ക്രിസ്തുമസ് ധ്യാനം 19: ഹെറോദേസ്

ജ്ഞാനികളില്‍ നിന്ന് മനസിലാക്കിയ സമയമനുസരിച്ച് ഹെറോദേസ് ബെത്‌ലഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു (മത്തായി 2:16).

‘വീരസന്താനം’ എന്നാണ് ഹെറോദേസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം. ഇദ്ദുമിയന്‍ വംശജനായ ഹെറോദേസ് രാജാവിന്റെ കാലത്താണ് യൂദയായിലെ ബെത്‌ലഹേമില്‍ ഈശോ ജനിക്കുന്നത്. ”ഇരുളിലും മരണത്തിന്റെ നിഴലിലും കഴിയുന്നവര്‍ക്ക് പ്രകാശം വീശാന്‍ ഉന്നതത്തില്‍ നിന്നുള്ള ഉദയസൂര്യന്‍ ഭൂമിയെ സന്ദര്‍ശിച്ചപ്പോള്‍” (ലൂക്കാ 1: 78-79); ”വെളിച്ചത്തെക്കാളധികം അന്ധകാരത്തെ സ്‌നേഹിച്ച്”; ക്രിസ്തുമസ് കഥയിലെ വില്ലന്‍ – ക്രൂരനായ ഭരണാധികാരിയാണ് ഹെറോദേസ് .

വിശ്വാസത്തെ ബുദ്ധി കൊണ്ട് അളക്കുന്നവരുടെ പ്രതീകമാണ് ഹെറോദേസ്. അറിവ് ദൈവാന്വേഷണത്തിനായി ഉപയോഗിച്ച കിഴക്കു നിന്നുള്ള ജ്ഞാനികളെ ഹെറോദേസ് രഹസ്യമായി  കാണുന്നത് ദൈവികജ്ഞാനം പങ്കുവയ്ക്കാനല്ല. ലോകത്തിന്റെ ജ്ഞാനത്തെ തോല്‍പ്പിക്കുന്ന ദൈവികപ്രകാശത്തിനു നേരെ ജ്ഞാനികള്‍ മിഴി തുറന്നപ്പോള്‍ ഹേറോദേസ് മിഴി പൂട്ടി തിരിഞ്ഞുനടന്നു. ജ്ഞാനികളോടൊപ്പം പോയി ഈശോയെ ആരാധിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയവന്‍, ക്രിസ്തുമസില്‍ ജീവിച്ചിട്ടും ക്രിസ്തുമസ് അനുഭവിക്കാതിരുന്നവന്‍, ക്രിസ്തുമസ്സിന്റെ തന്നെ ഘാതകനാകാന്‍ ശ്രമിച്ചവന്‍. ഹെറോദേസ് പുരോഹിതരെയും നിയമജ്ഞരെയും വിളിച്ചുകൂട്ടി അറിവ് വര്‍ദ്ധിപ്പിക്കുന്നത് ദൈവത്തെ അറിയാനല്ല. ദൈവത്തെ നിഷേധിക്കാനാണ് എന്നതാണ് വിരോധാഭാസം. അറിവ് അഹന്ത ജനിപ്പിച്ചപ്പോള്‍ തനിക്കും ദൈവത്തെ ആരാധിക്കണമെന്ന പച്ചക്കള്ളം പറഞ്ഞ ദൈവവിരോധി ദൈവത്തെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണ്. ”ദുര്‍മ്മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുമ്പോള്‍” അത് രാജാവിന്റെ നാശത്തിന് കാരണമാകുന്നു. ദൈവനിഷേധികളെയും വിശ്വാസത്യാഗികളെയും ഈശോയിലേയ്ക്കും സഭയിലേയ്ക്കും പുനഃപ്രവേശിപ്പിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹെറോദേസിന്റെ ജീവിതം.

