ക്രിസ്മസ് ധ്യാനം: 5. എമ്മാനുവേല്‍

യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ എമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും. (ഏശ. 7:14)

എമ്മാനുവേല്‍ എന്നവാക്കിന്റെ അര്‍ത്ഥം തന്നെ ”ദൈവം നമ്മോടു കൂടെ” (മത്താ 2:22) എന്നാണെന്ന് നമുക്കേവര്‍ക്കും അറിയാം. എമ്മാനുവേല്‍- ഒരു പേരിലെന്തിരിക്കുന്നു? എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷേ ഈ പേരില്‍ ദൈവമിരിക്കുന്നു.

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒരിക്കല്‍ തന്റെ പട്ടാള ക്യാമ്പ് സന്ദര്‍ശിച്ചു. അലസനായി ഉറങ്ങുന്ന ഒരു പട്ടാളക്കാരനോട് കോപത്തോടെ ചോദിച്ചു, ”താങ്കളുടെ പേരെന്താണ്?” പട്ടാളക്കാരന്‍, ”അലക്‌സാണ്ടര്‍” എന്ന് മറുപടി പറഞ്ഞു. ഉടനെ ചക്രവര്‍ത്തി പറഞ്ഞു ”ഒന്നുകില്‍ താങ്കളുടെ പേരുമാറ്റണം, അല്ലെങ്കില്‍ ജോലി രാജിവെച്ച് പോകണം.” കാരണം തന്റെ പേരുള്ള ആരും മടിയന്മാരായി കാണാന്‍ ചക്രവര്‍ത്തി ആഗ്രഹിച്ചില്ല.

എമ്മാനുവേല്‍, എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പഴയ നിയമ ഇസ്രായേല്‍ ജനതയ്ക്ക്, ദൈവം പകല്‍ മേഘസ്തംഭമായും രാത്രിയില്‍ അഗ്നിസ്തംഭമായും കൂടെവസിച്ചു. പുതിയനിയമ ജനതയ്ക്ക് മാംസമായി മനുഷ്യാവതാരം ചെയ്തു.  ലോകാവസാനം വരെ നമ്മോടുകൂടെയായിരിക്കാന്‍ വിശുദ്ധ കുര്‍ബ്ബാനയായി. വി. കൊച്ചുത്രേസ്യാ പറയുന്നു. ”എല്ലാ ദിവസവും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരുന്നത് സ്വര്‍ണ്ണ കുസ്‌തോതിയില്‍ ഇരിക്കാനല്ല. സ്വയം ശൂന്യമായി, തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച നമ്മോടുകൂടെയായിരിക്കാനാണ്.”

നമ്മുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും എപ്പോഴും കൂടെ നടക്കുന്നവനാണ് ഉറ്റ സുഹൃത്ത്. ഈശോ കൂടെയുണ്ട്, നമ്മെ കരം പിടിച്ച് നടത്തുന്നവനാണ് എന്ന ചിന്ത നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് പലതവണ അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. അപ്പനും അമ്മയും സഹോദരങ്ങളും ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത സ്‌നേഹമായി-എമ്മാനുവേലായി- ഈശോയുണ്ട്. നാം വിളിക്കുമ്പോഴൊക്കെ സമീപസ്ഥനാകുന്ന ദൈവം വേറെയേതു ജനത്തിനാണുള്ളത്. വി. യോഹന്നാന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നു: ”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ ഓര്‍മ്മയാണ് കാലിത്തൊഴുത്തില്‍ വന്നുപിറന്ന ഉണ്ണീശോ. ഈ സ്‌നേഹം ഇന്നും എന്നും  വി. കുര്‍ബാനയിലൂടെയും തിരുവചനത്തിലൂടെയും അനസ്യൂതം നമ്മള്‍ അനുഭവിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. ”യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:26).

