കുട്ടികള്‍ക്കായുള്ള ക്രിസ്തുമസ് നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകം ‘ഉണ്ണീശോയുടെ സ്വന്തം’ 2-ാം വര്‍ഷവും പുറത്തിറക്കി ഫിയാത്ത് മിഷന്‍

ആഗതമാകുന്ന തിരുപ്പിറവിക്കു മുന്നോടിയായി കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും വിശുദ്ധിയോടെ ഒരുങ്ങുവന്‍ സഹായിക്കുന്ന പുണ്യങ്ങളുടെ പുസ്തകം ‘ഉണ്ണീശോയുടെ സ്വന്തം’ പുറത്തിറങ്ങി.

സുകൃതജപം, പുണ്യപ്രവൃത്തി, വചനപഠനം, അനുദിന വിശുദ്ധ കുര്‍ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങളാല്‍ അലങ്കരിച്ച് കുഞ്ഞുമാലാഖമാരോടു ചേര്‍ന്ന് തയ്യാറാക്കാവുന്ന സവിശേഷമായൊരു കൈപുസ്തകമാണിത്. ഡിസംബര്‍ 1 മുതല്‍ 25 വരെ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ പേജുകളും ക്രമീകരിച്ചിരിക്കുന്നത്.

“ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍; സ്വര്‍ഗ്ഗരാജ്യം അവരെപ്പോലുള്ളവരുടേതാണ്” എന്ന വചനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളിലും കുഞ്ഞുങ്ങളിലും വിശ്വാസം വളര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഫിയാത്ത് മിഷന്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇടവക മതബോധനം, കുട്ടികളുടെ കൂട്ടായ്മകള്‍, സ്‌കൂളുകള്‍, സംഘടനകള്‍ എന്നിവടങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത ഈ പുസ്തകം കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെ പോലും വിശ്വാസരൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്തിരുന്നത്. കേരളത്തിലെ പലയിടങ്ങളിലും നോമ്പുകാലത്ത് ‘ഉണ്ണീശോയുടെ സ്വന്തം’ എന്ന കൈപുസ്തകം നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ പരിശീലിപ്പിച്ചതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പ്രത്യേകിച്ച് ചില ഇടവകകളില്‍ മുന്നൂറോളം കുട്ടികള്‍ വരെ നോമ്പുകാലത്ത് ദിവസവും മുടങ്ങാതെ കുര്‍ബാനയ്ക്ക് വന്നിരുവെന്ന പല മതബോധന അധ്യാപകരുടെയും, വൈദികരുടെയും, സന്യസ്തരുടെയും സാക്ഷ്യം മൂലം ഈ വര്‍ഷം ഇതിന്റെ കോപ്പികള്‍ 5 ലക്ഷം വരെ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്.

കുഞ്ഞുമനസ്സുകളില്‍ ഉണ്ണീശോയുടെ സ്‌നേഹം നിറച്ച് ഈശോയുടെ സ്വന്തമാണെന്ന തിരിച്ചറിവിലേയ്ക്ക് കുട്ടികളെ നയിക്കുവാന്‍ ഈ പുസ്തകം ഏറെ സഹായകരമാണ്. ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കുന്ന ഈ കൈപുസ്തകത്തിന് 5 രൂപയോളം നിര്‍മ്മാണച്ചെലവ് വരുന്നുണ്ട്.

ഫിയാത്ത് മിഷന്‍, പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയനുസരിച്ച് ഈ പുസ്തകം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. കോപ്പികള്‍ സൗജന്യമായി വേണ്ടവര്‍ നവംബര്‍ 15-ന് മുമ്പ് താഴെയുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

വിളിക്കൂ: 9020353035, 9961550000