ക്രിസ്തുമസ് വിചിന്തനം 10 -ഭയപ്പെടേണ്ട

ഒറ്റപ്പെടലിന്റെ നൊമ്പരമാണ് ഈ ലോകത്തില്‍ മനുഷ്യന്‍ ഏറെ ഭയപ്പെടുന്നതും വെറുക്കുന്നതും. അതുതന്നെയാണ് ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ ശിക്ഷയും. ഒത്തിരി പേരെ സ്‌നേഹിച്ചിട്ടും കൂടെ ആയിരിക്കാനും കൂട്ടുനില്‍ക്കാനും ആരുമില്ലാതാവുക; ഒത്തിരി ജന്മങ്ങള്‍ക്ക് അഭയകേന്ദ്രമായിട്ടും ജീവിതം അനാഥമാക്കപ്പെടുക. ഒത്തിരിപേരുടെ കണ്ണീരൊപ്പിയിട്ടും നിങ്ങളുടെ കണ്ണീരൊപ്പാന്‍ ആരുമില്ലാതാവുക. ആരും കൂട്ടിനില്ലാതെ ഏകാന്തതയുടെ തുരുത്തില്‍പ്പെട്ട് പോവുക വലിയൊരു ശിക്ഷതന്നെയാണത്. മനുഷ്യന്‍ എക്കാലത്തും നേരിടേണ്ടി വരുന്ന ഇത്തരം ഏകാന്തതയിലേക്കാണ് ക്രിസ്തു കടന്നു വരുന്നത്. ക്രിസ്മസ്- ഇടറിപോയവനോടൊപ്പം നില്‍ക്കുന്നവന്റെ; കൂട്ടം പിരിഞ്ഞവരുടെ കൂടെ ആയിരിക്കുന്നവന്റെ; കാവലായിരിക്കുന്നവന്റെ ജന്മദിനമാണ്. ബേത്‌ലെഹെമിലെ എമ്മാനുവേല്‍- അവന്‍ എന്നും കൂടെയുണ്ട്.

കൂട്ടിനും കൂടെയും ആരുമില്ലാതെ ഏകാന്തതയുടെ തടവറയില്‍ മരണത്തെപ്പോലും കാത്തിരുന്നു മടുത്ത കുറെ മനുഷ്യജന്മങ്ങള്‍. പാലിയേറ്റീവ് കെയര്‍ സെന്റര്‍ മനോഹരമായി അലങ്കരിച്ചൊരുക്കിയ വരാന്ത. സിസ്റ്റേഴ്‌സിന്റെ ഡ്യൂട്ടി റൂമിനു മുമ്പിലായി വലിയൊരു തിരിക്കാലില്‍ മനോഹരമായി അലങ്കരിച്ച മെഴുകുതിരി തന്റെ അവസാന ശ്വാസവും എരിയിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നു. തലേന്ന് ആരോ ഇവിടെ നിന്നും യാത്രയായി എന്ന് കത്തുന്ന മെഴുകുതിരി കാണുന്നതേ മനസിലാകും.

ഏല്‍പിക്കപ്പെട്ട ജോലിയുടെ ഭാരവും, അപരിചിതത്വത്തിന്റെ പരിഭവവും പരിഗണിക്കാതെ സിസ്റ്റര്‍ ഇറേന  ഓരോ മുറിയും കയറിയിറങ്ങുകയാണ്. പ്രഭാതകൃത്യങ്ങളില്‍ രോഗികളെ സഹായിക്കണം; ചിലരെ കുളിപ്പിക്കണം, ചിലരെ പല്ലുതേപ്പിക്കണം, ചിലരെ ഷേവുചെയ്യിപ്പിക്കണം, ചിലരെ വാരിയൂട്ടണം.

