ക്രിസ്തുമസ് വിചിന്തനം 4: പരി. മറിയം

കണ്ണിനു കൗതുകവും കാതിന് ഈണവും മനസ്സിനു കുളിര്‍മ്മയും നല്‍കുന്നതാണ് തെളിഞ്ഞ് ഒഴുകുന്ന ഒരു അരുവി. അതിന്റെ ചലനം സദാ മുമ്പോട്ട്. പിന്നിലേക്ക് തിരിയുന്നില്ല. മുന്നിലുള്ള എന്തോ ലക്ഷ്യമാക്കി കുതിച്ചു പായുകയാണ്. അതിനിടയില്‍ അനേകം പ്രതിബന്ധങ്ങള്‍. പക്ഷേ, അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ വീണ്ടും നീങ്ങുകയാണ്. ഒഴുക്കിനൊപ്പം മാര്‍ഗ്ഗമധ്യേയുള്ള മാലിന്യങ്ങളും മാറ്റുന്നു. മാത്രമല്ല, അതിന്റെ തീരങ്ങളില്‍ വളരുന്ന വൃക്ഷലതാദികള്‍ക്ക് സമൃദ്ധിയും നല്‍കുന്നു. എങ്കിലും ഇതിനൊന്നും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സമുദ്രത്തില്‍ എത്തിച്ചേരുന്നതിനായി പാതയിലെ പ്രതിസന്ധികളെ അതിജീവിച്ച് പാറയില്‍ ഇടിച്ച് ചിന്നിച്ചിതറിയാലും ഉടനടി പൂര്‍ണ്ണത കൈവരിച്ച് യാത്ര തുടരുകയാണ്. സമുദ്രത്തില്‍ എത്തിച്ചേരുന്നതുവരെ വിശ്രമമില്ലാത്ത യാത്ര.

ഈ തെളിനീരരുവിപോലെ നൈര്‍മ്മല്യ ഹൃദയമുള്ളവളും, താന്‍ നടന്നു നീങ്ങിയ വഴികളിലെ മാലിന്യങ്ങള്‍ നീക്കി, സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പുഷ്പങ്ങള്‍ വിരിയിച്ച് സൗരഭ്യം പരത്തുന്നവളും പരീക്ഷണഘട്ടങ്ങളില്‍ പ്രത്യാശയുടെ പ്രകാശകിരണങ്ങള്‍ തൂകി മുന്നേറിയവളുമാണ് പരിശുദ്ധ കന്യാമറിയം. ക്രിസ്മസിനെക്കുറിച്ചുള്ള ഏത് ധ്യാനവും പരിശുദ്ധ അമ്മയെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ പൂര്‍ണ്ണമാവില്ല.

ഒരു കുഞ്ഞ് ഭൂമിയില്‍ പിറന്നു വീണതിനുശേഷം ആദ്യം ഉച്ചരിക്കുന്ന പദമാണ് അമ്മ. ആദ്യത്തെ സംബോധനയാണ് ‘അമ്മേ’ എന്നത്. കാതിനും കരളിനും ഒരുപോലെ ഇമ്പം നല്‍കുന്ന മധുരിത നാമമത്രേ അമ്മ. ഇഹത്തില്‍ ഒരു ശിശുവിനു ലഭിക്കാവുന്ന ഏറ്റവും മഹത്തായ സുരക്ഷിതത്വസ്ഥാനവും. ജീവന്റെ ജീവനും, പ്രാണന്റെ പ്രാണനുമാണ് അമ്മ. പെറ്റമ്മയുടെ ഓര്‍മ്മ ആനന്ദദായകമാണ്; ആശ്വാസപ്രദമാണ്. അമ്മയുടെ മടിത്തട്ടാണ് കുഞ്ഞിന്റെ പഠനക്കളരി.

