ക്രിസ്തുമസ് വിചിന്തനം 15 – നമുക്ക് ബേത്‌ലെഹെമിലേക്ക് പോകാം

സത്രങ്ങളുടെ ഓരോ വാതിലും ഒന്നിടവിടാതെ ജോസഫിനും മറിയത്തിനും നേരെ കൊട്ടിയടയ്ക്കപ്പെട്ട രാത്രിയിലാണു ക്രിസ്മസിന്റെ  നിലാവുദിക്കുന്നത്. പിഞ്ചുകുഞ്ഞിനു ജന്മം നല്‍കാന്‍ ഒരു മാതാവും ഒരിക്കലും ഇഷ്ടപ്പെടാത്ത ഇടമാണ് കാലിത്തൊഴുത്ത്. ആ പാതിരാത്രയില്‍ എവിടെ പോകാന്‍? നിറവയറുമായി യാത്രയാകുമ്പോള്‍ മറിയത്തിന്റെ നെഞ്ചുരുക്കം ആര്‍ക്കു ഗണിച്ചെടുക്കാനാകും? നസ്രത്തില്‍ നിന്ന് ഏതാണ്ട് തൊണ്ണൂറ് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബേത്‌ലെഹെമിലേക്ക്  ദൈവപുത്രനെയും ഉദരത്തില്‍ വഹിച്ച് മറിയം ഭര്‍ത്താവായ യൗസേപ്പുമൊത്ത് എത്തിച്ചേരുകയാണ്.

”ബേത്‌ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്ന് പുറപ്പെടും” (മിക്കാ 5:2) എന്നതാണ് പ്രവാചകനിലൂടെ ദൈവം പറഞ്ഞിരിക്കുന്നത്. ചെറുതായതിനെ മഹത്വീകരിക്കുന്ന ദൈവീക കാഴ്ച്ചപ്പാട് ക്രിസ്മസിന്റെ  എല്ലാ പ്രതീകങ്ങളിലും പ്രകടമാണ്.

ക്രിസ്തു പിറന്നത് മധുരം വിളമ്പുന്ന സമ്മാനപ്പൊതികളുടെയോ മനം മയക്കുന്ന ആര്‍ഭാടങ്ങളുടേയോ കാതടപ്പിക്കുന്ന വെടിക്കെട്ടുകളുടെയോ അകമ്പടിയോടെയല്ല. പിന്നെയോ, ദുര്‍ഗന്ധം വമിക്കുന്ന, ആരും കടന്നുചെല്ലാന്‍ മടിക്കുന്ന നിശ്ശബ്ദമായ, ആരും സ്വീകരിക്കാനില്ലാത്ത ഒരു കാലിത്തൊഴുത്തിലാണ്. അതും യൂദാഭവനങ്ങളിലെ ചെറുതായ ബേത്‌ലെഹെമില്‍.

കണ്ണഞ്ചിപ്പിക്കുന്നതൊന്നും, കാതുകള്‍ക്ക് ഇമ്പമേകുന്ന യാതൊന്നും അവിടെയുണ്ടായില്ല. പക്ഷേ, ഒന്നുണ്ടായിരുന്നു- ഹൃദയങ്ങളെ പുല്‍കുന്ന, മാറോടു ചേര്‍ക്കുന്ന,  ചെറുതാകലിന്റെ സൗന്ദര്യം.

മനുഷ്യന്റെ ഹൃദയകാഠിന്യത്തിന്റെ ആഴം കണ്ടുകൊണ്ടുതന്നെയാണവന്‍ ഉദരത്തില്‍ വച്ചുതന്നെ യാചകനായത്. മുള്ളുകള്‍ നിറഞ്ഞ വഴികള്‍ മാത്രം  മുന്നില്‍ കണ്ട അവന്റെ കിനാവുകളില്‍ വേദനയുടെ ഒരു വലിയ ശേഖരമുണ്ടായിരുന്നു. പട്ടിണിയുടെ മാറാപ്പില്‍ നിന്നും പിള്ളക്കച്ചയെടുത്ത് പൊതിഞ്ഞ് വൈക്കോല്‍ മെത്തയില്‍ കിടത്തി അമ്മ പാടിയ താരാട്ട്, ജീവിതം മുഴുവന്‍ ഉണര്‍ത്തുപാട്ടാക്കിയവനാണ് ക്രിസ്തു. കരയാന്‍ മറന്ന് വൈക്കോലിന്‍ പുറത്ത് തണുപ്പിനെ ധ്യാനമാക്കുന്ന ഉണ്ണി. പിറന്നു വീണ ഭൂമി അന്യമാണെന്നറിഞ്ഞിട്ടും ഇതിലെല്ലാം വെളിച്ചം വിതറാമെന്ന്  പ്രതീക്ഷിച്ച് വെളിവിന്റെ കതിരുകള്‍ക്കൊണ്ട് നിറഞ്ഞ് അവനവിടെകിടന്നു. ഉണ്ണീശോ എന്നും ഒരു ധ്യാനചിന്തയാണ്- താഴ്മയുടെ ധ്യാനചിന്ത.

