ക്രിസ്മസ് ധ്യാനം 14: പുല്‍ക്കൂട്

”ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ 2:7).

ഇടം കിട്ടാത്തവന്റെ ദിവസമാണ് ക്രിസ്തുമസ്. ഇടമില്ലാത്തവന് ഇടമായി ക്രിസ്തുമസ് മാറുന്നു. എല്ലാവരെയും സ്വീകരിക്കുവാന്‍ ഇടമുള്ളവനായിരുന്നു ക്രിസ്തു. അവനെ നമ്മള്‍ ഇങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു: ‘സകലത്തിന്റേയും നാഥാ…’ എന്നിട്ടും ലോകത്തില്‍ അവന് വന്നുപിറക്കാന്‍ ഇടമില്ല. സമസ്ത സൗഭാഗ്യങ്ങളും സൗകര്യങ്ങളും സുഖങ്ങളും മനുഷ്യന് വാരിക്കോരി കൊടുത്തവന്‍ നിസ്സഹായനായിട്ടാണ് വന്നുപിറക്കുന്നത്.

മറ്റെങ്ങും സ്ഥലം കിട്ടാത്തതും മറ്റാരും സ്ഥലം തരാത്തതുമായ അനുഭവം നിന്റെ ജീവിതത്തിലുമുണ്ടാകും. തിരസ്‌കരണത്തിന്റെയും ഇല്ലായ്മയുടെയും അനുഭവങ്ങളാണവ. നൊമ്പരപ്പെടുത്തുന്ന ഇത്തരം അനുഭവങ്ങളിലൂടെയാകും രക്ഷകനും രക്ഷയും നിന്റെ ജീവിതത്തിലേയ്ക്കും കടന്നുവരുന്നത്. നിന്റെ നിസ്സാരതകളും ഇല്ലായ്മകളും രക്ഷയുടെ മാധ്യമമായും മാറാം; നിന്റെയും മറ്റുളളവരുടെയും രക്ഷയുടെ മാധ്യമം.

യേശുവിന്റെ ജനനം എന്തുകൊണ്ട് കാലിത്തൊഴുത്തിലായി എന്നതിന് സുവിശേഷം നല്കുന്ന ഉത്തരം ദൈവഹിതം അപ്രകാരമായിരുന്നു എന്നതല്ല. മറിച്ച്, ”സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല” എന്നതാണ്. സത്രത്തില്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഉണ്ണിയേശുവിന് പുല്‍ത്തൊട്ടിയില്‍ കിടക്കേണ്ടിവന്നത് (ലൂക്കാ 2:7). പിന്നീട് രക്ഷകനായ ക്രിസ്തുവിനെ തിരിച്ചറിയാനുളള അടയാളമായി മാറുന്നത് ഇതാണ്: പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശു (ലൂക്കാ 2:12-16). അങ്ങനെ, രക്ഷകന്റെയും രക്ഷയുടെയും അടയാളമായി മാറുകയാണ് പുല്‍ത്തൊട്ടി. ദൈവപുത്രന് ജനിക്കാന്‍ സത്രത്തില്‍ സ്ഥലം തരപ്പെടുത്താന്‍ ദൈവത്തിന് കഴിയാഞ്ഞിട്ടല്ല കാലിക്കൂട്ടിലേയ്ക്ക് യാത്രയായത്. പിന്നെയോ, വലിയ ഒന്നിന്റെ എളിയ ആരംഭം കാണിച്ചുതരുന്നതിനാണ്.

പ്രശസ്തരായ വ്യക്തികളുടെ ജനനസ്ഥലവും വീടുമൊക്കെ പ്രശസ്തങ്ങളാണ്. ക്രിസ്തുമസ് നാളില്‍ ഒരായിരം വട്ടം അനുസ്മരിക്കുന്ന പുല്‍ക്കൂടിനും കാലിത്തൊഴുത്തിനും എങ്ങനെ ആ ഓര്‍മ്മ കൈവന്നു? ഒരുപക്ഷേ, നസ്രത്തിലെ ഒരു സത്രത്തിന് ലഭിക്കാമായിരുന്ന ഓര്‍മ്മയുടെ സൂക്തങ്ങള്‍ എങ്ങനെ അതിനു നഷ്ടമായി?