ഒടുവില്‍ അവസാനത്തെ  റൂമിലേക്ക് അവള്‍ സാവധാനം കടന്നു ചെന്നു. കനം കൂടിയ പുതപ്പിനടിയില്‍ നിന്നും ഊര്‍ന്നിറങ്ങി  ഈ രാത്രിയും എന്തേ എന്നെ കൊണ്ടുപോവാത്തത് എന്ന പരിഭവത്തോടെ, നിരാശനായി ശുഷ്‌ക്കിച്ച ശരീരവുമായി  അദ്ദേഹം കട്ടിലില്‍ ഇരിപ്പാണ്. ദീര്‍ഘമായൊരു നെടുവീര്‍പ്പിനുശേഷം നവാഗതയായ ഇറേനയെ അദ്ദേഹമൊന്നു നോക്കി. ഇറേന അദ്ദേഹത്തിന് സ്വയം പരിചയപ്പെടുത്തി; നല്ല ഒരു ദിനം ആശംസിച്ചു. വളരെ വ്യത്യസ്തമായും ഊര്‍ജ്ജസ്വലയായും പ്രസന്നവദനയായും തന്നെ നോക്കുന്ന അവളുടെ മനോഹരമായ നയനങ്ങളിലേക്കും തന്റെ തോളില്‍ സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സ്പര്‍ശം നല്‍കിയ കരങ്ങളേയും അത്ഭുതത്തോടെ അദ്ദേഹം മാറിമാറി നോക്കിക്കൊണ്ടിരുന്നു. കുശലാന്വേഷണങ്ങളിലൂടെ, തമാശകളിലൂടെ അവളാ മുറിയെ മുഖരിതമാക്കി; വേദനയുടെയും ഏകാന്തതയുടെയും ഭയത്തിന്റെയും കല്ലും മുള്ളും വച്ചു താനുയര്‍ത്തിയ മതിലുകള്‍ തകര്‍ത്ത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അരുവി തന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്നത് അയാളറിഞ്ഞു. ഇറേന അദ്ദേഹത്തെ കുളിപ്പിച്ചു; പുതിയ വസ്ത്രങ്ങള്‍ ഇടുവിച്ചു. അങ്ങുമിങ്ങും ചിന്നിചിതറിയ തലമുടിയിഴകളെ  സ്‌നേഹത്തോടെ അവള്‍ ഒരുക്കിവച്ചു തുടര്‍ന്ന് പ്രഭാതഭക്ഷണം മേശമേല്‍ വച്ച്, ചൂടന്‍ ചായ ചായക്കോപ്പയില്‍ പകരുമ്പോള്‍ ആരോ മന്ത്രിക്കുന്ന സ്വരം അവള്‍ കേട്ടു.

”നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ

ചുറ്റിലുമിരുള്‍ പരന്നിടുന്ന വേളയില്‍”

വൃദ്ധനാണ് പാടുന്നത്! ഇറേന അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. നിറമിഴികളോടെ വിങ്ങിപ്പൊട്ടിക്കരയുന്ന വൃദ്ധന്‍. എന്തുപറയണമെന്നറിയാതെ അവള്‍ പരുങ്ങി. വൃദ്ധന്‍ അവളോടായി  പറഞ്ഞു: ”എന്തിനു നീ എന്നെ ഇത്രകാര്യമായി ശുശ്രൂഷിക്കുന്നു.” അവളെന്തുത്തരം നല്‍കാനാണ്? അവള്‍ ശുശ്രൂഷിച്ചവെരയൊക്കെ അവള്‍ സ്വന്തമെന്നപോലെയെ കണ്ടിട്ടുള്ളൂ; കരുതിയിട്ടുള്ളൂ.

വൃദ്ധന്‍ വീണ്ടും പതിഞ്ഞ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു: ”ഇതുവരെയാരും എന്നെ ഇങ്ങനെ പരിചരിച്ചിട്ടില്ല. ഞാനിവിടെ വന്നനാള്‍ മുതല്‍ ആരുമെന്നെ ഇത്ര പരിഗണിച്ചിട്ടില്ല. എന്തോ എല്ലാവര്‍ക്കും എന്നും തിരക്കാണ്. നിനക്കു  മാത്രമെന്തേ തിരക്കൊന്നുമില്ലേ? എന്തിനാണ് നീ മാത്രമിങ്ങനെ ചെയ്യുന്നത്.” അവള്‍ക്ക് ഒന്നും പറയാനായില്ല; മൗനം മാത്രമായിരുന്നു മറുപടി. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏകാന്തത, ഒറ്റപ്പെടല്‍ ഇതെത്ര ഭീകരമെന്നവള്‍ മനസ്സിലാക്കി. സ്‌നേഹത്തിന്റെ നിമിഷങ്ങള്‍ ഒരല്‍പമെങ്കിലും അദ്ദേഹത്തിനായി കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ, വീണ്ടും വരുമെന്നറിയിച്ച് അവള്‍ മുറിയില്‍ നിന്നും കടന്നുപോയി.