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരിവരെയുള്ള അവന്റെ ജീവിതം ഒരു നീണ്ട യാത്രയായിരുന്നു. നമ്മുടെ ജീവിതവും ഒരു നീണ്ടയാത്രയാണിന്ന്. ഈ യാത്ര ദുര്‍ഘടവഴിയിലൂടെ അതിദൂരം സഞ്ചരിക്കേണ്ടിവരും. കല്ലും മുള്ളും നിറഞ്ഞ പാതകളാകും നമ്മെ കാത്തിരിക്കുക, ഈ വേദന നിറഞ്ഞ പാതകള്‍ നമ്മെ നന്മയിലേക്ക് നയിക്കുന്നതാണ്. വേദന നിറഞ്ഞ പാതകള്‍ നമ്മെ രക്ഷയിലേക്ക് നയിക്കുന്നതാണ് എന്ന പ്രത്യാശ നമ്മുടെ മനസ്സുകളെ നയിക്കട്ടെ. കാല്‍വരിയും, കാലിത്തൊഴുത്തും നമുക്ക് നല്‍കുന്ന സന്ദേശം- ചെറുതാകലിലാണ് വലിപ്പം എന്നാണ്.

ക്രിസ്മസ് വിളിച്ചോതുന്നതും ഈ ഒന്നുമില്ലാതാകലിന്റെയും ചെറുതാകലിന്റെയും മാര്‍ഗ്ഗമാണ്. നമ്മില്‍ നിന്ന് അന്യനിലേക്കു എപ്പോള്‍ കടന്നു ചെല്ലുന്നുവോ അപ്പോഴാണ് ഉണ്ണിയേശു പിറക്കുക. അവിടെ ആഹ്ലാദം പകരുന്ന എന്തെങ്കിലുമുണ്ടായെന്നു വരില്ല. പക്ഷേ, നിശബ്ദതയുടെ, സഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ ഒരു പുത്തന്‍ വഴിയുണ്ടാകും. മനുഷ്യത്വത്തിന്റെ ഒരു പുതുനാമ്പ് അവിടെ പൊട്ടിമുളയ്ക്കും.

ദൈവപുത്രനായ യേശു ബേത്‌ലെഹെമില്‍ പിറന്നപ്പോള്‍ അവിടുത്തെ തേടിയെത്തിയവര്‍ക്ക് അവിടുന്ന് ശാന്തിയും സമാധാനവും അനുഗ്രഹങ്ങളും നല്‍കി. ഇന്നും ക്രിസ്തു തന്നെ തേടുന്നവര്‍ക്കു നല്‍കുന്നത് ഇതു തന്നെയാണ്. ദൈവപുത്രനായ യേശു മണ്ണിലവതരിച്ചത് കരയുന്നവരുടെ കണ്ണീരൊപ്പാനും, അവരെ സന്തോഷത്തിലേക്കും, സമാധാനത്തിലേക്കും കൈപിടിച്ചുയര്‍ത്താനുമാണ്.

ക്രിസ്തുവിന് പിറക്കാന്‍ ഇടം ഒരുക്കിയത് ബേത്‌ലഹെംമാണ്. അപരന് നമ്മില്‍ പിറക്കാന്‍ നമ്മളും ഇടം ഒരുക്കേണ്ടതുണ്ട്. അതാണ് ഇന്ന് ബേത്‌ലെഹെം നമുക്ക് നല്‍കുന്ന സന്ദേശം.

ബേത്‌ലഹേം ആയിരുന്ന അവസ്ഥയിലാണ് ക്രിസ്തു കടന്നു പിറന്നു വീഴുന്നത്. നമ്മളും നമ്മള്‍ ആയിരിക്കുന്ന അവസ്ഥയിലേക്ക് അവനെ സ്വീകരിക്കാന്‍ ഒരുങ്ങുക. കൂടുതല്‍ പണമുണ്ടായിരുന്നെങ്കില്‍ ക്രിസ്തുവിന് വേണ്ടി കൂടുതല്‍ ചെയ്യാന്‍ സാധിച്ചേനേ; കൂടുതല്‍ ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അവനുവേണ്ടി കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയുമായിരുന്നു; കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വേദികളില്‍ അവനെ പ്രഘോഷിച്ചേനെ- എന്നൊക്കെ നമ്മള്‍ ഓര്‍ക്കുന്നുണ്ടാവും. പക്ഷേ, അതല്ല ആവശ്യം. ഇപ്പോള്‍ നീ ആയിരിക്കുന്ന അവസ്ഥയില്‍ അവനെ സ്വീകരിക്കാന്‍ മനസുണ്ടോ? അതാണ് ബേത്‌ലെഹെം ചെയ്തത്. ബേത്‌ലെഹെമിന്റെ ചൈതന്യവുമതാണ്.

നമുക്കും ജീവിതത്തില്‍ വിജയിക്കണോ? എങ്കില്‍ നമ്മള്‍ ചെറുതാകാന്‍ പഠിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. നമ്മളും ബേത്‌ലെഹെമിലേക്ക് യാത്രയാകേണ്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.