കാൽവരിയിലെ ക്രിസ്തുമസ് കാലം

ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി

ജാതിമത ഭേദമന്യേ വിവിധ ദേശങ്ങളിൽ കൊണ്ടാടുന്ന മഹോത്സവങ്ങളിലൊന്നാണ് ക്രിസ്തുമസ്. കാരണം, സകലർക്കും പ്രത്യാശയും സന്തോഷവും നൽകുന്ന ഒന്നാണത്. “സകല ജനങ്ങൾക്കും” വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായാണ് ക്രിസ്തുവിന്റെ ജനനം പാവപ്പെട്ടവരായ ആട്ടിടയന്മാരെ ദൂതർ അറിയിക്കുന്നത്. “നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു” എന്നതായിരുന്നു ആ സദ്‌വാർത്ത. സകല ജനങ്ങൾക്കും, പ്രത്യേകിച്ച് നിരാശ്രയരും പാവപ്പെട്ടവരുമായവർക്കു വേണ്ടിയാണ് ക്രിസ്തു ജനിച്ചത്. ആ ജനനം രണ്ടായിരം വർഷങ്ങൾ പിന്നിടുമ്പോഴും അതേ സദ്‌വാർത്തയാണ് ലോകമെങ്ങും മുഴങ്ങുന്നത്. പ്രത്യേകിച്ച് ദരിദ്രർക്കും പീഡിതർക്കും അഗതികൾക്കുമിടയിൽ ജീവിതകാലം മുഴുവൻ ചെലവഴിച്ച് കടന്നുപോയിട്ടുള്ളവരും ഇപ്പോഴും അവർക്കു വേണ്ടി ജീവിക്കുന്നവരുമായ ലക്ഷക്കണക്കിന് സന്യസ്തരുടെയും വൈദികരുടെയും അത്മായരുടെയും ജീവിതം ക്രിസ്തുമസ് സന്ദേശത്തിന്റെ ചൈതന്യം പേറുന്നതാണ്.

ലോകത്തിന് നന്മ മാത്രം ചെയ്ത് കടന്നുപോയ ക്രിസ്തുവിന് ശത്രുക്കളുണ്ടായത് എങ്ങനെയോ അതുപോലെ തന്നെയാണ് ക്രിസ്തുവിനെ നിരുപാധികം അനുഗമിച്ച് രാഷ്ട്രത്തിന് നന്മ ചെയ്യുന്നവർക്ക് ശത്രുക്കളുണ്ടാകുന്നതും അവർ നിരന്തരം വേട്ടയാടപ്പെടുന്നതും. ഒട്ടേറെ പ്രതിബന്ധങ്ങൾ എക്കാലവും ഉണ്ടായിരുന്നെങ്കിലും സമീപകാലം വരെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് സമർപ്പിതരും വൈദികരും ഉൾപ്പെടെയുള്ള മിഷനറിമാർ ഏറെക്കുറെ സുരക്ഷിതരായിരുന്നു. എന്നാൽ, അടുത്ത ചില വർഷങ്ങളായി അവരും അവരുടെ സ്ഥാപനങ്ങളും പ്രത്യേകമായി, ചില സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ വിശ്വാസികളും തുടർച്ചയായി ഒട്ടേറെ അതിക്രമങ്ങൾ നേരിടുന്നു. നമ്മുടെ സമീപ സംസ്ഥാനമായ കർണ്ണാടകയിൽ പതിവില്ലാത്തവിധം ക്രൈസ്തവ പീഡനങ്ങൾ അരങ്ങേറുന്ന ഈ കാലത്ത് മധ്യപ്രദേശ് പോലുള്ള ചിലയിടങ്ങളിൽ അത്തരം അതിക്രമങ്ങൾ വലിയ വർത്തയല്ലാതായി മാറിയിരിക്കുന്നു.

ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ മുൻനിരയിൽ

ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സമൂഹങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മുൻനിരയിലാണ് ഇന്ത്യ എന്നുള്ള വാസ്തവം കാര്യമായി ചർച്ച ചെയ്യപ്പെടാറുള്ള ഒന്നല്ല. മാധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങളും അക്രമികൾക്ക് മുഖ്യധാരാ മാധ്യമങ്ങളിലുള്ള സ്വാധീനവും സമൂഹമാധ്യമങ്ങളിൽ അത്തരക്കാർക്കുള്ള ശക്തമായ പ്രചാരണസംവിധാനങ്ങളും തുടങ്ങി പല കാരണങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നതിനു പിന്നിലുണ്ട്.

ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വരുന്ന ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, 2019 മുതലുള്ള മൂന്നു വർഷങ്ങളായി ഏറ്റവും രൂക്ഷമായ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് പത്താം സ്ഥാനമുണ്ട്. അക്രമസംഭവങ്ങളുടെ കാര്യത്തിൽ ഇറാഖും സിറിയയും പോലും ഇന്ത്യക്കു പിന്നിലാണ്. ഈ വർഷം ആദ്യത്തെ ആറു മാസത്തിനുള്ളിൽ തന്നെ 21 സംസ്ഥാനങ്ങളിലായി മുന്നൂറിൽപരം ആക്രമണങ്ങൾ മതവിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർക്കെതിരായി നടന്നിട്ടുണ്ട് എന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് തുടങ്ങിയ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസം മാത്രം വിവിധ സംസ്ഥാനങ്ങളിലായി 69 അക്രമസംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ഏറിയ പങ്കും വിദ്വേഷപ്രചാരണങ്ങളെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങളാണ്. വ്യക്തികളും വിശ്വാസീസമൂഹങ്ങളും സ്ഥാപനങ്ങളും വൈദികരും സന്യസ്തരുമെല്ലാം പലതരത്തിലുള്ള അക്രമങ്ങൾക്ക് ഇരയായവരിൽപെടുന്നു. ഓരോ വർഷം കഴിയുന്തോറും ഇത്തരം അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചു വരുന്നത് നാം പ്രത്യേകമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. രാജ്യവ്യാപകമായി തന്നെ ക്രൈസ്തവ വിരുദ്ധതയും വ്യാജവാർത്തകളും പ്രചരിപ്പിക്കപ്പെടുന്നതിനും ആക്രമണങ്ങൾ പതിവാകുന്നതിനും പിന്നിൽ ചില തല്പരകക്ഷികളുടെ ആസൂത്രിതമായ നീക്കങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്.

ദുരുപയോഗിക്കപ്പെടുന്ന നിയമങ്ങൾ

തികച്ചും സദുദ്ദേശ്യപരം എന്ന് ആവർത്തിച്ച് അവകാശപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാനങ്ങൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ മതംമാറ്റ നിരോധന നിയമങ്ങളാണ് ഒട്ടേറെ അക്രമങ്ങൾക്കും മറയായി അക്രമികൾ ഉപയോഗിച്ചുവരുന്നത്. അടിസ്ഥാനരഹിതമായി മതംമാറ്റം എന്ന ആരോപണം ഉന്നയിക്കുകയും അതെ തുടർന്ന് ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതോടൊപ്പം കള്ളക്കേസ് കൊടുക്കുകയുമാണ് പലയിടങ്ങളിലും കണ്ടുവരുന്നത്. ബഹുഭൂരിപക്ഷം കേസുകളിലും പോലീസും അധികാരികളും അക്രമികളുടെ പക്ഷത്താണ് എന്നതാണ് വാസ്തവം. മുൻവർഷങ്ങളിൽ സാധാരണ വ്യക്തികളും പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നവരും കുടുംബങ്ങളുമാണ് വർഗ്ഗീയ സംഘടനാപ്രവർത്തകരുടെ ആക്രമണങ്ങൾക്ക് കൂടുതലും ഇരയായിരുന്നതെങ്കിൽ, കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം നിരവധി കത്തോലിക്കാ സ്ഥാപനങ്ങളും സന്യസ്തരുമാണ് അതിക്രമങ്ങൾക്ക് ഇരയായത്. അവിടെയെല്ലാം തന്നെ കെട്ടിച്ചമയ്ക്കപ്പെട്ട കുറ്റാരോപണങ്ങൾ മതംമാറ്റ നിരോധന നിയമത്തിന്റെ മറവിലുള്ളവയായിരുന്നു.

