മലേഷ്യയിലെ ക്രിസ്തുമസ് 

മലേഷ്യക്കാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ഈശോയുടെ ജനനം ആചരിക്കുന്ന ഏറ്റവും പരിശുദ്ധമായ ദിനമാണ്. അതിനാൽ തന്നെ പള്ളികളിൽ തിരുപ്പിറവിയുടെ കർമ്മങ്ങൾ വളരെ ഭക്തിനിർഭരമായി നടക്കുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് പാതിരാകുർബാനയും തുടർന്ന് കരോൾ ഗാനങ്ങളും നടത്തപ്പെടുന്നു.
കുർബാനയ്ക്കുശേഷം പല പള്ളികളിലും ക്രിസ്തുമസ് നാടകങ്ങൾ നടത്തുന്നു. തുടർന്ന് മധുരം പങ്കുവച്ചതിനുശേഷം ആണ് ആളുകൾ പള്ളികളിൽ നിന്ന് തിരികെ വീടുകളിലേയ്ക്ക് മടങ്ങുന്നത്. ഒപ്പം തന്നെ ക്രിസ്തുമസ് കാലത്തേയ്ക്കായി പ്രത്യേക ചോക്ലേറ്റുകളും മറ്റും വിപണിയിൽ തയ്യാറായിരിക്കും. മലേഷ്യക്കാരുടെ മറ്റൊരു പ്രത്യേകതയാണ് ക്രിസ്തുമസ് രാത്രികളിൽ  മാളുകളിലും മറ്റും കറങ്ങിനടന്ന് ക്രിസ്തുമസ് അലങ്കാരങ്ങൾക്കൊപ്പം ചിത്രങ്ങൾ എടുക്കുക എന്നത്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിൽ കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക അലങ്കാരങ്ങളും ക്രിസ്തുമസ് പരിപാടികളും നടത്തപ്പെടുന്നു.
ക്രിസ്തുമസ് ദിവസം പള്ളിയിലെ ചടങ്ങുകൾക്കും വീട്ടിലെ ഭക്ഷണത്തിനും ശേഷം കുടുംബാംഗങ്ങൾ കൂട്ടത്തോടെ ബീച്ചുകളിലും മറ്റും സമയം ചെലവിടുന്നത് ഇവിടെ പതിവാണ്. കൂടാതെ ക്രിസ്തുമസ് സമയം പരസ്പരം സമ്മാനങ്ങൾ കൈമാറുവാനുള്ള സമയമായും  ഇവർ ഉപയോഗിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.