ശരീരത്തെ പ്രദാനം ചെയ്യുന്നതിന് ദൈവപരിപാലനാക്രമത്തോടു സഹകരിച്ച പെറ്റമ്മമാരോടുള്ള ബന്ധം ഇത്ര അഗാധമെങ്കില്‍, അനശ്വരമായ ആത്മാവിനു നിത്യജീവന്‍ പകരുന്നതിനു പരിത്രാതാവിനോട് സഹകരിച്ചു വര്‍ത്തിച്ച യഥാര്‍ത്ഥ മാതാവായിരിക്കുന്ന പരിശുദ്ധ മറിയത്തോടു എത്രമാത്രം സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കാന്‍ മക്കളായ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ദൈവം മറിയത്തിന്റെ ഹൃദയത്തില്‍ സ്‌നേഹനിര്‍ഭരവും കരുണാ സമ്പൂര്‍ണ്ണവുമായ മാതൃത്വം നിക്ഷേപിച്ചിരുന്നു. രക്ഷകന്റെ വത്സലമാതാവാകാന്‍ സമ്മതിച്ചതുമൂലം മറിയം മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ മാതൃത്വം ഏറ്റെടുത്തു.

ഈ നവയുഗത്തില്‍ പുരുഷസഹവാസം കൂടാതെയും പലവിധ ചികിത്സാ സമ്പ്രദായത്തിലൂടെ ഒരു സ്ത്രീക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. എന്നാല്‍ രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കന്യക പുരുഷസ്പര്‍ശമേല്‍ക്കാതെ ഗര്‍ഭിണിയായി എന്ന പ്രസ്താവന മാനുഷിക തലത്തില്‍ ഒരു വ്യക്തിക്കും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന ഒന്നല്ല. എങ്കിലും ദൈവിക പദ്ധതി നിറവേറുന്നതിനായി ദൈവം അനാദിയിലേ ഒരുക്കി കാത്തിരുന്ന പരിശുദ്ധയും നിര്‍മ്മലയുമായ മറിയത്തെ ദൈവിക ഇടപെടലിന്റെ ഭാഗമായിത്തന്നെ ജോസഫ് ഭാര്യയായി സ്വീകരിക്കാന്‍ തയ്യാറാകുന്നു. ആദിമാതാപിതാക്കളുടെ അനുസരണക്കേടുമൂലം അടയ്ക്കപ്പെട്ട സ്വര്‍ഗ്ഗ കവാടം തുറക്കാന്‍, സ്വര്‍ഗ്ഗത്തിന്റെ നാഥനും പ്രപഞ്ചത്തിന്റെ രാജാവുമായ ഈശോമിശിഹായെ ഈ ഭൂമിയില്‍ ജാതനാക്കുന്നതിന് കന്യാമറിയം ദൈവഹിതത്തോട് പൂര്‍ണ്ണമായി ആമ്മേന്‍ പറഞ്ഞു. മംഗളവാര്‍ത്തയില്‍ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പ്രത്യുത്തരിച്ചുകൊണ്ട് മറിയം ഈ മാതൃത്വത്തെ സ്വയം ഏറ്റുവാങ്ങുന്നു. ദൈവകൃപയെ ജീവിതത്തില്‍ ഏറ്റുവാങ്ങാനും അനന്തര തലമുറകളെ സമുദ്ധരിക്കാനും ദൈവീക പദ്ധതിയോട് സര്‍വ്വാത്മനാ സഹകരിച്ച മറിയം ആത്മപരിത്യാഗത്തിന്റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ഉത്കൃഷ്ട മാതൃകയാണ്.

തിന്മയുടെ കാര്യത്തില്‍ ആദം ഹവ്വായോടു സഹകരിച്ചതുപോലെ നന്മയുടെ കാര്യത്തില്‍ യേശുക്രിസ്തുവിനോടു സഹകരിച്ചവളാണു പരിശുദ്ധ അമ്മ. രക്ഷകനായ മിശിഹാ ഉദരത്തിലായിരുന്നപ്പോള്‍ത്തന്നെ രക്ഷനല്‍കുന്നവളായി പരിശുദ്ധ അമ്മ മാറി. ഇതിന് ഉത്തമ ഉദാഹരണമാണ് എലിസബത്തിനെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അവളുടെ ഉദരത്തിലെ ശിശു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് കുതിച്ചു ചാടി എന്ന് വി. ഗ്രന്ഥത്തില്‍ വായിക്കുന്നത്.