കർണ്ണാടകയിൽ മതംമാറ്റ നിരോധന നിയമം ഇനിയും പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിൽ പോലും, സമീപകാലത്ത് ബിൽ പാസാക്കപ്പെട്ടേക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ഹിന്ദുത്വവാദികൾ അത്തരം കുറ്റാരോപണങ്ങൾ ഉയർത്തി അക്രമങ്ങൾ അഴിച്ചുവിടുന്നു. ഈ വർഷം ഇതുവരെ മുപ്പത്തിയെട്ട് അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനു പിന്നാലെ ഹിന്ദുത്വ വർഗ്ഗീയവാദികൾ അക്രമങ്ങൾ അഴിച്ചുവിടുന്ന കാഴ്ചയും അതിന് വേദിയൊരുക്കുന്ന രീതിയിൽ നിയമനിർമ്മാണങ്ങൾ നടത്തുന്ന പ്രവണതയുമാണ് പല സംസ്ഥാനങ്ങളിൽ എന്നതുപോലെ കർണ്ണാടകയിലും കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അയൽസംസ്ഥാനം എന്ന നിലയിലും ഏറ്റവുമധികം മലയാളികളും വിശിഷ്യാ, ക്രൈസ്തവരും ജോലിക്കായും മറ്റും കുടിയേറി പാർക്കുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലും കർണ്ണാടകയിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ കൂടുതൽ ആശങ്കാജനകമാണ്.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ ലക്ഷ്യമാക്കപ്പെടുന്നു

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും വിവിധ രൂപതകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുണ്ട്. ലക്ഷക്കണക്കിന് പാവപ്പെട്ടവരും രോഗികളും അനാഥരും വൃദ്ധരുമായവർക്ക് ആശ്രയവും കൈത്താങ്ങുമാകാൻ സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകളിലൂടെ കഴിയുന്നുണ്ട്. തന്റെ പരസ്യജീവിതകാലത്ത് ക്രിസ്തു നൽകിയ മാതൃകയാണ് ഇത്തരം ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർ കലർപ്പില്ലാതെ അനുകരിക്കുന്നത്. വാസ്തവത്തിൽ, നിരവധി സേവനമേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതു വഴിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമാനതകളില്ലാത്ത പിന്തുണയാണ് നിരുപാധികമായി കത്തോലിക്കാസഭ കാലങ്ങളായി നൽകിവരുന്നത്. കാലാകാലങ്ങളായി ഇത്തരത്തിൽ ഇന്ത്യയുടെ മുക്കിലും മൂലയിലും പ്രവർത്തനനിരതരായിരിക്കുന്ന കത്തോലിക്കാ മിഷനറിമാരുടെ യഥാർത്ഥ ലക്ഷ്യം രാഷ്ട്രത്തിന്റെ സമഗ്രമായ ഉന്നതിയാണ്. നിരവധി ഉൾഗ്രാമങ്ങളിൽ സർക്കാർ സംവിധാനങ്ങൾ സഹായത്തിനെത്താത്ത പാവപ്പെട്ട ജനങ്ങൾക്കിടയിലാണ് എറിയ പങ്ക് സന്യസ്തരും വൈദികരും പ്രവർത്തനനിരതരായിരിക്കുന്നത്. ഇക്കാര്യങ്ങൾ വിസ്മരിച്ച് അവരുടെ സേവനങ്ങളെ മറ്റൊരു കണ്ണിലൂടെ കാണുകയും ശത്രുതാപരമായി സമീപിക്കാൻ പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കുകയും ചെയ്യുന്ന വർഗ്ഗീയസംഘടനകളുടെ ഇടപെടലുകൾ അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം ചില നീക്കങ്ങൾ കേരളത്തിലും പ്രകടമാണ്.

വ്യക്തികളെ എന്നതിനേക്കാൾ, കത്തോലിക്കാസഭയുടെ പ്രവർത്തനപരിധിയിലുള്ള സ്ഥാപനങ്ങളെയും വിവിധ സേവനമേഖലകളെയും ഹിന്ദുത്വവാദികൾ ലക്ഷ്യമിടുന്നുണ്ട് എന്നത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളിൽ നിന്ന് പട്ടാപ്പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ മാത്രം മധ്യപ്രദേശിൽ വ്യാജാരോപണങ്ങളെ തുടർന്ന് ആക്രമിക്കപ്പെടുകയും പിന്നീട് നിയമക്കുരുക്കുകളിൽ അകപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ നാലെണ്ണമാണ്. സമാനമായ അതിക്രമങ്ങൾ മറ്റ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകയിലും പതിവാകുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഗുജറാത്തിലെ വഡോദരയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വന്നിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരവുമായി ബന്ധപ്പെട്ട വാർത്തകളാണ്. അവിടെ താമസിച്ചു വരുന്ന അന്തേവാസികളായ യുവതികളെ മതം മാറ്റുന്നതായി ‘സംശയമുണ്ടെന്ന’ പരാതിയെ തുടർന്ന് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. മതപരിവർത്തന നിരോധന നിയമം തന്നെയാണ് ഈ സംഭവത്തിലും ദുരുപയോഗിക്കപ്പെടുന്നത്.

