ക്രിസ്മസ് ധ്യാനം: 2. ആഗമനം

ആശ്വാസത്തിന്റെ കുളിര്‍തെന്നല്‍ വീശുകയും പ്രതീക്ഷയുടെ ഇളംനാമ്പുകള്‍ ഉയരുകയും ചെയ്യുന്നു; ഡിസംബറിന്റെ പ്രഭാതങ്ങളില്‍.

പ്രതീക്ഷയുടെ വാതിലില്‍ നിന്നും കതകുകള്‍ അഴിച്ച് മാറ്റുക. പ്രതീക്ഷിക്കപ്പെടുന്നവന്റെ മുന്നില്‍, ചാരിയ കതകുകള്‍പോലും പാടില്ല. പുണ്യത്തിന്റെ ചിറകിലേറി വരുന്ന മനുഷ്യപുത്രനെ സ്വാഗതം ചെയ്യുവാന്‍ തുറന്നിട്ട വാതിലില്‍പ്പരം വലിയ ഒരുക്കം എന്താണുള്ളത്? ആഗതന് അനുവാദമില്ലാതെ പ്രവേശിക്കുവാനുള്ള സൂചനയാണല്ലോ തുറന്നിട്ട വാതില്‍ നല്‍കുന്നത്. സുരക്ഷിതത്വത്തെക്കുറിച്ചുള്ളതെല്ലും ആശങ്കയില്ലാതെ എന്തിനാണ് എല്ലാം ഇങ്ങനെ തുറന്നിടുന്നത്? ചെറിയൊരു മറപോലും ഇല്ലാത്തിടത്തെ നിധി കാക്കുവാന്‍ കഴിവുള്ളവനാണ് വരുന്നതെങ്കില്‍, പിന്നെ ആശങ്കയ്ക്ക് വകയില്ലല്ലോ. തുറന്നിട്ട വാതിലിനരികില്‍ നീ എപ്പോഴും ഉണ്ടായിരിക്കണം. കര്‍ത്താവിന്റെ ഭവനത്തില്‍ വാതില്‍പ്പടികാക്കുക എന്ന് സങ്കീര്‍ത്തകന്‍ പറയുന്നത് ഓര്‍ക്കേണ്ടതുണ്ട്. യജമാനന്‍ വരുന്നതും കയറിപ്പോകുന്നതും കാവല്‍ക്കാരന് ഒരു നയനോത്സവവും ആയിക്കൊള്ളുമല്ലോ. ആഗമനകാലത്തിലെ ആഹ്വാനമിതാണ്- ‘ഹൃദയം തുറന്നിട്ട് കാത്തിരിക്കുക’.

അടിമത്ത്വവും ദാരിദ്ര്യവും രോഗവും വരുത്തിയ സങ്കടത്തില്‍ നിന്നും രക്ഷിക്കുവാന്‍ ഒരുവന്‍ വരുമെന്ന പ്രതീക്ഷ പുലര്‍ത്തിയവര്‍ക്കുണ്ടായ പുലരിയുടെ ഓര്‍മ്മ പുതുക്കുന്ന ദിനങ്ങളാണ് ആഗമനകാലം. ”നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞ് നില്‍ക്കും” (47:9) എന്ന എസക്കിയേല്‍ പ്രവാചകന്റെ വാക്കുകള്‍ക്കനുസൃതമായി, വരണ്ട നിലങ്ങളെ സമൃദ്ധിയുടെ പച്ചപ്പണിയിക്കുവാന്‍ ഭൂമിയിലേക്ക് ദൈവം ഒഴുകിയിറങ്ങി. ജന്മദിനങ്ങള്‍ അലങ്കാരങ്ങളിലും ആരവങ്ങളിലും മുങ്ങിപ്പോകുമ്പോള്‍ പ്രാര്‍ത്ഥനയും പുനര്‍വായനകളും കൊണ്ടും നിറയുകയാണ് ആഗമനകാലം. സവിശേഷതയാര്‍ന്ന ജീവിത സംഭവങ്ങളുടെ തീര്‍ത്ഥാടനമായിരുന്നു ഈശോ നടത്തിയത്. വിശേഷപ്പെട്ട നിലയില്‍ തന്നെ ലോകം അവന്റെ പിറന്നാളും ആഘോഷിക്കാന്‍ ഒരുങ്ങുന്നു. സദ്വാര്‍ത്തയായി എത്തിയ ദൈവസ്‌നേഹം മണ്ണില്‍ ഉടലായതിന്റെ അനുസ്മരണമാണിത്. മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും ഉത്ഭവിച്ച് മണ്ണിന്റെ മാറിലേക്ക് ചാലുകീറി ഒഴുകിയ സ്‌നേഹത്തിന്റെ അരുവിയില്‍ നിന്നും ആവോളം കോരിക്കുടിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും ഉചിത ദിനങ്ങളാണ് ക്രിസ്തുമസ്സിനെ വരവേല്‍ക്കുന്ന കാലം. പുനര്‍ചിന്തകളുടെ ആവാസകേന്ദ്രങ്ങളാണ് ഈ സുദിനങ്ങള്‍.

