ക്രിസ്തുമസ്സ് വിചിന്തനം 3: ബേത്‌ലെഹെം

പേരുകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഈ  കാലഘട്ടത്തില്‍ വ്യത്യസ്തതയുള്ള പുതുമയാര്‍ന്ന പേരുകള്‍ നല്‍കാനും സ്വീകരിക്കാനും ഏവര്‍ക്കും ഇഷ്ടമാണ്. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍ മാതാപിതാക്കള്‍ തങ്ങളുടെ പൊന്നോമനകള്‍ക്ക് എന്തുപേര് നല്കണമെന്ന് അവര്‍ ജനിക്കുന്നതിനു മുമ്പെ തീരുമാനിക്കുന്നു. സമര്‍പ്പിതര്‍ വ്രതവാഗ്ദാനത്തോടുകൂടി ആഴവും അര്‍ത്ഥവുമുള്ള പേരുകള്‍ സ്വീകരിക്കുന്നതായും നാം കാണുന്നുണ്ട്. പേര് വളരെ പ്രധാനപ്പെട്ടതാണ്. ഒപ്പം തന്നെ പ്രധാനപ്പെട്ടതാണല്ലോ സ്ഥലപ്പേരും. ഒരു വ്യക്തിയെ, ഒരു സമൂഹത്തെ സ്ഥലപ്പേരുകൊണ്ട് നാം തിരിച്ചറിയും. സ്ഥലപ്പേരുകൊണ്ട് അറിയപ്പെടുന്നവരും പ്രശസ്തരായവരും നമ്മുടെ ഇടയില്‍ വിരളമല്ല. ‘പേരില്‍ പെരുമാള്‍ ഇരിക്കുന്നു’ എന്നു പറഞ്ഞത് കവി വിനയചന്ദ്രന്‍ സാറാണ്.

ബേത്‌ലെഹെം, ദൈവം തന്റെ പ്രിയപുത്രന് പിറവികൊള്ളാന്‍ തിരഞ്ഞെടുത്ത സ്ഥലം അത്ര വലുതല്ലെങ്കിലും പ്രവാചകന്മാരിലൂടെ ദൈവം മുന്‍കൂട്ടി  തിരിഞ്ഞെടുത്ത് ഉയര്‍ത്തിയ വിശുദ്ധസ്ഥലമാണ്. പഴയനിയമത്തിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍, ഇസഹാക്ക് തന്റെ പ്രാണസഖിയായ റാഹേലിനെ അടക്കം ചെയ്തത് ബേത്‌ലെഹെമിലാണ്. യേശുവിന്റെ വംശാവലിയില്‍ സ്ഥാനം പിടിച്ച റൂത്ത് ബേത്‌ലെഹെം കാരിയാണ്. ദാവീദുരാജാവിന്റെ ജന്മദേശം ബേത്‌ലെഹെം ആണ്.

ഓരോ ക്രിസ്മസും ചില ബെത്‌ലെഹെം ചിന്തകള്‍ നമ്മില്‍ ഉണര്‍ത്തും. ക്രിസ്മസ് ഒരേ സമയം ദൈവത്തിന്റെ താഴ്മയുടെയും മനുഷ്യമഹത്വത്തിന്റെയും തിരുനാളാണ്. അത് ബേത് ലഹെമിലെ പുല്‍ത്തൊട്ടിയില്‍ പിറന്ന മറിയത്തിന്റെ മകന്റെ കഥ പറയുന്നു. ഈ കുഞ്ഞില്‍ ദൈവത്തെ കണ്ടവരുടെ എണ്ണം ചുരുക്കമായിരുന്നു. കാരണം ആ സംഭവം അതിസാധാരണമായിരുന്നു.

ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍, അവന്റെ സാന്നിധ്യം എപ്പോഴും സാധാരണത്വത്തിലാണ്. വിശ്വാസത്തിന്റെ കണ്ണുകള്‍ക്കേ അവനെ തിരിച്ചറിയാന്‍ കഴിയൂ. താഴ്മയെ നെഞ്ചോടു ചേര്‍ത്തവര്‍ ബേത്‌ലെഹെമിലെ ശിശുവിനെ തിരിച്ചറിഞ്ഞു, സാധാരണത്വത്തില്‍ ദൈവത്തിന്റെ അത്ഭുതം കാണുന്ന കണ്ണുകള്‍ മാത്രം അവനെ കണ്ടു. ഇടയന്മാര്‍, ആടുകള്‍, പിന്നെ ജ്ഞാനികള്‍. എളിമയെ കാണുവാനും സ്വീകരിക്കാനും തങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ് അന്വേഷണത്തിന് തയ്യാറായവരാണ് അവര്‍.

സാധാരണയായി വീടുകളില്‍ അമ്മമാര്‍ പലഹാരം കുഞ്ഞുങ്ങള്‍ കാണാതെ ഒളിച്ചുവയ്ക്കുന്നത് സാധാരണ സ്ഥലത്താണ്, വീടിന്റെ താക്കോലും നാം സാധാരണ സ്ഥലത്ത്, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കും. അതുപോലെ ദൈവം തന്റെ നിധിയെ സ്വര്‍ഗ്ഗത്തിന്റെ വലിയ സമ്മാനത്തെ ബേത്‌ലെഹെമിലെ പുല്‍ത്തൊട്ടിയില്‍ മറച്ചുവച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായി അവന്‍ ജനിച്ചു.

അവന്റെ ജനനത്തില്‍ മാലാഖമാര്‍ പാടി ”സന്മനസുള്ളവര്‍ക്ക് സമാധാനം.” സമാധാനത്തിന്റെ പ്രതീകമായി ബത്‌ലഹേമിനെ കാണാന്‍ കഴിയും. ഒരു സദ്‌വാര്‍ത്തയുടെ ഉറവിടവും ആനന്ദത്തിന്റെ കേന്ദ്രമായും ബേത്‌ലെഹെമിനെകാണാം.

