ക്രിസ്മസ് ധ്യാനം: 8 മറിയം

മറിയം പറഞ്ഞു: ”ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1: 38)

രാജാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ വന്നവര്‍ക്കായി രാജാവ് ഒരു സമ്മാനം പ്രഖ്യാപിച്ചു: കൊട്ടാരത്തിലെ ഏതു വസ്തുവില്‍ നിങ്ങള്‍ തൊടുന്നുവോ അത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. പലരും പലതും സ്വന്തമാക്കാന്‍ ഓടിയപ്പോള്‍ കൂട്ടത്തിലെ ഒരു മിടുക്കന്‍ രാജാവിനെ ചെന്നു തൊട്ടു… ഇതാ രാജാവും രാജാവിനുള്ളതും അവനു സ്വന്തം. അവന്‍ ആനന്ദിച്ചാറാടി. ദൈവത്തെ സ്വന്തമാക്കുന്നവനു ലഭിക്കുന്ന സൗഭാഗ്യമാണിത്. ദൈവവും ദൈവത്തിനുള്ളതും അവനു സ്വന്തം.

സ്വന്തമാക്കേണ്ടതിനെ സ്വന്തമാക്കിയവളാണ് മറിയം. മറിയം ദൈവത്തെ സ്വന്തമാക്കി, ദൈവം അവളെ സ്വന്തമാക്കി. മാലാഖയുടെ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ മറിയം പറഞ്ഞു: ”ഇതാ കര്‍ത്താവിന്റെ ദാസി.” ആദ്യവ്രതവും നിത്യവ്രതവും ആ ഒരറ്റ വാക്കില്‍ പൂര്‍ണ്ണമായി. പൂര്‍ണ്ണമായ സമര്‍പ്പണത്തിന്റെ മാതൃകയാണ് മറിയം. ”ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍, പരിശുദ്ധ ദൈവമാതാവേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ” എന്ന് ജപമാലയില്‍ നമ്മള്‍ ചൊല്ലുന്നുണ്ട്. ഈശോമിശിഹായുടെ വാഗ്ദാനം പരിശുദ്ധാത്മാവാണ്. ആത്മാവിന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും പരി. അമ്മയില്‍ നിറഞ്ഞിരുന്നു. അതുകൊണ്ടാണ് മറിയത്തിന്റെ അഭിവാദനം കേട്ട മാത്രയില്‍ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി തീര്‍ന്നത് (ലൂക്കാ 1:41-42).

ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് നമ്മള്‍ യോഗ്യരാകണമെങ്കില്‍ വാഗ്ദാനങ്ങളില്‍ വിശ്വാസം വേണം. വിശ്വാസത്തിന്റെ നിറകുടമാണ് മറിയം. എലിസബത്ത് മറിയത്തെ പ്രകീര്‍ത്തിക്കുന്നത്, ”കര്‍ത്താവ് അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” എന്നാണ് (ലൂക്കാ 1:45).

ദൈവാത്മാവ് കൊണ്ട് നിറഞ്ഞ വ്യക്തിക്ക് വെറുതെയിരിക്കാന്‍ സാധിക്കില്ല. മറിയം നന്മ നിറഞ്ഞവളാണ്. മറ്റുള്ളവര്‍ക്ക് നന്മചെയ്യുക എന്നത് ഏതൊരു ക്രിസ്തുവിശ്വാസിയുടെയും കടമയാണ്. മറിയത്തിന് എലിസബത്തിനോട് അടുപ്പമുണ്ടായിരുന്നതുകൊണ്ട് തിടുക്കമുണ്ടായി. ‘തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു’ (ലൂക്കാ 1:39). തിടുക്കത്തില്‍ പോയത് എലിസബത്തിന്റെ വീട്ടിലേക്ക് നന്മ ചെയ്യാന്‍; നമ്മള്‍ ഓടുന്നത് നമ്മുടേതായ കാര്യ ങ്ങള്‍ വെട്ടിപിടിക്കാന്‍. വെട്ടിപിടിച്ചതെന്നും കൂടെകൊണ്ടുപോകാന്‍ കഴിയില്ലെന്നും ഒരുപിടി മണ്ണുപോലും സൂക്ഷിക്കാനാവില്ലെന്നും നമുക്കറിയാം. എന്നാലും ഭൂമിയില്‍ നിക്ഷേപങ്ങള്‍ കരു തിവെക്കാനാണ് നമുക്കിഷ്ടം; അത് ഇരുമ്പും കീടങ്ങളും നശിപ്പിക്കുമെന്നറിഞ്ഞിട്ടും കള്ളന്മാര്‍ തുരന്നെടുക്കുമെന്ന് അറിഞ്ഞിട്ടും.