അധികാരം ദുഷിപ്പിക്കുന്നു എന്ന ചൊല്ലിന്റെ ആള്‍രൂപമാണ് ഹെറോദേസ്. പരമമായ അധികാരം പരമാവധി ദുഷിപ്പിക്കുന്നു. സ്വാര്‍ത്ഥതയും അധികാരഭ്രമവും മനുഷ്യനെ ഭ്രാന്തനാക്കുന്നു. അധികാരം പദവിയായി കരുതുന്നവന്‍ നിഴലിനെപ്പോലും ഭയപ്പെടും. എവിടെയെങ്കിലും ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധത്തിന്റെ സൂചന അയാളുടെ ഉറക്കം കെടുത്തുന്നു. കസേര ഉറപ്പിക്കുവാന്‍ സ്വന്തം ഭാര്യയെയും മക്കളെയും ഹെറോദേസ് കൊന്നുകളഞ്ഞു എന്ന് ചരിത്രം. അതേ ന്യായീകരണമാണ് ക്രിസ്തുവിനെ തകര്‍ക്കാന്‍ ഹെറോദേസിനെ പ്രേരിപ്പിക്കുന്നത്.

മിശിഹായെ ജനം പ്രതീക്ഷിക്കുന്നു (ലൂക്കാ 3:15) എന്ന് അറിയാമായിരുന്ന ഹെറോദേസിനെ ജ്ഞാനികളുടെ സന്ദര്‍ശനം അലോസരപ്പെടുത്തി. ദാവീദിന്റെ പരമ്പരയില്‍പ്പെടാത്ത രാജാവായിരുന്നതിനാല്‍ ഹെറോദേസിനെ ജനം വെറുത്തിരുന്നു. ഭീരുക്കളായ എല്ലാ അധികാരികളേയും പോലെ തനിക്കെതിരെ ഉയരുന്ന നീക്കങ്ങളെപ്പറ്റി സംശയാലുവായ ഹെറോദേസ്, താന്‍ സംശയിച്ചവരെയും തന്നെ എതിര്‍ത്തവരെയും നിര്‍മ്മാര്‍ജ്ജനം ചെയ്തു. ”എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ (മത്തായി 2:2) എന്ന ചോദ്യം യഹൂദരുടെ വ്യാജരാജാവിനെ പിശാചാക്കി മാറ്റി. അതിനാല്‍ ഉണ്ണീശോയെയും നശിപ്പിക്കാന്‍ അയാള്‍ കല്‍പന പുറപ്പെടുവിക്കുന്നു. ഇതാണ് ”റാമായിലെ വലിയ കരച്ചിലിനും മുറവിളിയ്ക്കും” (മത്തായി 2:18) കാരണമായത്. ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്ന്. ദുര്‍മ്മോഹി സര്‍വ്വനാശിയാണ്, പ്രശ്നക്കാരനാണ്. ദൈവത്തെ തകര്‍ക്കാന്‍ പിശാചിനെ കൂട്ടുപിടിക്കുന്നു. ”ആദി മുതലേ കൊലപാതകിയായ പിശാചിന്റെ ഇഷ്ടമനുസരിച്ച്” (യോഹ. 8:44) അയാള്‍ പ്രവര്‍ത്തിക്കുന്നു. സര്‍വ്വനാശിയായ അയാളുടെ ജീവിതവും ദുരന്തപര്യവസായിയാകുന്നു. ”ഹെറോദേസിന്റെ മകനായി ജനിക്കുന്നതിലും ഭേദം അയാളുടെ പന്നിയായി ജനിക്കുന്നതാണ്” എന്ന് ചരിത്രം പരിഹസിക്കുമാറ് അയാള്‍ ക്രൂരകഥാപാത്രമായി.