ആരുമില്ലാതെ, ആരുടെയും സാന്നിധ്യവും സഹവാസവും ഇല്ലാതെ എന്നാല്‍ അവയ്ക്കായി ദാഹിക്കുന്ന എത്രയോ ജന്മങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. ആരും ഒരിക്കലും തനിച്ചാകാന്‍ ആഗ്രഹിക്കുന്നില്ല്; മനുഷ്യനത് അസാധ്യവുമാണ്. അതുകൊണ്ടാണല്ലോ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നറിയുന്നതേ അതിനെ മറികടക്കാന്‍ പുഞ്ചിരിയിലൂടെയും സൗഹൃദസംഭാഷണത്തിലൂടെയും കൂടെയായിരിക്കാനും കൂട്ടത്തിലായിരിക്കാനും നാമൊക്കെ ഒരുമ്പെടുന്നത്.

സ്‌നേഹത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നവനാണു മനുഷ്യന്‍. ഏതു നെറികേടിനുശേഷവും അതുകൊണ്ടാണല്ലോ ഒരു അനുരജ്ഞന സാധ്യതയുള്ളത്. ഹൃദയം നിറയെ സ്‌നേഹിക്കാന്‍ നമുക്കാവുന്നതും ഇതുകൊണ്ടാണ്. ആര്‍ക്കൊക്കെയോ തന്നെ ആവശ്യമുണ്ടെന്നും ആരൊക്കെയോ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ആരുടെയൊക്കെയോ ജീവിതത്തില്‍ തനിക്കും ഒരിടം ഉണ്ടെന്നും അറിയുന്നതുപോലെ ശ്രേഷ്ഠമായ മറ്റെന്തുണ്ടീ ഭൂമിയില്‍. ”ഭൂമിയില്‍ ഞാനൊരു ദൗത്യമാണ്. അതിനാലാണ് ഞാനിവിടെ ആയിരിക്കുന്നത്” (സുവിശേഷത്തിന്റെ ആനന്ദം) എന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ പറയുന്നു. ഇതൊക്കെ തന്നെയാണ് ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും.

അകലങ്ങളിലുള്ള തന്റെ കുഞ്ഞുപെങ്ങളുടെ ബര്‍ത്ത് ഡേയ്ക്ക് അവളുടെ സഹോദരന്‍ ബര്‍ത്ത് ഡേ കാര്‍ഡില്‍ കുറിച്ചു വച്ചു: ”നീ ഈ ലോകത്തില്‍ ഞങ്ങളുടെ അടുത്തുള്ളത് എത്രയോ നല്ലതാകുന്നു.” സാന്നിധ്യം കൊണ്ട് അനുഗ്രഹമായി മാറുക എന്നത് വലിയൊരു കൃപയാണ്. രണ്ടുദിനങ്ങള്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമ്പോള്‍, സമൂഹത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും അകലേണ്ടതായി വരുമ്പോള്‍ നിന്നെ അന്വേഷിച്ചെത്തുന്ന ഫോണ്‍ വിളികളില്‍ അവസാനമൊരു വാക്കുകൂടി കേള്‍ക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറില്ലേ? ”നിന്നെ വളരെയധികം ‘മിസ്’ ചെയ്യുന്നുണ്ട് കേട്ടോ. എത്രയും വേഗം വരണം.”

”അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു” (ഏശ 9:2). ജീവിതത്തില്‍ ഇരുള്‍ പരത്തുന്ന എത്രയോ അനുഭവങ്ങള്‍ നമുക്കും ഉണ്ടാകുന്നു. രോഗത്തിന്റെ, അനാഥത്വത്തിന്റെ, ഭയത്തിന്റെ, ജീവിത പ്രശ്‌നങ്ങളുടെ ഇരുള്‍ നമ്മെ ഉലയ്ക്കുമ്പോള്‍, ആര്‍ക്കും അരോടും അതിര്‍വരമ്പുകളില്ലാതെ കൂടെ നില്‍ക്കാനാവാത്തപ്പോള്‍- എന്നും കൂടെ  വസിക്കാന്‍ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായ എമ്മാനുവേല്‍- ദൈവം നമ്മോടുകൂടെ- നമ്മുടെ അരക്ഷിതാവസ്ഥയിലേക്ക് താണിറങ്ങുന്നു.

ഭയപ്പാടുകളാണ് ജീവിതത്തിലെ ഇത്തിരിവെട്ടത്തെക്കൂട്ടിയും ഊതി അണയ്ക്കുന്നത്. ”നിന്റെ ദൈവമായ കര്‍ത്താവു നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും” (ജോഷ്വ1;9) ‘ഭയപ്പെടേണ്ട’ നിന്നിലെ അന്ധകാരത്തില്‍ പ്രകാശമാകാന്‍ നിന്റെ കൂടെനില്‍ക്കാന്‍ ഞാനുണ്ട് എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുകയാണ്. കൂടെയുള്ള ദൈവീകസാന്നിധ്യത്തെ തിരിച്ചറിഞ്ഞ സങ്കീര്‍ത്തകന്‍ പാടുന്നതും ഇതുതന്നെയാണ്; ”എന്റെ കാലുകള്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും, കര്‍ത്താവേ അങ്ങേ  കാരുണ്യം എന്നെ താങ്ങി നിര്‍ത്തി.”

”ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്നറിയുന്നു. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പേ കര്‍ത്താവേ  അത് അവിടുന്നറിയുന്നു” (സങ്കീ 139:1-4). ദൈവം കൂടെ നിന്ന എത്രയോ അനുഭവങ്ങള്‍, നമ്മുടെയും ജീവിതവഴികളിലുണ്ട്. നാമൊരിക്കലും ഇനി അനാഥരല്ല; ഒറ്റപ്പെടലിന്റെ തുരുത്തില്‍ എറിയപ്പെട്ടവരുമല്ല. എവിടെയും കൂടെനില്‍ക്കാന്‍ വിശ്വസ്തനായൊരു മിത്രം നമുക്കുണ്ട്. ഈ തിരിച്ചറിവിലേയ്ക്കാണ് ഓരോ  ക്രിസ്മസും നമ്മെ നയിക്കുക.

ക്രിസ്മസ് ആരുമില്ലാത്തവര്‍ക്ക് ആശ്വാസമാകാന്‍ നമ്മെയും ക്ഷണിക്കുന്നു. കരങ്ങളില്‍ കൊളുത്തി തന്ന ദീപനാളത്തെ കാറ്റില്‍ കെടാതെയും കരിന്തിരികത്താതെയും അനേകരുടെ ഇരുള്‍ വീണ ജീവിതപാതകളില്‍ പ്രകാശം ചൊരിയുന്നതായി മാറ്റാന്‍ അവന്‍ നമ്മെ അനുഗ്രഹിക്കും തീര്‍ച്ച.

”സ്‌നേഹ ഈശോ ഞാന്‍ പോകുന്നിടത്തെല്ലാം അങ്ങയുടെ പരിമളം പരത്താന്‍ എന്നെ സഹായിക്കുക. അങ്ങ് എന്നോടു കൂടെ വസിക്കുക; അപ്പോള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമാവുന്നതിന് അങ്ങയെപ്പോലെ ഞാനും പ്രകാശിച്ചുകൊള്ളും. അങ്ങായിരിക്കും എന്നിലൂടെ മറ്റുള്ളവരില്‍ പ്രകാശിക്കുന്നത്.” – കാര്‍ഡിനല്‍ ന്യൂമാന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.