യൗസേപ്പിന്റെയും മറിയത്തിന്റെയും തിരസ്‌ക്കരണത്തിന്റെ നാളുകള്‍ അവസാനിച്ചത് അവന്റെ ജനനത്തോടെയാണ്. നീ തിരസ്‌കൃതനാണോ?ഏകാകിയാണോ? എങ്കില്‍ നീയും നിന്റെ ജീവിതത്തില്‍ ഉണ്ണിയെ ചേര്‍ത്തു പിടിക്കുക. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍, നൈരാശ്യങ്ങളില്‍,നൊമ്പരങ്ങളില്‍, തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളില്‍, നഷ്ടപ്രണയങ്ങളില്‍ വര്‍ണ്ണങ്ങളുടെ ഉത്സവം തീര്‍ക്കാന്‍ നിനക്കായി ഒരു ‘ബേത്‌ലെഹെം’ ഒരുങ്ങിയിരിക്കുന്നു. നിനക്കു വേണ്ടി മാത്രം.

അപ്പത്തിന്റെ ഭവനം എന്നര്‍ത്ഥമുണ്ട് ബേത്‌ലഹെമിന്. അപ്പമായി മാറുന്നവന്‍ അപ്പത്തിന്റെ ഭവനത്തില്‍ നിന്നും ജനിക്കുന്നു; വിസ്മയം തന്നെ. ജീവിതത്തെ മുഴുവന്‍ പിന്നീടവന്‍ അപ്പത്തിന്റെ സമൃദ്ധിയാക്കിമാറ്റുന്നുണ്ട്. ഈ ക്രിസ്മസ്, അപ്പമാകാന്‍ നമ്മെ ക്ഷണിക്കുന്നു- അപരന് പ്രത്യാശയുടെ, സ്‌നേഹത്തിന്റെ കരുതലിന്റെ, സാന്ത്വനത്തിന്റെ, ക്ഷമയുടെ, വിശുദ്ധിയുടെ അപ്പമാകാന്‍. ക്രിസ്തുവിനോട് അനുരൂപകരാകാനുള്ള ക്ഷണമാണ്, ആഹ്വാനമാണ് ഇന്ന് നമുക്ക് ബേത്‌ലെഹെം നല്‍കുന്നത്. അനുദിന ജീവിതത്തില്‍ ക്രിസ്തു നിന്റെ ഹൃദയമാകുന്ന ബത്‌ലഹേമില്‍ ജനിക്കട്ടെ.

മനുഷ്യന്‍ തിരസ്‌ക്കരിച്ച ദൈവം മനുഷ്യചരിത്രത്തിലേക്ക് കടന്നു വന്ന്, ദാസന്റെ രൂപം സ്വീകരിച്ച് ശിശുവായി പിറന്നതിന്റെ ഓര്‍മ്മകൂടിയാണ് ക്രിസ്മസ്. ഒറ്റപ്പെട്ട ഗ്രാമത്തില്‍, ഒറ്റപ്പെട്ടവനായി തന്നെ അവന്‍ ജനിച്ചു, നമ്മുടെ ഒറ്റപ്പെടലിന്റെ നൊമ്പരം ഏറ്റുവാങ്ങാന്‍ വേണ്ടി മാത്രം. അവന്റെ തിരുപിറവിയുടെ ലക്ഷ്യം ഇത്രമാത്രം- നമ്മെ മനുഷ്യരാക്കുക, നമ്മെ ദൈവോന്മുഖരാക്കി വളര്‍ത്തുക.

ഒറ്റപ്പെടലിന്റെ ചരിത്രം ആദ്യം മുതലേ നാം കാണുന്നു. മനുഷ്യന്‍ ദൈവത്തില്‍ നിന്ന് ഒറ്റപ്പെടുന്നു. മനുഷ്യന്‍ മനുഷ്യന് എതിരായി മാറുന്നു. സഹോദരന്റെ ജീവനെതിരെ കൊലവാളെടുക്കുന്ന കായേന്റെ പ്രതിരൂപമായ ആധുനിക മനുഷ്യന് ബേത്‌ലഹെം ഒരു വെല്ലുവിളിയാണ്. ബേത്‌ലെഹെം ജീവന്‍ നല്‍കുന്ന ഇടമാണ്. മനുഷ്യരാശിക്ക് കൂട്ടായ്മയുടെ, സമൃദ്ധിയുടെ സുവിശേഷമായി മാറുന്നു ബേത്‌ലെഹെമിലെ ദിവ്യപൈതല്‍.

നമുക്കും ബേത്‌ലഹെമിനെ പോലെ താഴ്മയുള്ളവരാകാം, അവന് പിറക്കാന്‍ ഒരിടം നമ്മിലും രൂപപ്പെടട്ടെ. പട്ടുമെത്ത അവന്‍ ആഗ്രഹിക്കുന്നില്ല, ആരവങ്ങളും ആര്‍പ്പുവിളികളും അവനുവേണ്ട; സ്‌നേഹത്തിന്റെ ഇത്തിരിചൂടും കാരുണ്യത്തിന്റെ ചെറുനാളവും എളിമയുടെ കച്ചയും കരുതലിന്റെ പുല്‍മെത്തയും അവനായി നമുക്ക് ഒരുക്കാം. എളിയവനായ, അയല്‍ക്കാരന്റെ കണ്ണുകളിലൂടെ ദൈവത്തെ ദര്‍ശിക്കാന്‍ ഈ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ, അങ്ങനെ ‘ചെറുമയുടെ ആഘോഷത്തെ’ നമുക്ക് അനുഭവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