വലിയ സാധ്യതയില്‍ നിന്നും വന്‍ദുരന്തത്തിലേയ്ക്ക് വീണുപോയ ഇരുട്ടിന്റെ പുത്രനാണ് ഹെറോദേസ്. ജ്ഞാനികളോടൊപ്പം ഉണ്ണീശോയെ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാന്‍ അവസരം ലഭിച്ചിട്ടും പാഴാക്കിയവന്‍. ”സകല മനുഷ്യര്‍ക്കും വേണ്ടി ദൈവം ഒരുക്കിയ രക്ഷ” (ലൂക്കാ 2:31) കാണുവാന്‍ ഭാഗ്യം ലഭിച്ചിട്ട് ദൈവത്തോട് പുറംതിരിഞ്ഞു നിന്നവന്‍. വെളിച്ചം ലോകത്തിലേയ്ക്കു വന്നിട്ടും അന്ധകാരത്തില്‍ നിലകൊണ്ടവന്‍. ഇരുട്ടിന്റെ ഈ പുത്രന്റെ സാന്നിധ്യം തന്നെ ഭൂമിയിലെ സന്തോഷം കെടുത്തുന്നു. ഉത്സവപ്പറമ്പിനെ ദുരന്തഭൂമിയാക്കിയ, ക്രിസ്തുമസ് സന്തോഷത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ ”ഹെറോദേസിന്റെ മരണം വരെ” (മത്തായി 2:19) നാടെങ്ങും അന്ധകാരമായിരുന്നു. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കണ്ണടച്ചിരിക്കുകയായിരുന്നു. അവസാന നിമിഷം പറുദീസാ സ്വന്തമാക്കിയ നല്ല കള്ളനെവിടെ, ക്രിസ്തുമസില്‍ ജീവിച്ചിട്ടും രക്ഷകനെ അറിയാതെപോയ ഹതഭാഗ്യനായ ഹേറോദേസ് എവിടെ?

സ്വാര്‍ത്ഥതയിലും ഭൗതികസുഖത്തിലും മാത്രം സന്തോഷം കണ്ടെത്തി ദൈവത്തെയും സഹോദരങ്ങളെയും മറന്നു ജീവിക്കുന്നവരുടെ പ്രതീകമാണ് ഹെറോദേസ്. ഭൗതികസുഖങ്ങള്‍, പരിഷ്‌കൃതകാലത്തെ സാധ്യതകള്‍ എല്ലാം ചിലര്‍ അനുഭവിക്കുന്നു. പക്ഷേ, അവസാനം ഏകനായി വിലപിച്ചൊടുങ്ങുന്നു. ”ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു” (എഫേ. 4:18). ആഘോഷങ്ങള്‍ വിശ്വാസത്തിന്റേതാണ്, വിശ്വാസിയുടേതാണ്. ”ആത്മീയതയില്ലാത്ത വ്യക്തികള്‍ക്ക് ജീവിക്കാന്‍ കാരണങ്ങളില്ല” എന്ന് കവി ടി.എസ്. എലിയട്ട് പറയുന്നു. ദൈവത്തോട് കലഹിക്കുന്നവരും ആത്മീയത നഷ്ടപ്പെടുത്തുന്നവരും ഹെറോദേസിനെപ്പോലെ ഭൗമികദുരന്തങ്ങളായി ഒടുങ്ങുന്നു.

”ഹെറോദേസ് ശിശുവിനെ വധിക്കാന്‍ ഉടന്‍ അന്വേഷണം തുടങ്ങും” (മത്തായി 2:13) എന്ന് ദൈവദൂതന്‍ ജോസഫിനോട് പറയുന്നു. ഈശോയെ വധിക്കാന്‍ ഹെറോദേസിനെ പ്രേരിപ്പിച്ച ദുഷ്ടാത്മാവ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്തുശിഷ്യരെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈശോയ്ക്കു പകരക്കാരായി മരിച്ച നിഷ്‌കളങ്കരായ കുഞ്ഞിപ്പൈതങ്ങളെയും അതിനു കാരണമായ ക്രൂരഭരണാധികാരിയെയും ഓര്‍ക്കുമ്പോള്‍, ഈശോയുടെ സുവിശേഷത്തെപ്രതി ജീവന്‍ ഹോമിക്കുന്ന, പീഡകളേല്‍ക്കുന്ന സകലരെയും കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പും കൂടിയാകുന്നു അത്.