മറിയത്തിന്റെ ആശ്രയം ദൈവത്തിലായിരുന്നു. ”ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും. ശക്തനായവന്‍ എനിക്കായി വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു” (ലൂക്കാ 1:48-49). ‘തന്നെ ഒരു മൃഗമായോ സ്ത്രീയായോ സൃഷ്ടിക്കാതിരുന്നതിന് ദൈവമേ നന്ദി’ എന്നു പറഞ്ഞ് യഹൂദ പുരുഷന്‍ പ്രഭാതം ആരംഭിക്കുന്ന ഒരു സമൂഹത്തിലാണ് മറിയം ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം. കാനായിലെ കല്ല്യാണ വീട്ടില്‍ വച്ച് ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ മറിയം പറയുന്നത് ശ്രദ്ധിക്കണം. ”അവന്‍ പറയുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍”(യോഹ. 2:5).

ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നുള്ള വിശ്വാസം നമ്മില്‍ ആഴപ്പെടണം. അവന്‍ പറയുന്നതുപോലെ ചെയ്യാനേ നമുക്കു സാധിക്കൂ. അങ്ങനെ ചെയ്താലേ വെള്ളം വീ ഞ്ഞാകൂ. അപ്പം വര്‍ദ്ധിക്കൂ, മരിച്ചവന്‍ പുറത്തുവരൂ!

ദൈവാത്മാവ് നിറഞ്ഞ മറിയം ചെന്നിടത്തെല്ലാം ആത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മറിയത്തിന്റെ അഭിവാദനസ്വരം കേട്ട മാത്രയില്‍ എലിസബത്ത് പരിശുദ്ധാത്മാവിനെ കൊണ്ട് നിറഞ്ഞത് അതുകൊണ്ടാണ്. നമ്മുടെ വാക്കുകളും പ്രവൃത്തി കളും ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. തോക്ക് ഉപയോഗിച്ച് അനേകരെ കൊല്ലാന്‍ സാധിക്കും. എന്നാല്‍ വാക്കുപയോഗിച്ച് അതിലും കൂടുതല്‍ പേരെ ഇല്ലാതാ ക്കാന്‍ സാധിക്കും. ഈ വെടിയുണ്ടയേറ്റ് അനേകം ജീവിതങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഒരു വാക്കുകൊണ്ട് ദൈവം ലോകത്തെ സൃഷ്ടിച്ചു. അത് നല്ലതെന്നു ദൈവം കണ്ടു. നമ്മുടെ വാക്കുകള്‍ കൊണ്ട് നന്മ സൃഷ്ടിക്കാന്‍ സാധിക്കണം. സംഹാരത്തിന്റെയും സൃഷ്ടിയുടെയും വാക്കുകള്‍ വരുന്ന നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചു നമ്മുടെ വരുതിക്കു നിറുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിലും വലിയ ദുരന്തങ്ങള്‍ ഓരോ ദിവസവും സമൂഹത്തിലുണ്ടാകും.

മറിയം പറഞ്ഞു. ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” (ലൂക്കാ 1: 48).

ഒരിക്കല്‍ ശിഷ്യര്‍ ഗുരുവിനോട് ചോദിച്ചു. ”എന്തുകൊണ്ടാ ണ് സാഗരം ഇത്ര വലുതായിരിക്കുന്നത്!” മറുപടിയായി ഗുരു പറഞ്ഞു: ”സമുദ്രം ഏറ്റവും താഴെ കിടക്കുന്നതുകൊണ്ട് എല്ലാ നദികളും ഒഴുകി എത്തുന്നത് സമുദ്രത്തിലേക്കാണ്. അങ്ങനെ എല്ലാ നദികളില്‍ നിന്നും ജലം സ്വീകരിച്ച് സമുദ്രം വലുതായിരിക്കുന്നു.” പ്രഭാഷക വചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക അപ്പോള്‍ കര്‍ത്താവിന്റെ കൃപക്കു നീ പാത്രമാകും” (പ്രഭാ 3:18).

