ക്രിസ്മസ് ധ്യാനം 16: ഇടയന്മാര്‍

ആ പ്രദേശത്തെ വയലുകളില്‍, രാത്രി ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു (ലൂക്കാ 2:8).

നിറകുടത്തില്‍ നിന്ന് തുളുമ്പിത്തെറിച്ച ജലകണം പോലെ ഈശോയുടെ ജീവിതനിറവില്‍ നിന്ന് തെറിച്ചുവീണ പാഴ്ക്കഥകളല്ല തിരുപ്പിറവിയുടെ അനുബന്ധ സംഭവങ്ങള്‍. അവന്റെ വരാനിരിക്കുന്ന ജീവിതസംഭവങ്ങളുടെ പൊന്‍പരാഗങ്ങള്‍ പുല്‍ക്കൂട്ടില്‍ പാറിവീഴുന്നുണ്ട്. അവയിലേറ്റവും നിര്‍ണ്ണായകമാണ് പുല്‍ക്കൂട്ടിലെത്തിയ സന്ദര്‍ശകര്‍.

കാലിത്തൊഴുത്തില്‍ ആദ്യമെത്തി രക്ഷകനെ ദര്‍ശിക്കാന്‍ എന്തുകൊണ്ടും അനുയോജ്യര്‍ ആട്ടിടയര്‍ തന്നെ. ഇസ്രായേലിന്റെ ഇടയന്‍ ബെത്‌ലഹമില്‍ നിന്നു വരും എന്ന മിക്കായുടെ പ്രവചനം (മിക്ക 5:1) അറിയാവുന്നവരാണിവര്‍. ഞാന്‍ നല്ലയിടയനാകുന്നു (യോഹ. 10:11) എന്ന് സ്വയം വിശേഷിപ്പിക്കേണ്ടയാളെ ഇടയമനസ്സും ജീവിതവുമുള്ള ആട്ടിടയരല്ലാതെ ആരാണ് ആദ്യം മുഖം കാണിക്കുക? ഇടയന്മാര്‍ കണ്ടതാകട്ടെ, മറിയത്തോടും യൗസേപ്പിനോടുമൊപ്പം ദിവ്യശിശുവിനെയും; പിന്നെ തൊഴുത്തിലെ സ്ഥിരം അന്തേവാസികളായ മൃഗങ്ങളേയും. കാള തന്റെ യജമാനനെ അറിയുന്നു; കഴുത തന്റെ യജമാനന്റെ തൊഴുത്തും എന്ന പഴയനിയമ വചനങ്ങളുടെ (ഏശയ്യ 1:3) അക്ഷരാര്‍ത്ഥത്തിലുള്ള പൂര്‍ത്തീകരണത്തിന് അവര്‍ സാക്ഷികളായി. സ്വയം ബലികൊടുത്ത് എല്ലാ മൃഗബലികളും അവസാനിപ്പിക്കാന്‍ വന്നവന് കാലിത്തൊഴുത്ത് ഈറ്റില്ലമാകുന്നതില്‍ വല്ലാത്തൊരു കാവ്യനീതിയുണ്ട്.

മാലാഖമാരുടെ സന്തോഷദൂത് കിട്ടിയ ഇടയന്മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബെത്‌ലഹം വരെ പോയി കര്‍ത്താവ് അറിയിച്ച ഈ സംഭവം കാണാം. അവര്‍ക്ക് കിട്ടിയ വെളിപാട് കേള്‍വി വഴിയാണ്. ഇനിയവര്‍ക്ക് കാഴ്ച വേണം. മോശ തുടങ്ങി പലരും പഴയനിയമത്തില്‍ കര്‍ത്താവിനെ കാണാനും കേള്‍ക്കാനും ഭാഗ്യം സിദ്ധിച്ചവരായിരുന്നു. പുതിയനിയമത്തില്‍ വചനം മാംസമാവുകയാണ്. അത് കേള്‍വിയുടെയും കാഴ്ചയുടെയും വെളിപാടാണ്. കേട്ടാലും മനസ്സിലാക്കുകയോ കണ്ടാലും ഗ്രഹിക്കുകയോ ഇല്ലാത്ത ഒരു തലമുറയില്‍ (ഏശ. 6:9; ജെറ. 5:21) മാലാഖമാരുടെ വചനം കേട്ടശേഷം മാംസമായ വചനത്തെ കാണാനായി ഇടയന്മാര്‍ ചാടിപ്പുറപ്പെടുകയാണ്. ഭാഗ്യവാന്മാരുടെ ഒന്നാം നിരയിലാണ് ഇവര്‍! കാരണം, ഈശോയുടെ വാക്കുകള്‍: ”നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍ അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍ അവ കേള്‍ക്കുന്നു. അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും, കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല (മത്തായി 13:16-17).

