ക്രിസ്തുമസ് വിചിന്തനം 13 -അടയാളം

ക്രിസ്തുവിന്റെ ജനനത്തിന്റെ അടയാളങ്ങളാണ് നക്ഷത്രങ്ങള്‍. അടയാളം ഏതൊന്നിനെയും ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിന്റെ അടയാളമായ നക്ഷത്രത്തെ ദര്‍ശിച്ചത് അനേകര്‍ക്ക് ദൈവപുത്ര ദര്‍ശനം സാധ്യമാക്കി. അടയാളങ്ങള്‍, നന്മയിലേയ്ക്ക് ജീവിതത്തെ നയിക്കാന്‍ നമ്മെയും സഹായിക്കുന്നു. മുകളിലേയ്ക്കു നോക്കിയവരാണ് രക്ഷകന്റെ ജനനത്തിന്റെ അടയാളം ദര്‍ശിച്ചത്. മുകളിലേയ്ക്ക്ക്ക് നോക്കുന്നവന്റെ കാഴ്ചപ്പാട് എപ്പോഴും വിശാലമായിരിക്കും.

ക്രിസ്തുവിന്റെ ജനനത്തിന്റെ അടയാളമായി നാം നക്ഷത്രത്തെ കാണുന്നു. ഇന്നും ഡിസംബര്‍ 1-ാം തീയതി മുതല്‍ എല്ലാ വീടുകളുടെയും കടകളുടെയും അകത്തളങ്ങിളിലും പുറത്തും നക്ഷത്ര അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ക്രിസ്തുമസ് വരാറായി എന്ന് അപരനെ ഓര്‍മ്മിപ്പിക്കാന്‍ ഈ അടയാളത്തിന് സാധിക്കുന്നു. കാലം ഓരോ അടയാളങ്ങള്‍ തരുന്നതായി കാണാന്‍ സാധിക്കും. വീണ്ടെടുപ്പിന്റെ വിലകൊടുക്കേണ്ട അടയാളങ്ങളായി അവയെ കാണാന്‍ കിഴിയും.

ഓരോ ക്രിസ്ത്യാനിയുടെ  ജീവിതവും ക്രിസ്തുവിന്റെ അടയാളങ്ങളായി മാറേണ്ട ജീവിതമാണ്. ക്രിസ്തുവിനെ ലോകത്തിന് കാണിച്ചുകൊടുക്കേണ്ട അടയാളങ്ങള്‍. അവന്റെ വാക്കും പ്രവര്‍ത്തിയും ആന്തരികചലനങ്ങള്‍ പോലും അടയാളമായി മാറേണ്ടതാണ്, അല്ലെങ്കില്‍ മാറ്റപ്പെടണം.

ബോസ്‌നിയായിലെ മുസ്ലീം സഹോദരങ്ങളായ ഏഴു വയസുകാരി മെലീസയ്ക്കും എട്ടു വയസുകാരന്‍ ഒമറിനും ജീവിതത്തിലെ നക്ഷത്രമായി വന്നെത്തിയത് രണ്ട് കത്തോലിക്കാ സന്യാസിനിമാരാണ്. ആ സംഭവം ‘ലൈഫ് ഡേ.ഇന്‍’ -ല്‍ വായിക്കുകയുണ്ടായി. അമ്മ മരിച്ചുപോവുകയും അച്ഛന്‍ വേറെ വിവാഹം ചെയ്യുകയും ചെയ്ത സാഹചര്യമായിരുന്നു അവരുടേത്. ജീവിക്കാന്‍ ഇടമില്ലാതെ അലഞ്ഞ കുട്ടികള്‍ ഒടുവിലെത്തിയത് സി. അഡ്മിരാത്ത, സി. മാന്‍ഡാ എന്നീ സിസ്റ്റര്‍മാര്‍ നടത്തുന്ന അനാഥാലയത്തിലായിരുന്നു. മതവിശ്വാസം പരിഗണിക്കാതെ ആ കുട്ടികളെ അനാഥാലയത്തില്‍ സ്വീകരിച്ചപ്പോള്‍ അവരുടെ ജീവിതം നന്മയുടെ പുതിയ വഴിയിലേയ്ക്ക് തിരിയുകയാണ്. ആ രണ്ട് സിസ്റ്റര്‍മാരും കുട്ടികളുടെ കെടാത്ത നക്ഷത്രങ്ങളാണ് ഇന്ന്.

