ആഫ്രിക്കയിലെ ക്രിസ്തുമസ് ആഘോഷം 

ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് വര്‍ണ്ണശബളമായ ആഘോഷങ്ങളുടെ രാവാണ്. അലങ്കാരങ്ങളും വിവിധ നിറങ്ങളിലുള്ള ബള്‍ബുകളും പടക്കങ്ങളുമൊക്കെ ആഫ്രിക്കക്കാരുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

ആഫ്രിക്കക്കാര്‍ക്ക് ക്രിസ്തുമസ്, രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതിന്റെയും കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിന്റെയും വേളകളാണ്. അന്നേ ദിവസം തങ്ങളുടെ ജോലികളും തിരക്കുകളുമൊക്കെ മാറ്റിവച്ച് വീട്ടുകാരോടൊപ്പം ചിലവിടാന്‍ അവര്‍ ആഗ്രഹിക്കുന്നു.

ആഫ്രിക്കയില്‍, ക്രിസ്തുമസ് ദിവസം അതിരാവിലെ ക്രിസ്ത്യാനികള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച്‌ പള്ളിയില്‍ പോകും. പള്ളികളില്‍ പ്രത്യേക ആരാധനയും കുര്‍ബാനയും നടത്തും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടത്തുന്നു. പ്രത്യേകിച്ചും ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട അവതരണങ്ങളാവും അതില്‍. അതിനുശേഷം അല്പനേരം പള്ളിയില്‍ തങ്ങി പിന്നീട് വീടുകളിലേയ്ക്ക് മടങ്ങും. വീട്ടിലെത്തിയാല്‍ പിന്നെ രുചികരമായ ഭക്ഷണം തയ്യാറാക്കുന്ന പരിപാടിയില്‍ അവര്‍ വ്യാപരിക്കും. ഒപ്പംതന്നെ മധുരപലഹാരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യും.

കൂടാതെ, അക്രൈസ്തവരായ അയല്‍ക്കാരെ ക്രിസ്ത്യാനികള്‍ വിരുന്നിന് ക്ഷണിക്കും. ഒരു കൂട്ടായ്മയുടെ അനുഭവമാണ് ഇവര്‍ക്ക് ക്രിസ്തുമസ് പകരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ വരും എന്ന ധാരണ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ അങ്ങനെയൊന്നില്ല. ചുവന്ന ഉടുപ്പ് ധരിച്ച്‌ നിറയെ സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്തുമസ് അപ്പൂപ്പനു പകരം സമ്മാനങ്ങള്‍ വാങ്ങാന്‍ എത്തുന്ന ബൈക എന്ന വൃദ്ധനെക്കുറിച്ചുള്ള മിത്ത് ഇവര്‍ക്കിടയിലുണ്ട്. ബൈകയെ ഒരു പിശാചായിട്ടാണ് ഇവര്‍ കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.