സ്വന്തം ആടുകള്‍ക്ക് രാവേറെയും കാവലിരുന്ന ഇടയന്മാരെ പുല്‍ക്കൂട്ടിലെത്തിച്ചത് ദൂതന്മാരുടെ അറിയിപ്പാണ്. അവരുടെ ഉറങ്ങാത്ത കണ്ണുകളുടെയും അടയാത്ത കാതുകളുടെയും ജാഗ്രതയ്ക്കു കിട്ടുന്ന പ്രതിഫലമാണ് മാലാഖമാരുടെ ദൂത്. വിളക്ക് കൊളുത്തി മണവാളനെ കാത്തിരിക്കുന്ന കന്യകമാര്‍ക്ക് തുല്യരായിരുന്നു അവര്‍ അപ്പോള്‍. രാത്രിയുടെ അപ്രതീക്ഷിത യാമത്തില്‍ അറിയിപ്പുണ്ടായി. ഇതാ മണവാളന്‍ (മത്തായി 25:7) എത്തിയിരിക്കുന്നു! ഇടയന്മാര്‍ക്ക് കിട്ടിയ ദിവ്യവിരുന്നാണ് അപ്പത്തിന്റെ ഭവനത്തില്‍ (ബെത്‌ലഹമില്‍) അവര്‍ കണ്ട ഉണ്ണീയേശു. ജീവന്റെ അപ്പമാണ് താന്‍ എന്ന് (യോഹ. 6:35) പിന്നീട് പ്രഖ്യാപിക്കേണ്ടയാളാണ് ശിശുവായി പുല്‍ക്കൂട്ടില്‍ ശയിച്ച് ഇപ്പോള്‍ ഇടയന്മാര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നത്.

ഇടയന്മാര്‍ തങ്ങളുടെ വിലപ്പെട്ട സമ്പാദ്യമായ ആട്ടിന്‍കൂട്ടത്തെ ആലയില്‍ വിട്ടിട്ട് ഈശോയുടെ സവിധത്തിലെത്തി. നിധിയൊളിച്ചിരിക്കുന്ന വയല്‍ പോലെയാണത്രേ സ്വര്‍ഗ്ഗരാജ്യം. അത് കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു (മത്തായി 13:44). ഈ അര്‍ത്ഥത്തില്‍ ദൈവരാജ്യം സ്വന്തമാക്കാന്‍ തങ്ങള്‍ക്കുള്ളതിനെ പിന്നിലാക്കുന്ന എല്ലാവരുടെയും തുടക്കക്കാരാണ് ആട്ടിടയന്മാര്‍. പത്രോസും കൂട്ടരും തങ്ങളുടെ സമ്പാദ്യമായ വള്ളവും വലയും ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്ന ചരിത്രം പിന്നീടുണ്ടായതാണ്.

ഈശോ പറഞ്ഞു: ”ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു” (മത്തായി 18:5). ബെത്‌ലഹമിലെത്തി ദിവ്യശിശുവിനെ ആദരപൂര്‍വ്വം ഹൃദയത്തിലേറ്റു വാങ്ങിയ ആട്ടിടയന്മാരെപ്പോലെ മറ്റാരും ഈശോയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയിട്ടുണ്ടാവില്ല. മറ്റുള്ളവരൊക്കെ ശിശുക്കളെ യേശുവായി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു; എന്നാല്‍, ഈ ഇടയന്മാരോ, ഈശോയെ ഒരു ശിശുവായി സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരും!

ഇടയ സന്ദര്‍ശനം അവസാനിക്കുന്നത് മഹത്തായ ഒരു സാക്ഷ്യം പറച്ചിലിലാണ്. ”അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങള്‍ അവര്‍ മറ്റുള്ളവരെ അറിയിച്ചു” (ലൂക്ക 2:17). പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ അവര്‍ ഇടയന്മാര്‍ മാത്രമായിരുന്നു; തിരിച്ചുവന്നപ്പോഴേക്കും അവര്‍ അപ്പസ്‌തോലന്മാര്‍ക്ക് സമന്മാരായി. ഈശോയെ യഥാര്‍ത്ഥത്തില്‍ കണ്ടവരാരും വെറുതെ തിരിച്ചുനടന്നിട്ടില്ല. സമറിയാക്കാരി സ്ത്രീ ഒറ്റ കണ്ടുമുട്ടലോടെ ഈശോയുടെ പ്രേഷിതയായി മാറിയിരുന്നു (യോഹ. 4: 39,42). ഉത്ഥിതന് സാക്ഷിയായ മഗ്ദലന മറിയത്തിന് അവന്റെ സാക്ഷിയാകുകയല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു. വിശ്വാസത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്കേ ഒരു ശിശുവിന്റെ ദിവ്യത്വത്തിന് സാക്ഷ്യം പറയാന്‍ കഴിയൂ.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

പ്രാര്‍ത്ഥന:

ദൈവമേ, തങ്ങളറിഞ്ഞ നന്മ മറ്റുള്ളവരെയും അറിയിക്കുന്ന ഇടയന്മാരുടെ നന്മ കൂടുതല്‍ മനസിലാക്കാനും ധ്യാനിക്കാനും ഈ ക്രിസ്മസ് കാലത്ത് എനിക്ക് ഇടവരുത്തിയല്ലോ. മറ്റുള്ളവരുടെ നന്മ മറച്ചുവയ്ക്കുന്നതിലായിരുന്നു എനിക്ക് എന്നും താല്‍പര്യം. എന്റെ ജീവിതസാഹചര്യത്തില്‍ ഞാനും ഇടയനാണെന്നും ഞാനും അപരന്റെ നന്മ നാലാളെ അറിയിക്കാന്‍ കടപ്പെട്ടവനുമാണെന്ന ബോധ്യം എന്നില്‍ ഉറപ്പിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.