ക്രിസ്തുമസ് വിചിന്തനം 16 – കര്‍ത്താവ് അരുളിച്ചെയ്ത ഈ സംഭവം

ഇടയന്മാര്‍, പ്രൗഢിയുടെ പരിവേഷമില്ലാത്തവരാണ്, ആടുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ശ്രദ്ധമാത്രം സ്വന്തമായുള്ളവര്‍. അവര്‍ക്ക് ആകുലതകളില്ല, മാത്സര്യത്തിന്റെയോ ജയപരാജയങ്ങളുടെയോ കണക്കുകളില്ല വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള ആവേശമില്ല. അധരങ്ങളില്‍ യഹോവയുടെ സ്തുതിപ്പുകളുമായി രാവിന്റെ മനോഹാരിതയെ കൂടുതല്‍ അനുഭൂതിദായകമാക്കുന്നവരാണ് അവര്‍.

ഉള്ളില്‍ നക്ഷത്രനിബിഡമായ ആകാശത്തിന്റെ പ്രൗഢിയേക്കാല്‍ ഘനമുള്ള ശാന്തത പേറുമ്പോഴും ആ ശാന്തതയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നൊരു കാത്തിരിപ്പുണ്ട്; തലമുറകളുടെ കാത്തിരിപ്പ്. ഈ കാത്തിരിപ്പിന്റെ ഭാഗമായ ജാഗരണത്തിന്റെ ആഴങ്ങളിലാണ് സദ്‌വാര്‍ത്ത അവരെ തേടിയെത്തുന്നത്. വിദേശത്തു നിന്നു വരുന്ന പിതാവിനെ കാത്തിരിക്കുന്ന കുട്ടികള്‍ക്ക് മുറ്റത്തു  വന്നു നില്‍ക്കുന്ന വാഹനത്തിന്റെ ശബ്ദം ആഹ്ലാദജനകമാണ്. അവര്‍ വാഹനത്തിന്റെയടുത്തേക്ക് ഓടിയെത്തി പിതാവിനെ കെട്ടിപ്പിടിച്ചു സ്‌നേഹം പ്രകടിപ്പിക്കും. വളരെ സുപരിചതമായ ഈയൊരു കാര്യത്തോട് ഇടയന്മാരുടെ സംഭവം നമുക്ക് ഉപമിക്കാം.

ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട ദൂതഗണം അറിയിച്ച സദ്‌വാര്‍ത്തയിലൂടെ അവര്‍ കര്‍ത്താവിന്റെ സ്വരമാണ് കേള്‍ക്കുന്നത്. എത്രയോ നാളുകളായി കാത്തിക്കുന്ന അവരുടെ കണ്ണുകള്‍ക്കു മുമ്പില്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുന്നു, സ്വര്‍ഗ്ഗീയവൃന്ദം അണിനിരക്കുന്നു. അതിനുള്ളില്‍ അവര്‍ കര്‍ത്താവിനെ ഉള്‍ക്കണ്ണുകള്‍ കൊണ്ടു കാണുന്നു.

സമൂഹത്തില്‍ താഴ്ന്ന ഗണത്തില്‍പ്പെട്ടവരാണ് ഇടയന്മാര്‍ എന്നും. സ്ഥാനമോഹമോ പ്രകടനങ്ങളോ ആരവങ്ങളോ ഇല്ലാത്തവര്‍. രാപകല്‍ ആടുകള്‍ക്കായി ജീവിതം നയിക്കുന്നവര്‍. പുല്‍നാമ്പുകളുടെ തിളക്കം കണ്ട് അകതാരില്‍ ആനന്ദാമൃതം നിറയ്ക്കുന്നവര്‍. കാവലിന്റെ രാവുകളെ സങ്കീര്‍ത്തന ഗീതങ്ങളാല്‍ മുഖരിതമാക്കുന്നവര്‍. അവരുടെ മധ്യത്തിലേക്കാണ് സദ്‌വാര്‍ത്ത എത്തുന്നത്. ദൈവം എപ്പോഴും അങ്ങനെയാണ്; ദിവ്യസന്ദേശങ്ങള്‍ ഒഴുകിയെത്തുന്നത് എളിമയുള്ള ഹൃദയങ്ങളിലേക്കാണ്. താണ നിലത്തേ നീരോടൂ എന്ന പഴമൊഴി നമുക്ക് മനഃപാഠമാണ്. വെളിപാടുകളുടെ പ്രവാഹങ്ങള്‍ എളിയ ഹൃദയങ്ങളിലേക്ക് ദൈവം സമൃദ്ധമായി ചൊരിഞ്ഞിട്ടുള്ളതായി അനേകം വിശുദ്ധ ജീവിതങ്ങള്‍ നമുക്കു മുമ്പില്‍ സാക്ഷ്യപ്പെടുത്തുന്നു.