ചവിട്ടി മെതിക്കപ്പെട്ടവര്‍ ഒരു ആശ്വാസദായകനെ പ്രതീക്ഷിച്ചിരുന്നു, വിശന്നവര്‍ ഒരു അന്നദാതാവിനായി അലഞ്ഞിരുന്നു, തണുപ്പേറ്റ് മരവിച്ചവര്‍ ഒരു പുതപ്പ് അന്വേഷിച്ചിരുന്നു. അപ്പോഴാണ്, ”ദാവീദിന്റെ ഭവനത്തില്‍ നിന്ന് നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും” (ജറെമിയ 33:15) എന്ന വാഗ്ദാനത്തിന്റെ പൂര്‍ണ്ണത ഉണ്ടായത്. ആഹാരമായി, ആശ്വാസമായി, ആലംബമായി ദൈവം മനുഷ്യന് ദര്‍ശനമായി. വിശന്നവന്റെ സ്വപ്നത്തില്‍ നിന്നും അപ്പം അപ്രത്യക്ഷമായത് അന്നാണ്; മുന്നില്‍ അവനുണ്ടല്ലോ. മുറിവുകള്‍ തൈലത്തിന്റെ മണവും ഗുണവും അറിഞ്ഞു. കരഞ്ഞ മുഖത്തെ വടുക്കള്‍ മാഞ്ഞുപോയി. ജീവിക്കുന്നവര്‍ക്ക് മാത്രമുള്ള സാഫല്യമായിരുന്നോ ഈശോ എന്ന വാഗ്ദാനം? മരിച്ചവരെപ്പോലും പുനര്‍ജന്മത്തിന്റെ പുലരിയിലേക്ക് അവന്‍ തൊട്ടുണര്‍ത്തി. ”അവള്‍ ഉറങ്ങുകയാണ്” എന്ന് പറഞ്ഞുകൊണ്ട് മരണത്തിന് പുതിയ ഭാഷ്യംപോലും അവന്‍ നല്‍കി. രക്ഷയ്ക്കായ് കേണവര്‍ക്ക്, സ്വന്തം പുത്രനെതന്നെ അയച്ചുകൊടുത്ത നിസ്വാര്‍ത്ഥനായ പിതാവിന്റെ സ്‌നേഹം ഈശോയുടെ പിറവിയിലൂടെ നാം കണ്ടെത്തുന്നു.

എന്നാല്‍ ഈ രക്ഷകന്റെ വരവിന്റെ വഴികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞുവോ? ഇല്ലെന്നാണ് കാലിത്തൊഴുത്ത് നല്‍കുന്ന പാഠം. സുമനസ്സുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രത്തിന് വ്യതിയാനം വന്നേനെ. എത്രയോ അടഞ്ഞ വാതിലുകളില്‍ യൗസേപ്പ് പിതാവിന്റെ കരസ്പര്‍ശമേറ്റിട്ടുണ്ട്. എത്രയോ പേരുടെ കാതുകളില്‍ കന്യാമറിയത്തിന്റെ നൊമ്പരസ്വരമെത്തിയിട്ടുണ്ട്. പക്ഷേ ബലപ്പെടുത്തിയ ഓടാമ്പലിട്ട് പൂട്ടിയ വാതിലുകള്‍ തുറക്കുവാനുള്ള മനസ്സലിവ് ആര്‍ക്കുമുണ്ടായില്ല. വാടകയ്ക്ക് താമസക്കാരെ കാത്തിരിക്കുന്ന സത്രങ്ങളുടെ കവാടങ്ങള്‍ പോലും യൗസേപ്പിന്റേയും മറിയത്തിന്റേയും മുന്നില്‍ തുറക്കപ്പെട്ടില്ല എന്നത് എത്രയോ ദയനീയമായ കാഴ്ചയറിവാണ്. മറിയത്തിനെന്നല്ല, പ്രസവിക്കുവാനുള്ള ഇടം ആര്‍ക്ക് നിഷേധിച്ചാലും അത് അപലപനീയം തന്നെയാണ്. അത്തരം സംഭവങ്ങള്‍ അറിഞ്ഞിട്ടും ഉള്ളില്‍ ഒരു തുള്ളിയുടെ നനവെങ്കിലും ഉണ്ടാകുന്നില്ലെങ്കില്‍, അത്തരക്കാരുടെ മാനസികാവസ്ഥ എത്രയോ നീചമാണ്. ശവശരീരങ്ങളെ ചവിട്ടി നടന്നുപോയ ഹിറ്റ്‌ലറിന്റെ മാനസികാവസ്ഥയേക്കാള്‍ കാഠിന്യമാണ് പ്രസവിക്കുവാന്‍ ഇടം നല്‍കാത്തവരുടെ മനസ്സിനുള്ളത്. ”അവന്‍ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാല്‍ അവനെ സ്വീകരിച്ചില്ല” (യോഹ. 1:11). മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണത നിമിത്തം ഒരു ഭവനമോ സത്രമോ അനുഗ്രഹിക്കപ്പെട്ടില്ല.

