ആദ്യം ചെല്ലേണ്ടത് ദൈവത്തിന്റെയടുത്തേക്കു തന്നെ.

ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണെന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യങ്ങളാണ് ദൈവം നടത്തുക. ഒരു കന്യക ഗര്‍ഭം ധരിച്ചിരി ക്കുന്നു. പുരുഷസാമീപ്യമില്ലാതെ ഗര്‍ഭിണിയായ ഒരു സ്ത്രീയെക്കുറിച്ച് ചരിത്രത്തില്‍ മറ്റൊരിടത്തും പരാമര്‍ശങ്ങളില്ല. വൈദ്യശാസ്ത്രം പോലും അങ്ങനെയൊന്നു ചിന്തിച്ചു തുടങ്ങിയിട്ടില്ല. അസംഭവ്യമായ ഒന്ന് ദൈവത്തിനു മുമ്പില്‍ ഇല്ല എന്നുതന്നെ ഇതിനര്‍ത്ഥം.

അസാധ്യമെന്നു തോന്നുന്ന പലതും നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടിതീര്‍ക്കാനുളള ലക്ഷങ്ങളുടെ കടം ഈ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ വീട്ടി തീര്‍ക്കുകയെന്നത് അസംഭവ്യമാണ്. ഏറ്റവും പ്രശസ്തനായ ഡോക്ടര്‍ പോലും കൈയൊഴിഞ്ഞ ഒരാള്‍ക്ക് ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരവ് സാധ്യമല്ല. അടുക്കാനാവാത്ത വിധം ഇരുധ്രുവങ്ങളിലേക്ക് അകന്നുപോയ ബന്ധങ്ങള്‍ ഇനിയൊരിക്കലും കൂട്ടിച്ചേര്‍ക്കാനാവില്ല. സാധ്യമല്ലാത്ത പല കാര്യങ്ങളും നമ്മെ നിരാശപ്പെടുത്തുന്നു. പക്ഷെ, ദൈവത്തിനുമുമ്പില്‍ അസാധ്യമായി എന്താണുളളത്? ഈ ഒരു ഉറപ്പ് നമ്മെ ശക്തരാക്കേണ്ടതാണ്.

ഒരു കന്യകയ്ക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്ന് ജോസഫിനറിയാം. പരിശുദ്ധാത്മാവിനാലാണ് അവള്‍ ഗര്‍ഭം ധരിച്ചതെന്ന് അറിഞ്ഞപ്പോള്‍ അത് സംശയവും സങ്കീര്‍ണ്ണതയും വര്‍ദ്ധിപ്പിച്ചതേയുളളു. മനസ്സിലാക്കാനാവാത്ത കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങുന്നു എന്നു മാത്രമേ ജോസഫിനു തോന്നിയുളളു. ശരിയാക്കിയെടുക്കാനാവാത്ത വിധം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ജീവിതത്തെ ജോസഫ് ഒടുവില്‍ ദൈവത്തിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കുക മാത്രം ചെയ്യുന്നു.

ഫ്രൈഡ് എന്നൊരാള്‍ വഴിയിലൂടെ പോവുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ ഒരു കസേര ഉപേക്ഷിച്ചു കളയുവാന്‍ പോകുന്നത് കണ്ടത്. വളരെ പുരാതനമായ കൊത്തുപണികള്‍ ഒക്കെയുളള ഒരു കസേരയാണത്. ഒന്നു ശ്രമിച്ചാല്‍ നന്നാക്കിയെടുക്കാവുന്നതേയുളളു. ഫ്രൈഡ് അടുത്തു ചെന്ന് അയാളോട് ചോദിച്ചു: ”താങ്കള്‍ ആ കസേര ഉപേക്ഷിച്ചു കളയുകയാണെങ്കില്‍ എനിക്കു തന്നുകൂടെ, ഞാനതു ശരിയാക്കിയെടുത്തുകൊളളാം.” പക്ഷെ, അപരിചിതനായ  ആ മനുഷ്യനാകട്ടെ ഫ്രൈഡിനോട് വല്ലാതെ ക്ഷോഭിക്കുകയും കസേര തല്ലിയൊടിക്കുകയും ചെയ്തു. ഫ്രൈഡിന് വല്ലാത്ത വിഷമം തോന്നി. അയാള്‍ ചിന്തിച്ചു. ‘താങ്കള്‍ കസേര ഉപേക്ഷിച്ചു കളയുകയാണെങ്കില്‍ അതെനിക്കു തന്നേക്കു ഞാനത് ശരിയാക്കിയെടുത്തുകൊളളാം’ എന്നു മാത്രമല്ലേ ഞാന്‍ പറഞ്ഞുളളു. അതിന് ഈ മനുഷ്യന്‍ ഇത്രയധികം ക്ഷോഭിക്കുന്നതെന്തിനാണ്?