മനുഷ്യരക്ഷയ്ക്കായി അവതരിച്ച യേശുവിനോട് എല്ലാവിധത്തിലും സഹകരിച്ചവളാണ് പരി. മറിയം. മംഗളവാര്‍ത്ത മുതല്‍ സഹനത്തിന്റെ ജീവിതം നയിച്ച മറിയം യേശുവിന്റെ പരമമായ ബലിയ്ക്കുവേണ്ടി ഒരുങ്ങുകയായിരുന്നു. ബത്‌ലെഹെമിലേക്കുള്ള ദുര്‍ഘടമായ യാത്രയും കാലിത്തൊഴുത്തിലെ പ്രസവവും മാനവരക്ഷയ്ക്കുവേണ്ടി മറിയം സഹിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഈജിപ്തിലേക്കുള്ള പുറപ്പെടലും തിരിച്ചുവരവും അതിനോടനുബന്ധിച്ച് അനുഭവിക്കേണ്ടി വന്നതായി എല്ലാ സഹനങ്ങളും വരാനിരിക്കുന്ന വലിയ ബലിയെക്കരുതി മറിയം സഹിച്ചു.

തന്റെ മകന്‍ തനിക്കുവേണ്ടി മാത്രമുള്ളവനല്ല, അവന്‍ മനുഷ്യവംശത്തിനു മുഴുവന്‍ രക്ഷകൊടുക്കേണ്ടവനാണ് എന്ന തിരിച്ചറിവാണ് ഒരു കുറ്റവാളിയെപ്പോലെ പിടിക്കപ്പെട്ട് തോളില്‍ മരക്കുരിശ് കെട്ടിവച്ച് കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ട മകനെ കണ്ടപ്പോഴും മൗനമായി സഹിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. മരക്കുരിശില്‍ മൂന്നാണികളില്‍ തൂങ്ങി മരണവേദനയാല്‍ പിടയുന്ന വത്സല സുതനെ ദര്‍ശിച്ച മറിയം വേദനിക്കുന്നവരുടെ ആശ്വാസമാണ്. ദുഃഖിതരുടെ ആശ്രയമാണ്. തകര്‍ന്ന ഹൃദയങ്ങളും ഉത്കണ്ഠയും ഭയവും നിരാശയും നിറഞ്ഞ മനസ്സുകളുമായി പ്രതീക്ഷ നശിച്ച മനുഷ്യജീവിതങ്ങള്‍ക്ക് നിത്യം ആശ്രയവും സഹായവുമാണ്.

സൂര്യനേക്കാള്‍ പ്രശോഭിതയും മാലാഖമാരേക്കാള്‍ ഉയര്‍ത്തപ്പെട്ടവളുമായ കന്യാമറിയം നമ്മുടെ ജീവിതങ്ങളില്‍,  കുടുംബങ്ങളില്‍, വിരുന്നുകളില്‍, ആഘോഷങ്ങളില്‍, സങ്കടങ്ങളില്‍ യേശുവിനൊപ്പം മറക്കാനാവാത്ത, മാറ്റിനിര്‍ത്താനാവാത്ത സാന്നിധ്യമാകണം. നിറഞ്ഞ പ്രതീക്ഷയുടെ, ഉറച്ച വിശ്വാസത്തിന്റെ പാഠങ്ങള്‍ മറിയത്തില്‍ നിന്നും പഠിച്ച്, നിരാശയുടെ നേരിയ കണികകള്‍ പോലും വലിച്ചെറിഞ്ഞ് പ്രത്യാശയുടെ കിരണങ്ങള്‍ പതിച്ച പാതയിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു നീങ്ങാം. അമ്മയുടെ മാധ്യസ്ഥത്താല്‍ നാമെല്ലാവരും അനുഗ്രഹീതരാകട്ടെ. സ്വര്‍ഗ്ഗ സിംഹാസനത്തില്‍ സന്നിഹിതനായിരിക്കുന്ന പിതാവിന്റെ മുഖം ദര്‍ശിക്കാന്‍ ജ്ഞാനസ്‌നാനത്താല്‍ അവിടുത്തെ മക്കളായിത്തീര്‍ന്ന ഓരോരുത്തര്‍ക്കും സാധ്യമാകുന്നതിന് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിപ്പടിയായ മറിയത്തിന്റെ സഹായവും സഹകരണവും അപേക്ഷിച്ച് ഓരോ പടിയും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ ചവിട്ടിക്കയറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