ക്രിസ്തുമസ് വരവായി: 21

റോസിന പീറ്റി

ലോകാരംഭം മുതലുള്ള ദൈവിക ഇടപെടലിന്റെ ചരിത്രം നോക്കിയാൽ, ദൈവം ചില വ്യക്തികളെ പ്രത്യേകം തിരഞ്ഞെടുക്കുന്നത് കാണാനാകും. അബ്രഹാം, മോശ, ജോഷ്വാ ഇങ്ങനെ അവന് പ്രിയമേറുന്ന ചില വ്യക്തികൾ. ഇതിൽ പുരോഹിതരും ഇടയന്മാരും രാജാക്കന്മാരും ഒക്കെയുണ്ട്. ചിലരെ ഓമനപ്പേര് നൽകി പ്രത്യേക ദൗത്യത്തിനായി മാറ്റിനിർത്തുന്നുമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിലും ഇത് പുനരാവർത്തിക്കപ്പെടുകയാണ്.

മറിയം, ജോസഫ്, സക്കറിയ, എലിസബത്ത്, യോഹന്നാൻ ഇങ്ങനെ ചില വേറിട്ട വ്യക്തികൾക്ക് സ്വർഗ്ഗത്തിന്റെ ഇടപെടലുകൾ നൽകി ആദരിക്കുന്നതു കാണുക. അസൂയാവഹമായി പ്രിയമേറുന്ന ഒരു ഗണത്തെ അവന്റെ പരസ്യജീവിതകാലത്തും അവൻ കൂടെ കൂട്ടിയിട്ടുണ്ട്. ആദ്യം എഴുപത്തിരണ്ടു പേരുടെ ഒരു ഗണം, അതിൽ നിന്ന് പേരുചൊല്ലി ചേർത്തുപിടിച്ച പന്ത്രണ്ടു പേര്‍. വീണ്ടും പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് ഒരു പ്രത്യേകസ്നേഹം. പിന്നെ മാറിൽ ചാരികിടത്താൻ ഒരു ആത്മമിത്രം. എല്ലാറ്റിനുമുപരിയായി ഈ കൂട്ടുകാരെയും വിട്ട് പിതാവിന്റെ മടിയിൽ ഒന്ന് കിടക്കാൻ മലമുകളിലേയ്ക്ക് ഒരു പിന്മാറ്റവും. ഇത് ദൈവത്തിന്റെ ഫ്രണ്ട്ഷിപ്പാണ്.

എങ്കിൽ ഞാനും ഇത് കണ്ടു പഠിക്കേണ്ടേ? ഞാൻ എന്തിനാണ് ഒറ്റയ്ക്കാണെന്നു കേഴുന്നത്. എന്റെ വേദനകളിൽ എന്നെ കേൾക്കുന്ന സൗഹൃദങ്ങൾ എനിക്കും ഉണ്ടായേ തീരൂ. നമ്മെ സ്നേഹിക്കുന്ന, നമ്മെ മനസ്സിലാക്കുന്ന ബന്ധങ്ങൾ ചേർത്തുപിടിക്കാം. ഒറ്റിക്കൊടുക്കപ്പെടാം, തള്ളിപ്പറയപ്പെടാം… അപ്പോൾ തളർന്നുവീഴാതിരിക്കാൻ ക്രിസ്തുവിനെപ്പോലെ ദൈവത്തിന്റെ അരികിൽ ഓടിയെത്താൻ പഠിക്കണം.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.