പരി. മറിയം എളിമയുള്ളവള്‍ ആയിരുന്നു. അതിന്റെ തെളിമയാണ് നമ്മള്‍ സ്‌തോത്രഗീതത്തില്‍ കാണുക. എളിയവരെ ദൈവം ഉയര്‍ത്തുന്നു. സ്വയം എളിമപ്പെടാന്‍ സാധിക്കാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒരു കുഞ്ഞിനെ എന്നേക്കാള്‍ പൊക്കമുള്ളവനാക്കാന്‍ ഞാന്‍ അവനെ എടുത്തുയര്‍ത്തണം. അവനെ എടുത്തുയര്‍ത്തണമെങ്കില്‍ ഞാന്‍ അവന്റെ മുമ്പില്‍ കുനിയണം. കുനിയലിന്റെ സംസ്‌ക്കാരത്തില്‍ നിന്നും നാം എത്രയോ അകന്നുപോയിരിക്കുന്നു.

സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ഏറ്റവും വലിയ ബലി. അതാണ് ശ്രേഷ്ഠമായ ആരാധന. ‘ഇതാ കര്‍ത്താവിന്റെ ദാസി’ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഉദാത്തഭാവമാണിവിടെ ദര്‍ശിക്കുക. ആവശ്യമായവയെ നമുക്കായി മാറ്റിവച്ചിട്ട് ആവശ്യമില്ലാത്തതെന്നു തോന്നുവയെ നാം സമര്‍പ്പിക്കുന്നു. കായേന്‍ അര്‍പ്പിച്ച ബലിയില്‍ ദൈവം സംപ്രീതനാകാതിരിക്കുന്നത് ഈ കാരണംകൊണ്ടാണ്. ദൈവം നമുക്ക് തന്നതില്‍ നിന്നു സമര്‍പ്പിക്കാനാണ് ദൈവം ആവശ്യപ്പെടുന്നത്. മറിയത്തിന്റെ സമര്‍പ്പണത്തില്‍ വേദനയുണ്ടായിരുന്നു. ത്യാഗമുണ്ടായിരുന്നു. യൗസേപ്പുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം, യൗസേപ്പുമായുള്ള കുടുംബ ജീവിതം സ്വപ്നം കണ്ടിരുന്ന മറിയം, വിവാഹത്തിനു മുമ്പ് ഗര്‍ഭവതിയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അവളെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയിരിക്കുക. എങ്കിലും ദൈവത്തിന്റെ വാക്കുകളേക്കാള്‍ വലുതല്ല താന്‍ കൊടുത്ത വാക്ക് എന്ന് മറിയത്തിനറിയാമായിരുന്നു. യൗസേപ്പുമായുള്ള വാക്ക് തെറ്റിയാല്‍ പോലും ദൈവത്തിന്റെ വാക്കുകള്‍ തെറ്റിക്കാന്‍ അവള്‍ തയ്യാറായില്ല. എന്നാലും മറിയത്തെ അപമാനിതയാക്കാന്‍ ദൈവം ഇടവരുത്തിയില്ല. നമ്മുടെ സമര്‍പ്പണത്തില്‍ വേദനയില്ല. കാരണം നമ്മള്‍ കുറച്ച് നമുക്കായി മാറ്റിവച്ചിട്ടുണ്ട്. നമ്മുടെ സമര്‍പ്പണത്തിന്റെ മാറ്റുരക്കപ്പെടേണ്ടത് പരി. അമ്മയുടെ സമര്‍പ്പണത്തിന്റെ ഉരകല്ലിലാണ്.

