ലെബനോനിലെ ക്രിസ്തുമസ് ആഘോഷം

ലെബനോനിലെ ആകെ ജനസംഖ്യയില്‍ മുപ്പത്തഞ്ച് ശതമാനമേ കത്തോലിക്ക വിശ്വാസികള്‍ ഉള്ളൂ. ഇവര്‍ പൊതുവെ മറനൈറ്റ് കത്തോലിക്കര്‍ എന്നാണ് അറിയപ്പെടുന്നത്.

ഇവിടെയുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് വേളയില്‍ ഉണ്ണീശോയ്ക്കായി പുല്‍ക്കൂടൊരുക്കാറുണ്ട്. ക്രിസ്തുമസ് ട്രീയേക്കാള്‍ കൂടുതല്‍ പ്രാധാന്യം പുല്‍ക്കൂടിനാണ് ഇവര്‍ നല്‍കുന്നത്. പരമ്പരാഗതമായി ഒരു ഗുഹയോട് ചേര്‍ന്നാണ് ഇത്തരം പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. പൊതുവേ കോട്ടണ്‍തോട്ടങ്ങളില്‍ വളരുന്ന ഓട്‌സ്, ഗോതമ്പ് തുടങ്ങിയ ചെടികളുടെ ഇലകള്‍കൊണ്ടാണ് പുല്‍ക്കൂടൊരുക്കുന്നത്. ഈ പുല്‍ക്കൂട് പലപ്പോഴും വീട്ടുകാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഒരു സ്ഥലം കൂടിയാണ്. കൂടാതെ, ക്രിസ്തീയ പാരമ്പര്യമനുസരിച്ച് രാത്രിയില്‍ കുര്‍ബാനയ്ക്കായി പോകുന്ന വിശ്വാസികളുമുണ്ട്.

തലസ്ഥാനനഗരിയായ ബെയ്‌റുട്ടില്‍ സുന്ദരമായ ക്രിസ്തുമസ് ഉല്ലാസപാര്‍ട്ടികള്‍ ഹോട്ടലുകളില്‍ നടത്തുകയും നിരവധിപേര്‍ അതില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ക്രിസ്ത്യാനികളല്ലാത്തവരും ഇതില്‍ ഒന്ന് ചേരാറുണ്ട്. പാശ്ചാത്യരീതിയിലുള്ള ക്രിസ്തുമസ് ട്രീ, ദീപം തെളിക്കല്‍ തുടങ്ങിയവ ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടാറുണ്ട്. ക്രിസ്തുമസ് ആഘോഷവേളയില്‍ വീടുകളില്‍ പോയി മധുരം കഴിക്കുന്നതും ഒരു കപ്പ് ചായ കുടിക്കുന്നതും പതിവാണ്.

ലെബനോനിലെ ഭൂരിഭാഗവും അറബിഭാഷ സംസാരിക്കുന്നതുകൊണ്ട് ”ഈദ് മിലദാ മജീദ്” എന്ന് പറഞ്ഞാണ് ആശംസ നേരുന്നത്. ഇതിന്റെ അര്‍ത്ഥം മഹത്വപൂര്‍ണമായ ജന്മദിനം എന്നാണ്. അല്ലെങ്കില്‍ ”കുള്‍ ആം വാ എന്താ ബി – കൈള്‍” എന്നും ആശംസിക്കാറുണ്ട്. ഇതിന്റെ അര്‍ത്ഥം എല്ലാ വര്‍ഷവും നീ ആരോഗ്യവാനായി കാണപ്പെടട്ടെ എന്നാണ്. ഫ്രഞ്ച് ഭാഷ അറിയാവുന്നത് കൊണ്ട് നമുക്ക് ജോയേക്‌സ് നോയേല്‍  എന്നും ആശംസിക്കാം.

ലെബനോനില്‍ ക്രിസ്തുമസ് പാപ്പ അറിയപ്പെടുന്നത് ബാബനോയേല്‍ എന്ന പേരിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.