സത്രവും കാലിത്തൊഴുത്തും ഇന്നത്തെ മനുഷ്യന്റെ രണ്ട് പ്രതിരൂപങ്ങളാണ്. അലങ്കാരങ്ങളും ആഘോഷങ്ങളും ആചാരങ്ങളും കൊണ്ടു നിറയ്ക്കപ്പെട്ടതിനാല്‍ യേശുവിന് ജനിക്കാന്‍ ഇടമില്ലാതെ പോയ അടയ്ക്കപ്പെട്ട സത്രം പോലെ നിലകൊള്ളുന്ന മനുഷ്യഹൃദയങ്ങള്‍. ഒരുവശത്ത് ആഘോഷങ്ങളുടെ ആളനക്കമോ പരാതികളുടെ പാതിരാവുകളോ ഇല്ലാതെ ഇല്ലായ്മയുടെ നടുവിലും സദാ തുറന്നിട്ട വാതിലുമായി കാലിത്തൊഴുത്ത് കണക്കെ നിലകൊള്ളുന്ന മനുഷ്യഹൃദയങ്ങള്‍; മറുവശത്ത് കാലിത്തൊഴുത്ത് പോലെ ഓര്‍മ്മിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തതായാലും ഓര്‍ക്കുക, ജനിക്കാന്‍ ഇടം തേടുന്ന രക്ഷകന്‍ നിന്റെ മുമ്പിലുണ്ട്. ഹൃദയവാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ച്.

കാത്തിരിക്കാന്‍ ആളില്ലാത്ത, വാതില്‍ തുറന്നുതരാന്‍ ആരുമില്ലാത്ത കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു പിറന്നപ്പോള്‍ തൊഴുത്തിനും മഹിമ കൈവന്നു. യേശു ഏതു മനുഷ്യന്റെ ജീവിതത്തിലും ജന്മമെടുക്കാന്‍ ആഗ്രഹിക്കുന്നവനാണെന്ന ഈ വെളിപ്പെടുത്തല്‍ ജീവിതത്തില്‍ പകരുന്നത് കെട്ടുപോകാത്ത പ്രതീക്ഷയാണ്. വാതില്‍ തുറക്കാത്ത സത്രം യേശുവിന് തൊഴുത്തു പോലെയും തുറന്ന വാതിലുള്ള തൊഴുത്ത് സത്രം പോലെയുമാണ്. വിരിച്ചൊരുക്കി വിരുന്നുകാര്‍ക്കുവേണ്ടി കാത്തിരിക്കാന്‍ വിധിക്കപ്പെട്ട സത്രവാതിലുകള്‍ അടയ്ക്കപ്പെട്ടപ്പോള്‍ നന്മയുടെ സാന്നിധ്യത്തെ തൊഴുത്തിലേയ്ക്ക് പറഞ്ഞുവിട്ടപ്പോള്‍ അവിടം അവിസ്മരണീയമായിത്തീരുന്നു. ഉള്ളില്‍ വസിക്കുന്നവനാണ് ആകെയുള്ളതിന് വില നല്കുന്നത്. വിലപ്പെട്ട മനുഷ്യന്റെ വില കെട്ടുപോകാതിരിക്കാന്‍ ഉള്ളില്‍ ദൈവം ജനിക്കണം.

