ക്രിസ്തുമസ്സ് വിചിന്തനം 9: വയലുകളില്‍ കഴിയുന്നവര്‍

ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: ”ആ പ്രദേശത്തെ വയലുകളില്‍, രാത്രി ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട ഇതാ, സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്. പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” വയലുകളില്‍ കഴിയുന്നവര്‍ക്കാണ് ദൈവദൂതന്റെ ഈ സന്ദേശം എത്തിച്ചത്. എന്നുവച്ചാല്‍ അവര്‍ തങ്ങളുടെ ജോലിയില്‍ മുഴുകി കഴിയുന്നവരായിരുന്നു. ആടുകളെ മേയ്ക്കുന്നു, സംരക്ഷിക്കുന്നു, നഷ്ടപ്പെട്ടതിനെ അന്വേഷിച്ച് കണ്ടെത്തുന്നു.

ലണ്ടന്‍ നഗരത്തില്‍ താമസിക്കുന്ന സ്റ്റ്യൂവാള്‍ട്ട് സ്റ്റീഫനും ഭാര്യ ഇന്‍കായും കൂടി ഒരു ക്രിസ്മസ് ദിവസം അടുത്തു  താമസിക്കുന്ന കാത്ത്‌ലിന്‍, ഹില്ലി എന്നീ സഹോദരിമാരെ ഭക്ഷണത്തിനു സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു ഒരേ മേല്‍ക്കൂരയില്‍ താമസിക്കുന്നവരെങ്കിലും കഴിഞ്ഞ 30 കൊല്ലമായി ഈ സഹോദരിമാര്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഏതായാലും, ആ പ്രത്യേക ക്ഷണം സ്വീകരിച്ച് രണ്ടുപേരും വന്നു ഭക്ഷണത്തില്‍ സംബന്ധിച്ച് തിരിച്ചു പോയി.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ ധമനിസംബന്ധമായ രോഗം ബാധിച്ച് ആതിഥേയ ഇന്‍കാ കിടപ്പിലായി. കാത്ത്‌ലിനും ഹില്ലിയും പഴയ പരിചയം വച്ച് ഇന്‍കായെ ശുശ്രൂഷിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ ഹില്ലി പറഞ്ഞു: ”നമുക്കൊന്നു പ്രാര്‍ത്ഥിക്കാം. അത് ഒത്തിരി ഗുണം ചെയ്‌തേക്കും.” അങ്ങനെ, ഒരു ക്രിസ്മസ് രാത്രിയില്‍ ഇന്‍കായെ അടുത്തുള്ള ദേവാലയത്തിലേക്ക് ഹില്ലി കൊണ്ടുപോയി. തീരെ താല്‍പര്യമില്ലാത്തതിനാല്‍ കാത്ത്‌ലിന്‍ കൂട്ടത്തില്‍ പോയില്ല. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ ഹില്ലി അലൗകികമായ ഒരു അരൂപിയുടെ നിറവിലായിരുന്നു. ആ ആവേശത്തില്‍ വന്നപാടെ അവള്‍ കാത്ത്‌ലിനോട് പറഞ്ഞു: ”ഹാപ്പി ക്രിസ്മസ് കാത്ത്‌ലിന്‍, തീര്‍ച്ചയായും നീയും കൂടെ വരേണ്ടതായിരുന്നു; നല്ലൊരു അനുഭവമായിരുന്നു ഇന്നത്തേത്.”

തന്റെ ശ്വാസം നിലച്ചതുപോലെ കാത്ത്‌ലിന് തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അറിയാതെ അവളും പറഞ്ഞുപോയി: ”ഹാപ്പി ക്രിസ്മസ്.” ഏതായാലും, അപ്പോള്‍ മുതല്‍ അവര്‍ പരസ്പരം സംസാരിച്ചു തുടങ്ങി.

2004 ഡിസംബറിലെ റിഡേഴ്‌സ് ഡൈജസ്റ്റില്‍ സ്റ്റ്യുവര്‍ട്ട് സ്റ്റീഫന്‍ തന്നെയാണ് ഈ സംഭവം എഴുതിയിരിക്കുന്നത്. അത്ഭുതങ്ങളിലും അരുളപ്പാടുകളിലും എനിക്ക് വലിയ വിശ്വാസമൊന്നുമില്ലെന്നു പറയുന്ന സ്റ്റ്യുവര്‍ട്ട് ഇതൊരു വിസ്മയമായി എടുത്തു പറയുന്നുമുണ്ട്. ”ആ ക്രിസ്മസ് നല്ലൊരു അനുഭവമായിരുന്നു- ഹില്ലിക്കും ഇന്‍കായ്ക്കും മാത്രമല്ല, അന്നു ദേവാലയത്തില്‍ പോകാതിരുന്ന കാത്ത്‌ലിനും. എല്ലാറ്റിനുമുപരിയായി തീരെ വിശ്വാസമില്ലാത്ത എനിക്കുപോലും അതു വിസ്മയമായി എന്നതാണ് ഏറെ ശ്രദ്ധേയം.”