നൂറുകണക്കിന് നക്ഷത്രങ്ങളുടെ ഇടയില്‍ നിന്ന് ക്രിസ്തുവിന്റെ നക്ഷത്രം കണ്ടെത്തുകയെന്നത് പ്രയാസകരമാണ്. കപട അടയാളങ്ങളുടെ മുഖ്യമായ ലക്ഷ്യം യാത്രക്കാരെ വഴിതെറ്റിക്കുക, അവരെ ദിശാബോധം ഇല്ലാത്തവരാക്കി മാറ്റുക എന്നതാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്റെ അടയാളം എന്താണെന്ന് തിരിച്ചറിഞ്ഞ്, അതില്‍ എത്തിപ്പിടിച്ച് ജീവിക്കാന്‍, കണ്ണുതുറക്കുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.

ജീവിതവഴികളില്‍ കാണുന്നവര്‍ക്കും കൂടെ നടക്കുന്നവര്‍ക്കും ആത്മസുഹൃത്തിനും അടയാളമായി മാറേണ്ട ജീവിതമാണ് ഓരോ ക്രൈസ്തവന്റെയും. നിന്റെ സുഹൃത്ത് ജീവിതത്തില്‍ ദിക്ക് തെറ്റിയോടുമ്പോള്‍, പിടിച്ചുനില്‍ക്കാന്‍ പറ്റാതെ അവന്റെ ജീവിതത്തിന്റെ താളം തെറ്റുമ്പോള്‍, അടയാളമായി നീ കൂടെ നില്‍ക്കണം. ക്രിസ്തുവിന്റെ ജനനം മാത്രമല്ല അവന്റെ ജീവിതം മുഴുവന്‍ മനുഷ്യമക്കള്‍ക്ക് അടയാളമായി നിലകൊള്ളുന്ന ഒന്നാണ്. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്‌വാര്‍ത്ത മാനവകുലത്തെ അറിയിക്കാന്‍ ഭാഗ്യം ലഭിച്ചത് നക്ഷത്രത്തിനാണ്. അതിനാല്‍ ഇന്നും നക്ഷത്രങ്ങള്‍ അവന്റെ ജനനത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് മനുഷ്യനെ എത്തിക്കുന്നു. കാലം നല്‍കുന്ന അടയാളങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. മനുഷ്യനുള്ള കാലത്തോളം അതിന് നിലനില്‍പ്പുണ്ട്.

എന്റെയും നിന്റെയും ജീവിതം അടയാളമായി പ്രതിഫലിപ്പിക്കേണ്ടതാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കാം. റോഡുകളില്‍ അടയാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് നമ്മള്‍ കാണുന്നതാണ്. അടയാളത്തെ പരിഗണിക്കാതെ എന്റേതായ വഴികളിലൂടെ നടന്നുനീങ്ങിയാല്‍ അപകടം ഞാന്‍ ക്ഷണിച്ചു വരുത്തുകയായിരിക്കാം. അതിനാല്‍, ജീവിതത്തില്‍ അടയാളമായി മാറാനും തന്റെ മുമ്പില്‍ വന്നുനില്‍ക്കുന്ന അടയാളങ്ങള്‍ വിസ്മരിക്കാതെ ഓരോന്നും  വേണ്ടതുപോലെ സ്വീകരിക്കാനും നിനക്കും എനിക്കും കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.