ഉള്ളിലെ പുല്‍ക്കൂട്ടില്‍ പിറന്നുവീണ ഉണ്ണിയേശു കാലിത്തൊഴുത്തിന് പുണ്യസ്മരണ നല്കിയതുപോലെ സത്രം കണക്കെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ ജീവിതത്തില്‍ യേശു വന്നുപിറക്കുമ്പോള്‍ പുല്‍ക്കൂട്ടിലെ പോലെ വലിയ പുണ്യമുണ്ടാകും നമ്മുടെ ജീവിതത്തിലും. പുല്‍ക്കൂട്ടില്‍ പിറന്നുവീണ ഉണ്ണിയേശു കാലിത്തൊഴുത്തിനു പുണ്യസ്മരണ നല്കിയതുപോലെ നമ്മുടെ ഹൃദയത്തില്‍ പിറന്നുവീഴുന്ന ഉണ്ണിയേശുവിന്റെ ജീവിതത്തിനും പുണ്യസ്മരണ നല്കും. ജീവിതാവേശങ്ങളുടെ തിരയിളക്കം തൊഴുത്തുപോലെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയാലും ഭയപ്പെടരുതേ, ജനിക്കാന്‍ ഇടം തേടുന്ന നല്ലയിടയന്‍ ഇടമന്വേഷിച്ച് നിന്റെ മുമ്പിലുണ്ട്. നിന്റെ ഉള്ളില്‍ ദൈവം വസിക്കുന്നു എന്നു ലോകം കണ്ടാല്‍ ആരാധനയ്ക്കായി ആളുകൂടും. കൈയ്യില്‍ പൊന്നും മീറയും കുന്തിരിക്കവുമായി അങ്ങനെ അവരെ നിനക്ക് ദൈവത്തിലെത്തിയ്ക്കാം. ദൈവത്തിലേയ്ക്കു തിരിഞ്ഞ ചൂണ്ടുപലക പോലെ.

ഒരു കാലിത്തൊഴുത്തിന്റേയോ പുല്‍ത്തൊട്ടിയുടേയോ ഒരുക്കം മതിയാകും ക്രിസ്തുമസിന്. പക്ഷെ പ്രധാനം ഇടമുണ്ടാകണം, മനസ്സുണ്ടാകണം എന്നതാണ്. ജോസഫും മേരിയും കാലിത്തൊഴുത്തില്‍ പ്രവേശിച്ചപ്പോള്‍ ഒരുപക്ഷെ, കാലിയും കിടാങ്ങളും തങ്ങള്‍ക്കാകുംവിധം ഒന്ന് ഒതുങ്ങിനിന്ന് ഇടം ക്രമീകരിക്കാന്‍ സഹകരിച്ചിട്ടുണ്ടാകും. ഈ സഹകരണം ആഗ്രഹത്തോടെയുള്ള ഉള്‍പ്രേരണയാല്‍ സംഭവിച്ചാല്‍ അത് ദൈവത്തിനു പിറക്കാനുള്ള ഇടമായി. അലങ്കാരങ്ങളും ആഘോഷങ്ങളും പുല്‍ത്തൊട്ടിയോളം മതി. സത്രത്തിന്റെ മിന്നിത്തിളങ്ങുന്ന ശോഭയോ, ആരെയും ആകര്‍ഷിക്കുന്ന വശ്യതയോ അല്ല പ്രധാനം. ക്രിസ്തുവിനായി മാറ്റിവയ്ക്കാനല്പം ഇടമുണ്ടോ എന്നതാണ്.

ഇടമില്ലാത്ത സത്രത്തേക്കാളും പ്രധാനം ഇടമുള്ള കാലിത്തൊഴുത്തോ പുല്‍ത്തൊട്ടിയോ ആണ്. ജന്മം കൊണ്ട് എല്ലാവരും ഇടമുള്ളതും അനാകര്‍ഷകവുമായ കാലിത്തൊഴുത്തിന് സമാനമാണ്. പിന്നെ പ്രയാണം മുഴുവന്‍ സത്രമാകാനുള്ള തത്രപ്പാടാണ്. അവസാനമാകുമ്പോള്‍ ദൈവത്തിനുപോലും ഇടം നല്കാനില്ലാത്ത ഒരു സത്രമാകുന്നതിലും ഭേദം സാധിക്കുംപോലെ സ്ഥലമൊരുക്കുന്ന കാലിത്തൊഴുത്താവുകയാണ്. വി. മദര്‍ തെരേസയും വി. അല്‍ഫോന്‍സാമ്മയും ഒക്കെ ഇതിന് ദാഹരണങ്ങളാണ്.

