ക്രിസ്തുമസ് വരവായി: 16

റോസിന പീറ്റി

ഏറ്റം നിസാരമായതിനെപ്പോലും മഹനീയമാക്കുന്നവനാണ് മാംസം ധരിച്ച വചനം. ബാലന്റെ കൈയ്യിലെ അഞ്ച് അപ്പവും, വിധവയുടെ കൊച്ചുകാശും, ചുങ്കക്കാരന്റെ പ്രാർത്ഥനയും, അഴുകിത്തുടങ്ങിയ ലാസറിന്റെ ശരീരവും, തിരികെയെത്തിയ കുഷ്ഠരോഗിയുടെ നന്ദിവാക്കും, വിജാതീയ സ്ത്രീയുടെ വിശാസവും മാത്രമല്ല, വയലിലെ ലില്ലികളും എന്തിനേറെ കൊഴിഞ്ഞുപോകുന്ന എന്റെ ഓരോ മുടിയിഴ പോലും അവനിലുണർത്തിയ ജിജ്ഞാസ തെല്ലൊന്നുമല്ല.

അടിതെറ്റി നിൽക്കുന്നവന് അവന്‍ എന്നും അഭയമായിരുന്നു. എന്നോട് താദാത്മ്യപ്പെടുകയായിരുന്നു അവന്റെ മനോഭാവങ്ങളിൽ നിറഞ്ഞുനിന്ന ഭാവം. ചാക്കുവസ്ത്രം ധരിച്ച യോഹന്നാനെയും, കുള്ളൻ സക്കേവൂസിനെയും, കൂനിയായ സ്ത്രീയെയും ഒക്കെ ഇങ്ങനെ വാനോളം വാഴ്‌ത്തണമെങ്കിൽ അവനിൽ അണകെട്ടി നിൽക്കുന്ന പുണ്യം എത്രയധികമായിരിക്കും. ക്രിസ്തുവിനെ അനുകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന എന്നിലെ ചെയ്തികൾ നോക്കിയാൽ ക്രിസ്ത്യാനി എന്ന വിളിപ്പേരിനു പോലും ഞാൻ അർഹയല്ല. മണ്ണിനെ പുണ്യമാക്കി മാറ്റിയ ക്രിസ്തുവിന്റെ മനോഭാവം എന്നിൽ പിറക്കുമ്പോൾ, എളിയവരിലെ മഹിമ കാണുവാൻ എന്റെ മിഴികൾ പ്രകാശിച്ചു തുടങ്ങും.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.