ആ സംഭവം അങ്ങനെ കടന്നുപോയി. പിന്നീട് കുറെനാള്‍ കഴിഞ്ഞ് ഫ്രൈഡ് ജീവിതത്തില്‍ നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ കൊണ്ട് മടുത്ത് ആത്മഹത്യ ചെയ്യുവാന്‍ ശ്രമിക്കുകയായിരുന്നു. കയര്‍ കഴുത്തിലേക്കിട്ട് ചാടുവാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് ഒരു വാചകം അയാളുടെ മനസിലൂടെ കടന്നുപോയി: ‘നീ ഇത് ഉപേക്ഷിച്ചു കളയുകയാണെങ്കില്‍ എനിക്കു തന്നുകൊളളുക, ഞാനത് ശരിയാക്കിയെടുത്തുകൊളളാം’. പെട്ടെന്ന് ഫ്രൈഡ് ചിന്തിച്ചു: ഈ വാചകങ്ങള്‍ കുറച്ചു നാള്‍ മുമ്പ് താന്‍ കസേരയുമായി പോയ ആ മനുഷ്യനോട് പറഞ്ഞതല്ലേ. ഇപ്പോള്‍ എന്തുകൊണ്ടാണ് ഈ വാചകം എന്റെ മനസിലേക്ക് വന്നത്?

അപ്പോള്‍ ഫ്രൈഡിന് ഇങ്ങനെ തോന്നി. അന്ന് ആ മനുഷ്യന്‍ എന്നോട് ക്ഷോഭിച്ച് കസേര തല്ലിത്തകര്‍ത്തപ്പോള്‍ എനിക്കെത്രമാത്രം വിഷമം തോന്നി. ഇപ്പോള്‍ ദൈവമാണ് എന്നോട് ഇങ്ങനെ പറയുന്നത്. ഞാന്‍ ഈ ജീവിതത്തെ നശിപ്പിച്ചാല്‍ ദൈവത്തിന് എത്രമാത്രം വിഷമമുണ്ടാകും. അതോടുകൂടി ഫ്രൈഡ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. ജോസഫിന്റെ ജീവിതം ശരിയാക്കിയെടുക്കാനാവാത്തവിധം താറുമാറായിരുന്നു. പക്ഷെ, ദൈവത്തിന്റെ കരങ്ങളില്‍ ആ ജീവിതത്തെ ഏല്‍പ്പിച്ചു കൊടുക്കാനുളള വിവേകം അദ്ദേഹം കാണിച്ചു.

നിദ്രയില്‍ നിന്നുണര്‍ന്ന ജോസഫ് ദൈവം പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. ഇവിടെ ജോസഫിന്റെ നിദ്ര, ഉറക്കമായി കരുതാന്‍ വയ്യ. ഇത്തരമൊരവസ്ഥയില്‍ ജോസഫിന് ഉറങ്ങുവാനും കഴിയുമായിരുന്നില്ല. ഈ നിദ്ര ദൈവവുമായിട്ടുളള ജോസഫിന്റെ ധ്യാനപൂര്‍വ്വമായ സംവാദമായിരുന്നു എന്നു വേണം കരുതാന്‍. ആ സംവാദത്തിനിടയിലാണ് ദൈവപദ്ധതിയെക്കുറിച്ച് ജോസഫ് തിരിച്ചറിഞ്ഞത്. ജോസഫിന്റെ നിദ്ര ഓരോ മനുഷ്യനും കടന്നു പോകേണ്ട ആത്മസംഘര്‍ഷങ്ങളുടെ ധ്യാനപൂര്‍വ്വമായ വേളകളാണ്. ഓരോ മനുഷ്യനും ചെയ്യേണ്ടതെന്തെന്ന് ഓരോരുത്തരെയും ദൈവം തോന്നിപ്പിക്കുന്നുണ്ട്. ദൈവവെളിപാടിന്റെ ഒരു അമൂര്‍ത്ത നിമിഷം എല്ലാവരിലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ധ്യാനപൂര്‍വ്വമായ ആ നിമിഷങ്ങളില്‍ നിന്ന് ഒരാള്‍ ഉണരുകയും, ലഭിച്ച പ്രചോദനവും ഉള്‍വിളിയുമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. നമുക്കു ലഭിക്കുന്ന ആത്മദര്‍ശനങ്ങളെ സ്വപ്നങ്ങളായിതന്നെ കാണാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ സുഖനിദ്രയ്ക്ക് ഭംഗം വരാതിരിക്കുവാനുളള ശ്രമത്തിലാണ്.