ദൈവം ഒഴികെ ജീവിതത്തില്‍ മറ്റെല്ലാറ്റിനും ഇടമുണ്ടിന്ന്. ലോകവും ചിന്തകളും അതിനായി മനുഷ്യനെ നിര്‍ബന്ധിക്കുന്നു. ആയിരം പുല്‍ക്കൂടുകളില്‍ പിറക്കുന്ന ഉണ്ണിയേശു എന്റെ ഹൃദയത്തില്‍ പിറക്കുന്നില്ലെങ്കില്‍ ഞാനും വിസ്മരിക്കപ്പെട്ടവനാണ്. ഇന്നത്തെ ഈ ലോകതത്വമനുസരിച്ച് ഇടിച്ചുകയറാന്‍ കെല്പുള്ളവനേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. മനുഷ്യനില്‍  ജന്മം കൊള്ളാന്‍ ആഗ്രഹിക്കുന്ന ദൈവം ഇടിച്ചുകയറാറില്ല. വാതില്‍ക്കല്‍ കാത്തുനിന്ന് മുട്ടിവിളിക്കാന്‍ തയ്യാറാണവന്‍. ഉത്തരം ഇല്ലായെന്നാണെങ്കിലോ, വശങ്ങളിലേയ്ക്ക് മാറ്റിനിര്‍ത്തപ്പെട്ടവര്‍ എന്ന് സമൂഹം മുദ്രകുത്തിയവനില്‍ അവന് ജനിക്കാന്‍ ഇടമുണ്ടാകും. ഈ ക്രിസ്തുമസ് നാളില്‍ നമ്മുടെ ചിന്തകള്‍ക്കിടയില്‍, മനോഭാവങ്ങള്‍ക്കിടയില്‍, ജീവിതവ്യഗ്രതകള്‍ക്കിടയില്‍, ആഗ്രഹങ്ങള്‍ക്കിടയില്‍, വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ പിറക്കാന്‍ ഇടം തേടുന്ന യേശു ഉണ്ടെന്നറിയുക. ഒരു ഇടമൊരുക്കി അവന്‍ ജീവിതത്തില്‍ പിറവികൊണ്ടാല്‍ വികലതകള്‍ മാറ്റി വിശ്വോത്തരങ്ങളാക്കും നമ്മെ.

ഫാ. വര്‍ഗ്ഗീസ് വെള്ളാവൂര്‍

പ്രാര്‍ത്ഥന:

ദൈവമേ, അങ്ങേ പ്രിയപുത്രന് വന്നുപിറക്കാന്‍ അങ്ങൊരുക്കിയത് എളിമയുടെയും ഇല്ലായ്മയുടെയും പര്യായമായ ഒരു പുല്‍ക്കൂടാണല്ലോ. ആത്മനിന്ദയും അപകര്‍ഷതാബോധവും പലപ്പോഴും എന്നിലുമുണ്ടാകാറുണ്ട്. എങ്കിലും അങ്ങേയ്ക്കായ് അല്പം ഇടം നീക്കിവയ്ക്കാന്‍ ഞാന്‍ തയ്യാറായാല്‍ അങ്ങ് എന്നില്‍ വന്നുപിറക്കും എന്നെനിക്ക് ബോധ്യമാകുന്നു. സ്വന്തം ജീവിതത്തെ ഒരു പുല്‍ക്കൂടു പോലെയാക്കാന്‍ എന്നെ അനുഗ്രഹിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.