സാമാന്യം വലിപ്പവും ഭാരവും ഉള്ള ഒരു കളിമണ്‍ പ്രതിമയും തോളില്‍വച്ചുകൊണ്ട് ഒരു മനുഷ്യന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നു. പ്രതിമ വിലക്കെടുക്കുവാന്‍ കെല്‍പ്പുണ്ടെന്ന് തോന്നിക്കുന്നവരുടെ വീടുകളാണ് ലക്ഷ്യം. എന്നാല്‍ അവരാരും ആ പ്രതിമയേയോ, ആ മനുഷ്യനെയോ, ഗൗനിക്കുന്നേയില്ല. മേലാകെ നൊമ്പരപ്പെട്ട്, അതിലേറെ മുറിയപ്പെട്ട മനസ്സുമായി ആ മനുഷ്യന്‍ തിരികെ നടക്കുന്നു. വഴിയരികില്‍ കണ്ട ഒരു കുടിലിന്റെ മുറ്റത്തേക്കിറങ്ങി, ദാഹശമനത്തിനായ് ഒരു പാത്രം വെള്ളം പ്രതിമ വില്‍പ്പനക്കാരന്‍ ആവശ്യപ്പെടുന്നു. ആ വീട്ടിലെ സ്ത്രീ കൊടുത്ത വെള്ളം അവന്‍ ആര്‍ത്തിയോടെ മോന്തിക്കുടിച്ചു. അവന്റെ കഷ്ടപ്പാടുകള്‍ അറിഞ്ഞപ്പോള്‍, അവിടുത്തെ സ്ത്രീ, കൈയ്യിലുണ്ടായിരുന്ന ചില നാണയത്തുട്ടുകള്‍ അവന് നല്‍കിയിട്ട് ആ പ്രതിമ വാങ്ങിച്ചു. സന്തോഷത്തോടുകൂടി പ്രതിമ വില്‍പ്പനക്കാരന്‍ നന്ദിപറഞ്ഞിറങ്ങുന്നു. അത്യാവശ്യകാര്യങ്ങള്‍പോലും നിര്‍വ്വഹിക്കുവാന്‍ സൗകര്യമില്ലാത്ത ആ കുടിലില്‍, പ്രതിമ എവിടെ പ്രതിഷ്ഠിക്കും? പ്രതിഷ്ഠിക്കുവാനല്ല അവള്‍ ആ പ്രതിമ വാങ്ങിയത്. പ്രതിമ അവളെ ആകര്‍ഷിച്ചില്ല, എന്നാല്‍ പ്രതിമ വില്‍പ്പനക്കാരന്റെ നൊമ്പരം അവളെ സ്പര്‍ശിച്ചു. പ്രതിമയെ അവള്‍ കുടിലിന്റെ ഒരു മൂലയില്‍ കൊണ്ടിട്ടു.