വഡോദരയിലെ സംഭവത്തിലും മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവത്തിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഇടപെടലാണുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയെ തുടർന്ന് ജില്ലാ കളക്ടർക്കു നൽകിയ കത്താണ് ഇരുസംഭവങ്ങളിലും വിവാദങ്ങൾക്ക് തുടക്കമായത്. തികച്ചും അടിസ്ഥാനരഹിതമായ സംശയങ്ങളും ആരോപണങ്ങളുമാണ് രണ്ടു സംഭവങ്ങളിലും അദ്ദേഹം ഉന്നയിച്ചിട്ടുള്ളതും തുടർന്ന് രാഷ്ട്രീയപ്രേരിതമെന്ന് വ്യക്തമാകുന്ന രീതിയിൽ നടപടികളിലേക്ക് നീങ്ങിയിട്ടുള്ളതും.

ഉദ്യോഗസ്ഥ – രാഷ്ട്രീയ തലങ്ങളിൽ തന്നെ ക്രൈസ്തവ സമൂഹങ്ങൾക്കും സഭക്കും എതിരായുള്ള നീക്കങ്ങൾ ആസൂത്രിതമായി നടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന സമാന സ്വഭാവമുള്ള സംഭവങ്ങൾ നൽകുന്നത്. ഇന്റ്ഖേരിയിലെ സംഭവത്തിലും വഡോദരയിലെ സംഭവത്തിലും ചില ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം സന്യസ്തരോട് വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി തികച്ചും മാതൃകാപരമായും മികച്ച രീതിയിലും നടന്നു വരുന്ന കത്തോലിക്കാസഭയുടെ എണ്ണമറ്റ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യുന്നവയാണ് ഇത്തരം സംഭവങ്ങൾ. കത്തോലിക്കാസഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും സാമൂഹിക ഇടപെടലുകൾക്കും സ്വാധീനത്തിനും തടയിടാൻ ഉറപ്പിച്ചാണ് ചിലർ ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കാം.

സംഭവിക്കുന്നത് ഗൗരവമേറിയ ഭരണഘടനാ ലംഘനങ്ങൾ

ഒരു പൂർണ്ണ മതേതര രാജ്യമായാണ് ഭരണഘടന ഇന്ത്യയെ നിർവ്വചിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും ഭരണഘടനാപരമായ അവകാശമാണ്. ഏതൊരു മതത്തിൽ വിശ്വസിക്കാനും അത് പ്രഘോഷിക്കാനും എല്ലാ വ്യക്തികൾക്കും പൂർണ്ണസ്വാതന്ത്ര്യമുണ്ട്. ഇക്കാരണങ്ങളാൽ മതപരമായ വിവേചനങ്ങളും മതത്തിന്റെയും വർഗ്ഗീയതയുടെയും പേരിലുള്ള അടിച്ചമർത്തലുകളും അതിക്രമങ്ങളും ഭരണഘടനാവിരുദ്ധമായ കുറ്റകൃത്യങ്ങളാണ്. നിസ്വാർത്ഥമായി പാവപ്പെട്ട മനുഷ്യർക്കു വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന വ്യക്തികളെയും അവരുടെ സ്ഥാപനങ്ങളെയുമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനാൽ ഇത്തരം അതിക്രമങ്ങൾ കൂടുതൽ ഗൗരവതരമാണ്. നിയമങ്ങൾ ദുരുപയോഗം ചെയ്ത് അനേകരെ കെണിയിൽ അകപ്പെടുത്താനുള്ള ശ്രമങ്ങളും അതിന് സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും പോലും കൂട്ടു നിൽക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്താൻ പ്രയത്നിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയുടെ ഭരണഘടനക്കു വിരുദ്ധമായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളും തുറന്നുകാണിക്കാൻ ഈ മതേതര സമൂഹം തയ്യാറാകേണ്ടതുണ്ട്.

