ക്രിസ്തുമസ് വരവായി: 23

റോസിന പീറ്റി

ജോസഫും മേരിയും യാത്രയിലാണ്. ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേർക്കപ്പെടണം എന്ന അഗസ്‌റ്റസ്‌ സീസറിന്റെ കൽപന അനുസരിച്ചുള്ള  യാത്ര. ലൂക്കാ 2 : 1 കൽപ്പന ലോകമാസകലം അനുസരിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ.

എന്നാൽ ഇവിടെ ഈ ദമ്പതികളുടെ പേരെഴുത്തു ഇന്നും വാർത്തയാണ്. ഇതുപോലെ ചില  ജന്മങ്ങൾ, നടന്നു നീങ്ങുന്ന വഴികളെ മനോഹരമാക്കാറുണ്ട്. അരികിലെത്തുന്നവരിലും, അകലെ ആയിരിക്കുന്നവരിലും നന്മകൾ ചാലിച്ച് നിറം പകരുന്ന ജീവിതങ്ങൾ അക്ഷരങ്ങളിൽ എഴുതപ്പെടും. തലമുറകൾ അവരുടെ പേരുകൾ ഏറ്റെടുക്കും. ഞാൻ ലോകജനസംഖ്യയിലെ ഒരു അക്കം മാത്രമായി ഒതുങ്ങപ്പെടേണ്ട ആൾ അല്ല. സൂര്യഗോളത്തിൽ നിന്ന് പ്രകാശം പ്രവഹിച്ചു എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നത് പോലെ എന്നിൽ നിന്നും നന്മകൾ പ്രവഹിക്കണം. ഞാനും അക്കത്തിൽ നിന്ന് അക്ഷരങ്ങളിലേക്ക്  മാറ്റപ്പെടും.

ക്രിസ്തുവിനേയും ജോസഫിനെയും മറിയത്തെയും, മഹാത്മാഗാന്ധിയേയും മദർ തെരേസയേയും പോലെ, സ്നേഹത്താൽ, നന്മകളാൽ, സഹായഹസ്തങ്ങളാൽ, മരണമില്ലാത്ത അക്ഷരങ്ങളിലേക്ക് നടന്നടുക്കാൻ നമ്മുക്കും ശ്രമിക്കാം. ക്രിസ്തുവിനോട് ചേർന്ന് എന്റെ പേരും വായിച്ചുതുടങ്ങണമെങ്കിൽ ഞാനും, മറിയവും ജോസഫും ദൈവത്തിനു മുൻപ്പിൽ സ്വയം വിട്ടുകൊടുത്തതുപോലെ എന്നെയും സമർപ്പിക്കേണ്ടിയിരിക്കുന്നു.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.