ക്രിസ്മസ് ധ്യാനം 21: ക്രിസ്തുമസ് ട്രീ

നക്ഷത്രവിളക്കുകളും സമ്മാനപ്പൊതികളും വിവിധ വര്‍ണ്ണങ്ങളുമായി ഉയര്‍ന്നുനില്‍ക്കുന്ന ക്രിസ്തുമസ് ട്രീകള്‍ ജീവന്റെ വൃക്ഷത്തിന്റെ പ്രതിരൂപങ്ങളാണ്. പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ ഇതെല്ലാം ഇന്ന് കാണുന്നതുപോലെ സ്വകാര്യവത്ക്കരിക്കപ്പെടാത്തതായിരുന്നു നമ്മുടെയൊക്കെ ബാല്യം. ഇടവക പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് തിക്കിത്തിരക്കി കാണുന്ന പുല്‍ക്കൂട്. പഴയ ബഞ്ചുകളില്‍ വേലികെട്ടി സംരക്ഷിക്കപ്പെട്ട ക്രിസ്തുമസ് ട്രീയുടെ മുമ്പില്‍ ഒരു ചെറുപൊതി സമ്മാനത്തിനായി കൈയ്യും നീട്ടിനില്‍ക്കുന്ന ഓര്‍മ്മകള്‍. പരിമിതികള്‍ക്കിടയിലും പരിഭവങ്ങളില്ലാതെ എല്ലാവരും ഒരുമിച്ചുള്ള ഒരു ആഘോഷം. അതായിരുന്നു ക്രിസ്തുമസ്. അതിനുള്ളിലായിരുന്നു ക്രിസ്തുമസ് ട്രീയ്ക്കുണ്ടായിരുന്ന സ്ഥാനം.

ക്രിസ്തുമസ് ട്രീയുടെ ആവിര്‍ഭാവം ഒരു സങ്കല്‍പമാവാം. പക്ഷേ, അത് വൈകാരികമായ ഒരു സംതൃപ്തി നല്‍കുന്നുണ്ട്. പാശ്ചാത്യനാടുകളിലും വലിയ ഒരു കാലയളവു വരെ ഇടവക പള്ളികളിലും മാത്രം കണ്ടിരുന്ന ക്രിസ്തുമസ് ട്രീ ഇന്ന് ഒട്ടുമിക്ക വീടുകളിലും എന്തിന് നാല്‍ക്കവലകളില്‍ പോലും കാണാനാവും. ഒരുപിടി ഓര്‍മ്മപ്പെടുത്തലുകളായി  അലങ്കരിച്ച് പ്രതീക്ഷയുടെ പച്ചയണിഞ്ഞ ക്രിസ്തുമസ് ട്രീ ഉണക്കക്കമ്പുകളുടെ ട്രീയായി മാറുമ്പോഴും സമാധാനത്തിന്റെ വെണ്‍കുപ്പായമണിഞ്ഞാണ് കാണപ്പെടുന്നത്.

വിരസതയുടെയും തിരക്കിന്റെയും നഷ്ടങ്ങളുടെയും കുറവുകളുടെയുമെല്ലാം ഇടയിലേയ്ക്ക് ഒരു കുഞ്ഞുകുളിരുമായി സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ക്രിസ്തുമസ് എത്തുന്നു; അകമ്പടിയായി ക്രിസ്തുമസ് ട്രീയും. ചെറുതെങ്കിലും വൈകാരികത അവകാശപ്പെടുന്നതാണ് ഓരോ ക്രിസ്തുമസ് ട്രീയും.

മുതിര്‍ന്നവര്‍ പോലും കുഞ്ഞുങ്ങളെപ്പോലെ സ്വീകരിക്കാനിഷ്ടപ്പെടുന്ന, സമ്മാനങ്ങളുമായി നില്‍ക്കുന്ന സമ്മാനട്രീ ജീവിതത്തില്‍ കണ്ടുമുട്ടുന്ന വ്യക്തികളെ ഓര്‍മ്മപ്പെടുത്താറുണ്ടോ? ആഘോഷങ്ങള്‍ അവസാനിക്കുമ്പോള്‍, സമ്മാനങ്ങളെല്ലാം തീരുമ്പോള്‍, മഞ്ഞും വെയിലുമേറ്റ് വര്‍ണ്ണക്കടലാസുകളുടെ നിറം മങ്ങിക്കഴിയുമ്പോള്‍, ഇല കൊഴിഞ്ഞ് ഭംഗി നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെടുന്ന സമ്മാനങ്ങളുമായി ക്രിസ്മസ് ട്രീ. അത് അടുത്ത ക്രിസ്തുമസിനും ആഘോഷത്തിനൊരുക്കം കൂട്ടുന്നവരുടെ ആകാംക്ഷയുടെ ആഹ്ലാദവും സമ്മാനത്തിനായുള്ള പ്രതീക്ഷയും എല്ലാം കണ്ട് പ്രലോഭിക്കപ്പെടുകയാണ്. നഷ്ടങ്ങളെപ്പറ്റി അത് ഓര്‍ക്കാറേയില്ല. എപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. ചില മനുഷ്യരും അങ്ങനെയാണ്.

ക്രിസ്തുമസ് ട്രീയുടെ മുമ്പില്‍ മുതിര്‍ന്നവര്‍ പോലും കുഞ്ഞുങ്ങളാണ്. ക്രിസ്തുമസ് ട്രീ കാണാനുള്ള കൗതുകവും ചെറുതെങ്കിലും ഒരു സമ്മാനം കൈപ്പറ്റാനുമുള്ള ആഗ്രഹവും പ്രായം കവര്‍ന്നെടുത്തിട്ടില്ല. ഒരു സമ്മാനത്തോടൊപ്പം വാത്സല്യത്തോടെ ക്രിസ്തുമസ് ട്രീ ഒന്ന് വാരിപ്പുണര്‍ന്നിരുന്നെങ്കില്‍? മരമൊരു മനുഷ്യനായിരുന്നെങ്കില്‍?

ജീവിതം സങ്കല്‍പങ്ങളില്‍ ഊഞ്ഞാലാടുകയാണ്. യുക്തിയെ വകഞ്ഞുമാറ്റി അത് മുമ്പോട്ട് ഊളിയിടുകയാണ് വികാരങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാകട്ടെ. മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്ന സമ്മാനങ്ങളുമായി, വഴികാട്ടുന്ന നക്ഷത്രവിളക്കുകളുമായി, നല്ല സന്ദേശം നല്‍കുന്ന ഒരു മാലാഖയുമായി നല്ല ക്രിസ്തുമസ് ട്രീകള്‍ ഒരുങ്ങട്ടെ. അതില്‍ ഒന്ന് ഞാനും ഒന്നെനിക്കും.

ഫാ. ജിജി കലവനാല്‍

പ്രാര്‍ത്ഥന:

ദൈവമേ, ഒരു ക്രിസ്തുമസ് ട്രീ പോലെ സ്വന്തം ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തി ജീവിതവീഥിയില്‍ മറ്റുള്ളവരുടെ മുമ്പില്‍ സാക്ഷ്യമായി ഉയര്‍ന്നുനില്‍ക്കാനുള്ള കൃപ എനിക്ക് നല്‍കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.