മനസ്സിലെ വികാരവേലിയേറ്റങ്ങള്‍ക്കനുസരിച്ച്  പ്രവര്‍ത്തിക്കുന്നയാളല്ല ജോസഫ്. അയാള്‍ നീതിമാനായിരുന്നു. നീതിമാന്‍ സമചിത്തത പാലിക്കേണ്ടതുണ്ട്. കാലം പരിഹരിക്കാത്തതായി ഒന്നുമില്ല. ജലാശയത്തില്‍ വീഴുന്ന കല്ലുപോലെയാണത്. ജലതരം ഗങ്ങള്‍ക്ക് കാരണമായ കല്ലു കണ്ടെത്തണമെങ്കില്‍ ഓളങ്ങളടങ്ങി ജലം നിശ്ചലമാകേണ്ടതുണ്ട്. കലക്കം തെളിയുന്നതുവരെ കാത്തിരിക്കാനുളള വിവേകം നീതിമാനുണ്ടാവണം. വിവേകപൂര്‍ണ്ണമായ ഒരു സംയമനം പുലര്‍ത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ, നമ്മള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും നമ്മെ അലോസരപ്പെടുത്തില്ലായിരുന്നു.

വനത്തില്‍ ഒരു താപസനുണ്ടായിരുന്നു. ഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ തന്റെ ഗര്‍ഭത്തിനുത്തരവാദി ആ താപസനാണെന്ന് ആരോപണമുന്നയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് താപസനോട് കാര്യങ്ങള്‍ പറഞ്ഞു. ഒരു പുഞ്ചിരിയോടുകൂടെ ”ഉവ്വോ! അങ്ങിനെയോ?” എന്നുമാത്രം ചോദിച്ച് അദ്ദേഹം അവളെ ആശ്രമത്തില്‍ പാര്‍പ്പിച്ചു. സന്യാസി തപസ്സു മതിയാക്കി അദ്ധ്വാനിക്കുകയും അവളെ സംരക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കുറ്റബോധമുണ്ടായി. തന്റെ ഗര്‍ഭത്തിനുത്തരവാദി താപസനല്ല എന്ന് അവള്‍ നാട്ടുകാരോട് പറഞ്ഞു. ദുഃഖിതരായ നട്ടുകാര്‍ ഗുരുവിന്റെയടുത്തെത്തി. അപരാധത്തിനു മാപ്പു ചോദിച്ചു. അപ്പോഴും ഗുരു ഒരു പുഞ്ചിരിയോടെ, ”ഉവ്വോ! അങ്ങിനെയോ?” എന്നു മാത്രം ചോദിച്ച് പഴയപോലെ ധ്യാനമാരഭിച്ചു. സംഭ്രമിപ്പിക്കുന്ന ജീവിത പ്രതിസന്ധികളില്‍ എല്ലാം ഒന്നു ശാന്തമാകുന്നതുവരെ സംയമനം പാലിക്കുവാനുളള വിവേകം ഒരു ക്രിസത്യാനി എന്നും പുലര്‍ത്തേണ്ടതുണ്ട്.

ഫാ. പീറ്റര്‍ തോമസ് കപ്പൂച്ചിന്‍

പ്രാര്‍ത്ഥന:
ദൈവമേ, യൗസേപ്പിതാവിനെപ്പോലെ ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസരങ്ങള്‍ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ അവിടുത്തെപ്പോലെ അങ്ങയോട് ആലോചന ചോദിക്കാന്‍ ഞാന്‍ പലപ്പോഴും വിട്ടുപോകുന്നു. അനുദിന ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ അങ്ങയോട് ആലോചന ചോദിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് സന്തോഷത്തോടും  പ്രത്യാശയോടും കൂടെ ജീവിതം തുടരാനുള്ള കൃപനല്‍കണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.