ഓരോ ക്രിസ്തുമസ്സും ആഘോഷിക്കുമ്പോള്‍ മറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ ദൈവത്തെ മറന്നുപോകരുത്. പുറത്ത് എന്നതിനേക്കാള്‍ പ്രധാനമായി ദൈവം ഉണ്ടായിരിക്കേണ്ടത് നമ്മുടെ ഉള്ളിലാണ്. ഉള്ളില്‍ ദൈവമില്ലെങ്കില്‍ ജീവിതത്തിന്റെ താളം തെറ്റുന്നു. ഹൃദയത്തില്‍ നിറയെ ദൈവവിശ്വാസവും ഉള്ളില്‍ നിറയെ സ്‌നേഹവും മനസ്സില്‍ നിറയെ പ്രത്യാശയുമുണ്ടെങ്കില്‍ നമുക്ക് പറയാന്‍ കഴിയും, ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന്. മുന്തിരിച്ചെടിയില്‍ ചേര്‍ന്നിരിക്കാതെ ശാഖക്ക് ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുക, അവിടുന്ന് നിങ്ങളോടും ചേര്‍ന്നു നിന്നുകൊള്ളും എന്ന വചനം എത്ര പ്രാവശ്യം ഉരുവിട്ടാലും മതിയാകില്ല.

മറിയം പറഞ്ഞു: ”എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1:46). ഉള്ളിലുള്ള ദൈവിക ചൈതന്യത്തെ തിരിച്ചറിയാത്തതാണ് ഭൂമിയിലെ സകല അരാജകത്വങ്ങളുടെയും കാരണം. ആഘോഷങ്ങളും ഉത്സവങ്ങളും മാത്രമായി ജീവിതം അവസാനിപ്പിക്കാന്‍ പാടില്ല. നന്മയും സ്നേഹവും സാഹോദര്യവും ക്ഷമാശീലവുമൊക്കെ ഉള്ളില്‍ നിറഞ്ഞാലേ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകൂ. മനുഷ്യന്‍ കെട്ടി പ്പൊക്കുന്ന മഹാസൗധങ്ങളില്‍ വസിക്കാനല്ല ദൈവം ആഗ്രഹിക്കുക, മനുഷ്യന്റെ ഹൃദയത്തില്‍ വസിക്കാനാണ്. ഉള്ളില്‍ കുടികൊള്ളുന്ന ആ ചൈതന്യത്തെ കാണാന്‍ ബാഹ്യനേത്രങ്ങള്‍ക്ക് സാധിക്കില്ല; ഉള്‍നേത്രങ്ങള്‍ക്കേ കഴിയൂ.

‘ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എനിക്കായി വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവനില്‍ വസിക്കും’ (വെളി 3:20) മറിയത്തിന്റെ ഹൃദയവാതിലില്‍ മുട്ടിയ ദൈവത്തിന് കാത്ത് നില്‍ക്കേണ്ടിവന്നില്ല. ദൈവം വസിക്കുന്ന ആലയമായി അവള്‍ മാറി, ആദ്യത്തെ സക്രാരിയായി. ദൈവചൈതന്യത്തിന് കുടി കൊള്ളാന്‍ യോഗ്യമായ വാസസ്ഥലമായിരിക്കാന്‍ തക്കവിധം നമുക്ക് സല്‍പ്രവൃത്തികളാല്‍ നമ്മുടെ ഹൃദയത്തെ സജ്ജമാക്കാം; ദുഷ്പ്രവൃത്തികളാല്‍ നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ ആട്ടിപ്പുറത്താക്കാതിരിക്കാം.

ഫാ. ഷിബു പുളിക്കല്‍

പ്രാര്‍ത്ഥന:
ദൈവമേ, പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതം എനിക്കുള്ള പാഠപുസ്തകമാണ്. ഞാനേറെ പഠിക്കേണ്ടിയിരിക്കുന്നു ആ അമ്മയുടെ ജീവിതത്തില്‍ നിന്ന്. ഓരോ പ്രാവശ്യവും നന്മ നിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അമ്മയില്‍ നിറഞ്ഞിരുന്ന നന്മകള്‍ എന്നിലും നിറയണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കാനും അതനുസരിച്ച് ജീവിക്കാനും എന്നെ അനുഗ്രഹിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.