രോഗിണിയായ ഇന്‍കായെയും കൊണ്ടു  ക്രിസ്മസ്  തിരുക്കര്‍മ്മങ്ങള്‍ക്കുപോയ ഹില്ലിയുടെ ലക്ഷ്യം ഇന്‍കായുടെ സുഖപ്രാപ്തിയായിരുന്നു; എങ്ങനെയും ഇന്‍കാ സുഖം പ്രാപിക്കണം. പക്ഷേ, അത് അവള്‍ക്കും ആദ്യത്തെ ക്രിസ്മസ് രാത്രിപോലെ തന്നെ അനുഭവപ്പെട്ടു. അതാണ് എല്ലാം മറന്ന് കാത്ത്‌ലിനുമായി തന്റെ അനുഭവം പങ്കുവയ്ക്കാന്‍ അവള്‍ക്ക് പ്രചോദനമായത്. ആ നിറവില്‍ കാത്ത്‌ലിനും പങ്കുചേര്‍ന്നു. അവളും സംസാരിച്ചു തുടങ്ങി. 30 കൊല്ലത്തോളം മരവിച്ചു കിടന്ന സാഹോദര്യം അങ്ങനെ പുനഃര്‍ജീവിച്ചു. അത്ഭുതങ്ങളിലൊന്നും അശേഷം വിശ്വാസമില്ലാത്ത സ്റ്റ്യുവര്‍ട്ടിലേക്കും അത് ഒഴുകി എത്തി.

ഇവിടെ ഈ സംഭവകഥയിലെ വ്യക്തികളെല്ലാം അവരവരുടേതായ വയലുകളില്‍ കഴിയുന്നവരായിരുന്നു. തങ്ങളുടേതായ ലോകത്ത് അവര്‍ കഴിഞ്ഞു. തങ്ങളുടെ സ്വകാര്യതയിലും ബോധ്യങ്ങളിലും അവര്‍ മുഴുകിയിരുന്നു. അവിടെ നിന്ന് എപ്പോള്‍ പുറത്തുവരാന്‍ സാധിച്ചുവോ, അപ്പോള്‍ അവരുടെ ജീവിതങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയാണ്.

ഈ അനുഭവം ആട്ടിടയര്‍ക്കും കൈവരുന്നു. ”അവര്‍ അതിവേഗം പോയി  പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന യേശുവിനെക്കണ്ടു” എന്നാണ് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. എന്തെന്നില്ലാത്ത സന്തേഷത്തികവിലാണ് അവര്‍ മടങ്ങിപ്പോകുന്നതും. അവര്‍ വയലുകള്‍ വിടുന്നില്ലായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്ക് രക്ഷകന്റെ അടുത്ത് എത്താന്‍ കഴിയുമായിരുന്നില്ല.

വയലുകളില്‍ ആയിരുന്നവര്‍ അവിടം വിട്ടപ്പോഴാണ് ഉണ്ണി ഈശോയെ കാണാന്‍ സാധിച്ചത്. നമ്മുടേതായ വയലുകളില്‍ നിന്നുള്ള മാറ്റം നമ്മളേയും യേശുവിനെ ദര്‍ശിക്കാന്‍ പര്യാപ്തമാക്കും എന്നതാണ് സത്യം. നമ്മള്‍ ആദ്യം വായിച്ച സംഭവത്തിലെ വ്യക്തികള്‍ അവരവരുടേതായ വയലുകളില്‍ നിന്ന് പുറത്തു വന്നപ്പോഴാണ് രക്ഷപ്രാപിക്കുന്നത് എന്നുകൂടി ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.

നമ്മളും പലപ്പോഴും നമ്മുടെ വയലുകളില്‍ മാത്രം കഴിയാന്‍, ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജോലിയാകാം ബന്ധങ്ങളാകാം ആശയങ്ങളാകാം വയലുകലായി നമുക്കുള്ളത്. അവിടെ നിന്നുള്ള മാറ്റം നമ്മെ പുതിയ മനുഷ്യരാക്കുകയും രക്ഷകനെ ദര്‍ശിക്കാന്‍ പര്യാപ്തരാക്കുകയും ചെയ്യും.

മാറ്റത്തിനുള്ള സന്ദേശവുമായി നമ്മുടെ വയലുകളില്‍ എത്തിയ മാലാഖമാരെ നമ്മള്‍ സ്വീകരിച്ചതും അവര്‍വഴി വന്ന സന്ദേശങ്ങളെ സ്വീകരിച്ചതും എപ്രകാരമാണെന്ന് ഓര്‍ക്കുന്നതും നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.