ജാഗ്രതയും തിരിച്ചറിവും ആവശ്യം

കേരളത്തിലെ ഇതു വരെയുള്ള അനുഭവങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ കാണുന്ന വിധത്തിൽ ഹിന്ദുത്വവാദികളിൽ നിന്നുള്ള വർഗ്ഗീയ അതിക്രമങ്ങൾ ആ രൂക്ഷതയിൽ പ്രകടമല്ല. അതേ സമയം ഇസ്ലാമിക വർഗ്ഗീയവാദികളുടെ ഭാഗത്തു നിന്ന് വളരെ ഗുരുതരമായ രീതിയിൽ പലവിധത്തിലുള്ള അതിക്രമങ്ങൾ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്നുമുണ്ട്. അത്തരം ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ ചില വർഷങ്ങളായി ബിജെപി – ആർഎസ്എസ് നേതൃത്വങ്ങൾ ശ്രമിച്ചുവന്നിരുന്നു. കുറച്ചൊക്കെ അവർ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ, ക്രൈസ്തവ സമൂഹത്തോട് ഒരു പരിധി വരെ മമത പ്രകടിപ്പിച്ചു വന്നിരുന്ന ബിജെപി – ആർഎസ്എസ് നേതൃത്വങ്ങൾ തങ്ങളുടെ നയം മാറ്റുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ (ക്രൈസ്തവ) പ്രേമം തുടരുന്നതിൽ അർത്ഥമില്ലെന്നും ഹിന്ദുവർഗ്ഗീയതയിൽ ഊന്നിപ്രവർത്തിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം കേരള നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത. ഹൈന്ദവരല്ലാത്തവരെ നേതാക്കളായി ഉയർത്തിക്കൊണ്ടു വരുന്നതും സമവായ ശ്രമങ്ങൾ തുടരുന്നതും ഹൈന്ദവസമൂഹത്തെ പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്ന് കേന്ദ്രനേതൃത്വം നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾക്ക് വൈകാതെ കേരളത്തിലും കളമൊരുങ്ങുമെന്നുള്ള സൂചനകളാണ് ഇത്തരം വാർത്തകൾ നൽകുന്നത്.

വർഗ്ഗീയ വിദ്വേഷപ്രചരണങ്ങൾ തീവ്രമായ രീതിയിൽ തന്നെ കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതിനെയും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. കേരള കത്തോലിക്കാസഭയുടെ സാമൂഹിക ഇടപെടലുകളുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടന്നുവരുന്നുണ്ട്. രാഷ്ട്രീയതലത്തിലും മതതീവ്രവാദ – വർഗ്ഗീയസംഘടനകളുടെ ശ്രമഫലമായി സമൂഹത്തിൽ പൊതുവെയും ഇത്തരം നീക്കങ്ങൾ പ്രകടമാണ്. സഭയിലെ ആഭ്യന്തരവിഷയങ്ങൾ പോലും വലിയ വാർത്താപ്രാധാന്യത്തോടെയും തെറ്റിദ്ധാരണാജനകമായും മുഖ്യധാരാ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതും ബാഹ്യ ഇടപെടലുകൾ വഴി വഷളാക്കുന്നതും വ്യാപകമായി സഭക്കെതിരായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ചില ആസൂത്രിതനീക്കങ്ങളുടെ ഭാഗമാണെന്ന് സംശയിക്കാം. ഒരു ഘട്ടം കൂടി കഴിഞ്ഞാൽ, ക്രൈസ്തവ സമൂഹങ്ങൾക്കും സഭാനേതൃത്വത്തിനും എതിരെ പരസ്യമായി രംഗത്ത് വരാൻ വർഗ്ഗീയ സംഘടനാപ്രവർത്തകർ മടി കാണിക്കില്ല എന്നുള്ളതിന്റെ സൂചനകളും വ്യക്തമാണ്. അണിയറയിൽ നടന്നുകൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിയാതെ, ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിൽ രാഷ്ട്രീയബാന്ധവങ്ങൾ രൂപീകരിക്കുകയും അതാണ് ചില പ്രശ്നപരിഹാരങ്ങൾക്കുള്ള ഏകമാർഗ്ഗം എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നത് വിവേകശൂന്യതയാണ് എന്നു നാം തിരിച്ചറിയണം. സാമൂഹികവും രാഷ്ട്രീയവുമായ സൗഹൃദങ്ങൾ നല്ലതും ആവശ്യവുമാണ്. എന്നാൽ, ചങ്ങാത്തം കൂടാനെത്തുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള സഹകരണങ്ങളാണ് ഗുണകരമാവുക.

ശരിയായ തിരിച്ചറിവിലേക്ക് കടന്നുവന്ന് ഉണർന്നു പ്രവർത്തിക്കുക മാത്രമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഏകമാർഗ്ഗം. ഈ ക്രിസ്‌തുമസ് കാലവും പുതുവത്സരവും പുതിയ കാഴ്ചപ്പാടുകളിലേക്ക് നമ്മെ നയിക്കട്ടെ!

ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി, കെസിബിസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.