ക്രിസ്തുമസ് വരവായി: 15

റോസിന പീറ്റി

കവാടങ്ങളേ, ശിരസുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നുനില്‍ക്കുവിന്‍. മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ! (സങ്കീ. 24:9). പക്ഷേ, ഈ മഹത്വത്തിന്റെ രാജാവ് മണ്ണിൽ ഇറങ്ങിവന്നപ്പോൾ ഒരു കവാടങ്ങളും അവനുവേണ്ടി ശിരസ്സുയർത്തി നിന്നില്ല. പല വാതിലുകളും മുട്ടിനോക്കി. ഭംഗിയുള്ളതോ ഭംഗി കുറഞ്ഞതോ ആവട്ടെ, അവൻ വന്ന് മുട്ടുമ്പോൾ തുറന്നുകൊടുക്കുക എന്നതാണ് പരമപ്രധാനം. തുറന്നുകൊടുക്കാത്ത വാതായനങ്ങളിൽ നിന്ന് ദൈവകൃപ വഴിമാറിപ്പോകും.

ഇസ്രായേലിന്റെ തിരസ്കരണം നമുക്ക് രക്ഷയ്ക്ക് കാരണമായി ഭവിച്ചു എന്ന് പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, എന്നിൽ പിറവിയെടുക്കേണ്ട ദൈവികപദ്ധതികൾ എന്റെ തിരസ്കരണത്തിലൂടെ വഴിമാറിപ്പോകുന്നത് കണ്ടുനിൽക്കേണ്ടി വരുക വേദനാജനകമാണ്. സമാധാനവും സന്തോഷവും എനിക്ക് അനുഭവിക്കാൻ പറ്റാത്തത്, ദൈവകൃപ ഒഴുകിയെത്തിയ പല അവസരങ്ങളേയും ഞാൻ തടഞ്ഞുനിർത്തിയതു കൊണ്ടല്ലേ എന്ന് ഇടയ്ക്കൊക്കെ മനനം ചെയ്യാൻ സാധിക്കണം. ഓരോ ദിവസവും ഈ ദൈവകൃപ എന്നെയും തേടിയെത്തുന്നുണ്ട്. എന്റെ ഓരോ ദിനങ്ങളിലും ദൈവഹിതം ഒന്ന് തേടിയാൽ മാത്രം മതി, ബെത്ലഹേമിലെ ഇമ്മാനുവേൽ അനുഭവം എന്റെ ഹൃദയത്തിലും പിറവിയെടുക്കും.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.