ദൈവദൂതന്മാരുടെ വാക്കുകളിലൂടെ അവര്‍ ശ്രവിച്ചത് കര്‍ത്താവിന്റെ വചനമായിരുന്നു. ദൈവം തന്റെ സന്ദേശങ്ങള്‍ എപ്പോഴും ദൂതന്മാരിലൂടെയാണ് നല്‍കുന്നത്. ഇടയന്മാരുടെ ഹൃദങ്ങള്‍ ദൈവവചനത്തിനായി ഒരുക്കപ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ദൈവദൂതന്മാരുടെ വാക്കുകള്‍ അവരുടെയുള്ളില്‍ ദൈവവചനങ്ങളായി പെയ്തിറങ്ങിയത്. തെളിഞ്ഞ വെള്ളത്തില്‍ വീഴുന്നതെന്തും തെളിവായി കാണുന്നതുപോലെ നിര്‍മ്മല ഹൃദയത്തില്‍ വന്നുപതിക്കുന്ന വചനത്തിന്റെ അനന്യത അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ കണ്ടെത്താന്‍ കഴിയും.

ജീവിതത്തില്‍ സംഭവിക്കുന്നവയെ കര്‍ത്താവിന്റെ കണ്ണുകളിലൂടെ കാണാന്‍ ശ്രമിക്കുക. അപ്പോള്‍ സംഭവങ്ങള്‍ക്കെല്ലാം മനോഹാരിതയുണ്ടാകും. കര്‍ത്താവ് അരുള്‍ ചെയ്ത സംഭവങ്ങളാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുക എന്ന് ഉറച്ച് വിശ്വസിച്ചാല്‍ പല പ്രതിസന്ധികളില്‍ നിന്നും തെറ്റിദ്ധാരണകളില്‍ നിന്നും നമുക്ക് കരകയറാനാകും. കാരണം, കര്‍ത്താവ് അരുള്‍ചെയ്ത കാര്യങ്ങളാണ് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെങ്കില്‍ നമ്മള്‍ ഭയപ്പെടുന്നത് എന്തിനാണ്?

നിനക്കു ചുറ്റുമുള്ള നിന്റെ സഹോദരങ്ങളെ ദൈവദൂതന്മാരെന്നു തിരിച്ചറിയാന്‍ നിനക്കു കഴിയുമ്പോഴേ അവരിലൂടെ വരുന്ന സന്ദേശങ്ങള്‍ കര്‍ത്തൃവചനങ്ങളായി സ്വീകരിക്കാന്‍ നിനക്കു കഴിയൂ. ഇല്ലെങ്കില്‍ ആ നക്ഷത്രശോഭയോ ദിവ്യ സംഗീതമോ ഒന്നും നിനക്ക് അനുഭവിക്കാനാവില്ല. അതറിയണമെങ്കില്‍ അപരനിലെ മാലാഖയെ നീ മനസ്സിലാക്കണം; അവനിലൂടെ  വരുന്ന സന്ദേശങ്ങള്‍ മംഗളവാര്‍ത്തയായി നീ സ്വീകരിക്കണം.

അവിടെയാണ് സദ്‌വാര്‍ത്ത സ്വീകരിച്ച ഇടയന്മാരെപ്പോലെ നീയും ചാടിയെഴുന്നേല്‍ക്കേണ്ടത്. കര്‍ത്താവില്‍ നിന്നും അവര്‍ ദിവ്യസന്ദേശം ശ്രവിച്ചയുടന്‍ ബേത്‌ലെഹേമിലേക്ക് പുറപ്പെട്ടു. ദൈവവചനത്തിന് ഉടനടി മറുപടി നല്‍കാന്‍ താഴ്മയുള്ള, ഉണര്‍വ്വുള്ള ഹൃദയങ്ങള്‍ക്കേ കഴിയൂ ദാസമനോഭാവം സ്വന്തമാക്കിയവര്‍ക്ക് ദൈവിക സന്ദേശങ്ങളോട് ഉടനടി പ്രത്യുത്തരിക്കാതിരിക്കാനാവില്ല.

ഈ കേള്‍വിയുടെ പ്രത്യുത്തരമായ ഓട്ടത്തിനൊടുവിലാണ് ദിവ്യദര്‍ശനം സാധ്യമാകുന്നത്. ആ കുളിരുള്ള രാവില്‍ അവരുടെ ഓട്ടം അവസാനിച്ചത് കാലിത്തൊഴുത്തിലാണ്.

നീയും ഓടുക; നിന്റെ അയല്‍ക്കാരനിലൂടെ, ഈ  പ്രഞ്ചത്തിലൂടെ. പൂവിലും പുല്‍നാമ്പിലും പുഴയുടെ കുളിര്‍മ്മയിലും നിന്റെ കണ്ണീരിന്റെ ചൂടിലും പറയാതെ പറയുന്ന വാക്കുകളിലൂടെ, നിന്നെ നിന്ദിക്കുന്നവന്റെ നാവിലൂടെ, ദരിദ്രന്റെ രോദനത്തിലൂടെയൊക്കെ കടന്നു വരുന്ന കര്‍ത്തൃസന്ദേശങ്ങള്‍ നിന്റെ കൈകാലുകളെ ഉത്തേജിപ്പിക്കട്ടെ, അതിനുശേഷം നിന്റെ കണ്ണുകള്‍ക്കും ലഭിക്കും ദിവ്യദര്‍ശനം. അതുവഴി അവര്‍ ആനന്ദമണിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.