എമ്മാനുവേല്‍ എന്ന പേര് രണ്ട് ചിന്തകളിലേക്ക് നമ്മെ നയിക്കുന്നു. ഒന്നാമതായി, എപ്പോഴും കൂടെയുള്ളവനാണ് ദൈവം എന്ന ചിന്ത. എന്റെ കൂടെ നടക്കുന്ന, ജോലി ചെയ്യുന്ന, കളിക്കുന്ന കൂട്ടുകാരനായി ഈശോയെ സ്വീകരിക്കുക. ചാരം മൂടിക്കിടക്കുന്ന കനലിനെ ഊതിത്തെളിക്കുന്നതുപോലെ ഉള്ളിലുള്ള ഈശോയെ സ്വയം കണ്ടെത്തുകയാണ് ആദ്യപടി. ആ തിരിച്ചറിവില്‍ നാം ജീവിക്കുന്നതാണ് എമ്മാനുവല്‍ അനുഭവം. മുന്‍ രാഷ് ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെക്കുറിച്ച് കൂടെയുള്ളവര്‍ പറയുന്നതിങ്ങനെയാണ്. ”ദൈവസാന്നിദ്ധ്യം ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നതിനാല്‍ സാധാരണ മനുഷ്യന്റെ ഹൃദയം തൊട്ടറിയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലായിരുന്നു.” ഈശോ കൂടെയുണ്ടെങ്കില്‍ നമുക്ക് തെറ്റായി ചിന്തിക്കാനോ തെറ്റായി പ്രവര്‍ത്തിക്കാനോ സാധിക്കില്ല. നാം വാക്കിലും പ്രവൃത്തിയിലും സത്യവും നീതിയും സൂക്ഷിച്ച് വിശുദ്ധി പ്രാപിക്കും. നമ്മിലുള്ള മൃഗസ്വഭാവത്തെ മാറ്റി മനുഷ്യസ്വഭാവത്തിലേക്കും ദൈവസ്വഭാവത്തിലേക്കും വളരാനാകും.

രണ്ടാമതായി, മറ്റുള്ളവരുടെയും കൂടെ ഉള്ളവനാണ് ദൈവം എന്ന ചിന്ത. എന്റെ ഉള്ളിലുള്ള ദൈവത്തെ തിരിച്ചറിയുന്നതോടൊപ്പം കുടെയുള്ളവരിലും ഇതേ ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയണം. അപ്പോള്‍ മറ്റുള്ളവരെ അവരുടെ കുറവുകളോടും കഴിവുകളോടും കൂടെ അംഗീകരിക്കുവാനും മനസ്സിലാക്കുവാനും സ്‌നേഹിക്കുവാനും നമുക്ക് സാധിക്കും. വി. ഫ്രാന്‍സിസ് അസ്സീസ്സി പ്രകൃതിയെയും മൃഗങ്ങളെയും സ്‌നേഹിച്ചു. കാരണം ഇവയെല്ലാം ദൈവസൃഷ്ടിയാണെന്നും ഇവയിലെല്ലാം ദൈവാംശം ഉണ്ടെന്നുമുള്ള തിരിച്ചറിവിലാണ്. പ്രസിദ്ധ തത്വചിന്തകനായ എമ്മാനുവല്‍ ലെവിനാസിന്റെ വീക്ഷണത്തില്‍ മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നാം ദൈവത്തെത്തന്നെയാണ് കാണുന്നത്. കൂടെ ജീവിക്കുന്നവരില്‍, മാതാപിതാക്കളില്‍, ജീവിതപങ്കാളിയില്‍, മക്കളില്‍, സഹോദരങ്ങളില്‍ ദൈവത്തെ ദര്‍ശിച്ചുകൊണ്ട് ജീവിക്കുമ്പോള്‍ കുടുംബം സ്വര്‍ഗ്ഗീയ പൂങ്കാവനമാകും. കുടുംബത്തില്‍ വഴക്കോ, മാല്‍സര്യമോ ഉണ്ടാകില്ല. പരസ്പരം ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് ആശംസിക്കുവാന്‍ സാധിക്കും.

കണ്ണടയ്ക്കുമ്പോള്‍ ഈശോയെ ഉള്ളില്‍ കാണാനും കണ്ണു തുറക്കുമ്പോള്‍ ഈശോയെ മറ്റുള്ളവരില്‍ ദര്‍ശിക്കാനും ഉള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഫാ. തോമസ് കുഴിയടിച്ചിറ

പ്രാര്‍ത്ഥന:
ദൈവമേ, അങ്ങ് ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ. അതിന്റെ അടയാളമായി അങ്ങയുടെ പ്രിയപുത്രനെയും നല്‍കി. ഏതു സാഹചര്യങ്ങളിലും ഞങ്ങളുടെ കൂടെയായിരിക്കുന്ന അങ്ങയു ടെ സ്‌നേഹസാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കണമേ. ഒപ്പം കൂടെയുള്ളവനില്‍ അങ്ങയെ കാണാനും, കൂടെയുള്ളവര്‍ക്ക് അങ്ങയെ നല്‍കാനും എന്നെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