റഷ്യയിലെ ക്രിസ്തുമസ് ആഘോഷം 

റഷ്യയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഡിസംബര്‍ 25-ന് അല്ല. മറിച്ച്, ജനുവരി 7-നാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണ് ക്രിസ്തുമസ് ജനുവരി 7-ന് ആഘോഷിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ക്രിസ്തുമസ്. അതിനാല്‍ തന്നെ വളരെ ഭക്തിയോടെയാണ് ഇവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ജനുവരി ആറാം തീയതി രാത്രിയില്‍ ആരംഭിക്കും. ഈശോയുടെ ജനനത്തോടനുബന്ധിച്ചുള്ള ആദ്യ കര്‍മ്മങ്ങള്‍  വളരെ ദൈര്‍ഘ്യമുള്ളതാണ്. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഇവര്‍ വീടുകളിലേയ്ക്ക്‌ മടങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണം ‘ഹോളി സപ്പര്‍’ എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ പന്ത്രണ്ടു കൂട്ടം വിഭവങ്ങള്‍ ഉണ്ടായിരിക്കും. അവ ഓരോന്നും ഓരോ അപ്പസ്‌തോലന്മാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭക്തരായ ആളുകള്‍ വീണ്ടും  ദേവാലയത്തില്‍ വരുന്നു. തുടര്‍ന്ന് തിരുപ്പിറവി കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇത് ക്രിസ്തുമസ് ദിനമായ ജനുവരി ഏഴാം തീയതി രാവിലെയേ സമാപിക്കുകയുള്ളൂ.

റഷ്യയിലെ ക്രിസ്തുമസ് വിഭവങ്ങളില്‍ പന്നി പ്രധാനപ്പെട്ട ഒന്നാണ്. പന്നിയിറച്ചി വിവിധ തരത്തില്‍ പാകം ചെയ്തു ഭക്ഷിക്കുകയും അയല്‍ക്കാര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നു. കൂടാതെ മറ്റ് ഇറച്ചി വിഭവങ്ങളും മത്സ്യങ്ങളും പഴവര്‍ഗ്ഗങ്ങളും എല്ലാം ക്രിസ്തുമസ് വിഭവങ്ങളില്‍ ഉള്‍പ്പെടും. ഒപ്പംതന്നെ മധുരം പരസ്പരം കൈമാറുകയും ചെയ്യുന്നു.

ക്രിസ്തുമസ് ദിനത്തില്‍ സമ്മാനങ്ങളുമായി ക്രിസ്തുമസ് അപ്പൂപ്പന്‍ വരും എന്ന മിത്തില്‍ ഇവര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും സാധാരണ കരുതുന്നതുപോലെ റെയില്‍ ഡിയറിന്റെ തെന്നുന്ന വാഹനത്തില്‍ വരുന്ന സാന്തായല്ല ഇവിടെ. ഇവിടെ സാന്താക്‌ളോസ് വരുന്നത് മൂന്നു കുതിരകളെ കെട്ടിയ വണ്ടിയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.