വേനല്‍ക്കാലം മാറി, മഴ ശക്തമായി. കുടിലിന്റെ പല ഭാഗത്തും വെള്ളം ഒലിച്ചിറങ്ങി. വെള്ളം സാരമായി ബാധിക്കാത്ത ഒരിടത്ത് അവള്‍ ചുരുണ്ട് കൂടി കിടക്കുമായിരുന്നു. ഒരു ദിവസം അവള്‍ പ്രഭാതത്തില്‍ മിഴികള്‍ തുറന്നപ്പോള്‍ കണ്ടത് വീട് മുഴുവന്‍ പ്രകാശം പരന്നിരിക്കുന്നതായിട്ടാണ്. മഴവെള്ളം വീണു കുതിര്‍ന്ന പ്രതിമയില്‍ നിന്നും കളിമണ്‍ ഒലിച്ചുപോയി. കളിമ ണ്ണിനുള്ളില്‍ ഒരു സ്വര്‍ണ്ണപ്രതിമ ആയിരുന്നുവെന്ന് സ്ത്രീ തിരി ച്ചറിഞ്ഞു. കളിമണ്ണിനുള്ളില്‍ സ്വര്‍ണ്ണമുണ്ടെന്നറിയാതെ, ആ പ്രതിമ വഹിച്ചെത്തിയ ശരീരത്തിനുള്ളില്‍ വിശക്കുന്ന ഒരു മനുഷ്യനുണ്ടെന്നറിഞ്ഞ് മനസ്സലിഞ്ഞതാണ് അവളുടെ സൗഭാഗ്യത്തിന് നിദാനം.

മറിയം വഹിച്ചത് നിധിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. യൗസേപ്പ് മറിയം ദമ്പതികളോട് അനുകമ്പ തോന്നി പ്രവര്‍ത്തി ച്ചിരുന്നുവെങ്കില്‍, ആ അനുകമ്പയാല്‍ അവര്‍ അനുഗൃഹീതരാകുമായിരുന്നു. ദൈവത്തിന്റെ ശ്രേഷ്ഠത അറിഞ്ഞുകൊണ്ട് നാം ദൈവത്തെ ആരാധിക്കുന്നു. എന്നാല്‍ ഒരുവനിലെ ശ്രേഷ്ഠത പോലും തിരിച്ചറിയാനാകാത്ത സന്ദര്‍ഭത്തിലും അവനെ ആദരി ക്കുന്നവനില്‍ ഒരു വലിയ ഹൃദയമുണ്ട്. എല്ലാം ദൈവത്തിന്റേതാ യിരിക്കേ ഒരു ഇടവും അവനായി കിട്ടിയില്ല. ജനിക്കാന്‍ അനു യോജ്യമായ സ്ഥലം ലഭിക്കാതിരുന്നിട്ടുകൂടി, ഈശോ അവന്റെ ഹൃദയത്തില്‍ എല്ലാവര്‍ക്കും ജന്മം നല്‍കി. അപരനെ ഉള്ളില്‍ ഇരുത്തുമ്പോള്‍, നമുക്ക് അവന്‍ അന്യനല്ല, കാരണം ഉള്ളില്‍ ഇടം നേടിയതു വഴി അന്യന്‍ അന്തരംഗത്തില്‍ പുനര്‍ജനിച്ചു കഴിഞ്ഞു.

ഈശോ ഉള്ളില്‍ ജനിക്കാതെപോകുന്നതിന്റെ ആകുലതയാണ് ഓരോ മനുഷ്യനും യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത്. ജീവിതം നാമ്പിടുന്നതും തഴച്ചു വളരുന്നതും ദൈവത്തിന്റെ കരവേലയാലാണ്. ആ ദൈവത്തിന് പ്രവേശിക്കുവാന്‍, അടയ്ക്കാന്‍ സാധ്യതകളില്ലാത്ത വാതിലുകള്‍ ആകുക. പരുക്കന്‍ സാഹചര്യങ്ങള്‍ നല്‍കിയ പരുക്കുകള്‍ക്കുമേല്‍ ഇളം പൈതലിന്റെ മൃദുവായ കരസ്പര്‍ശനമേറ്റപ്പോള്‍ ഉണ്ടായ സുഖം ലോകം ഒരിക്കല്‍കൂടി ഓര്‍മ്മിച്ചെടുക്കുന്നു ആഗമന കാലത്തില്‍.

ഫാ. ജോയ് ജെ. കപ്പൂച്ചിന്‍

പ്രാര്‍ത്ഥന:
ദൈവമേ, അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും കപടത യുടെയും വാതിലുകള്‍ അടര്‍ത്തിമാറ്റിക്കൊണ്ട് അങ്ങയുടെ പ്രിയ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള എന്റെ ആഗ്രഹത്തെ ഫലമണിയിക്കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.