പാപം, ദൈവതിരസ്‌കാരമാണെന്ന കാര്യം ഹെറോദേസില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉണ്ണീശോയോടുള്ള ഹെറോദേസിന്റെ തിരസ്‌ക്കാരം മാനവരാശിയുടെ പാപാവസ്ഥയില്‍ ദൃശ്യമാകുന്നു. ”അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. അവന്‍ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല” (ഏശയ്യാ 53:3). ”അവര്‍ അകാരണമായി എന്നെ വെറുത്തു” (യോഹ. 15:25) എന്ന് ഈശോ പറയുമ്പോള്‍ ‘ഹെറോദേസ് സിന്‍ഡ്രം’ ബാധിച്ച മനുഷ്യരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്റെ ജഡീകതാല്‍പര്യങ്ങള്‍ ദൈവത്തെ അറിയുന്നതിന് തടസ്സമായി നില്‍ക്കുന്നു. ”ജഡീകതാല്‍പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിന് സാധിക്കുകയുമില്ല” (റോമ 8:7).

അതിനാല്‍, ഈശോയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഹെറോദേസ് ഒരു വ്യക്തിയല്ല, പാപത്താല്‍ ശിഥിലീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയാണ്. ഈശ്വരനിഷേധിയായ സംസ്‌കാരത്തിന്റെ പ്രതീകം. വിശ്വാസം അപ്രധാനമായി കാണുന്ന, മതേതരത്വത്തെ മതവിരുദ്ധതയായി വ്യാഖ്യാനിക്കുന്ന, ആധുനിക ഭൗതികതയുടെ പ്രതിനിധിയാണ് ഹെറോദേസ്. സര്‍ക്കാരുകളും ഭരണാധികാരികളും നേതാക്കന്മാരും ഈശ്വരനിഷേധത്തിന് കൂട്ടുനില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുമ്പോള്‍ അവരും ‘ഹെറോദേസ് പക്ഷക്കാര്‍’ ആയി മാറുന്നു.

ദൈവത്തിന്റെ വഴി നീതിമാന്റെ മുമ്പില്‍ എപ്പോഴും തുറന്നുകിടക്കുന്നതാണ്. ”ഹേറോദേസിന്റെ അടുത്തേയ്ക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി” (മത്തായി 2:12). ദൈവപദ്ധതിയെ തകര്‍ക്കാന്‍ അന്ധകാരശക്തികള്‍ക്കാവില്ല എന്നും ഹെറോദേസിന്റെ ജീവിതം പഠിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാന്‍ ദൈവത്തിനു തന്റെ വഴികളുണ്ട്. ”ദൈവരാജ്യത്തിനെതിരെ നരക കവാടങ്ങള്‍ പ്രബലപ്പെടുകയില്ല (മത്തായി 16:18). സത്യരാജാവ് മിശിഹായാണ്. അവന്റെ രാജ്യത്തിന് അറുതിയുണ്ടാവുകയില്ല. ഹെറോദേസിന്റെ പിന്‍ഗാമികളായ ഭൗമികശക്തികള്‍ക്കൊന്നും ദൈവത്തിന്റെ രാജ്യം തകര്‍ക്കാനാവില്ല. കാരണം, ”അവന്റെ രാജ്യം ഐഹികമല്ല (യോഹ. 18:36).

ഡോ. ജോബി മൂലയില്‍

പ്രാര്‍ത്ഥന:

ദൈവമേ, ഹെറോദേസിനെപ്പോലെ നന്മയെ അംഗീകരിക്കാനോ സ്വീകരിക്കാനോ പലപ്പോഴും എനിക്കും പറ്റുന്നില്ല. കൂടെയുള്ളവരില്‍ ദൈവചൈതന്യം ഉണ്ടെന്നു മനസ്സിലാക്കാതെ അവരെ തകര്‍ക്കാനും നശിപ്പിക്കാനുമായിരുന്നു എന്റെ ശ്രമം. ദുഷിച്ച മനസ്സിന്റെ യാത്ര നാശത്തിലേയ്ക്കാണെന്നു മനസ്സിലാക്കി, ജീവിതത്തിന് മാറ്റം വരുത്തി, നല്ല മനസ്സിന്റെ ഉടമയായിത്തീര്‍ന്ന് കൂടെയുള്ളവരില്‍ അങ്ങയെ ദര്‍ശിക്കാന്‍ എനിക്ക് ഇടവരുത്തേണമെ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.