ക്രിസ്മസ് സ്‌പെഷ്യല്‍ ഫിഷ്- എഗ് വിഭവങ്ങള്‍

1. കരിമീന്‍ നിറച്ച് പൊള്ളിച്ചത്

ആവശ്യമായവ

1. കരിമീന്‍ കഴുകി വൃത്തിയാക്കിയത് – 3
2. സവോള കനം കുറച്ച് നീളത്തിലരിഞ്ഞത് – 1
3. തക്കാളി കൊത്തിയരിഞ്ഞത് – 1
4. കാശ്മീരി ചില്ലി പൗഡര്‍ – 1 ടേബിള്‍ സ്പൂണ്‍
5. പച്ചമുളക് പിളര്‍ന്നത് – 2
6. വെളുത്തുള്ളി – 5
7. കറിവേപ്പില – 2 തണ്ട്
8. കുരുമുളക്‌പൊടി – അര ടീസ്പൂണ്‍
9. മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
10. ഉപ്പ് – പാകത്തിന്.
11. കിസ്മിസ് – 1 ടീസ്പൂണ്‍
12. നട്‌സ് – 1 ടീസ്പൂണ്‍
13. വെളിച്ചെണ്ണ ആവശ്യത്തിന്
14. കടുക് – ഒരുനുള്ള്
15. ഗരംമസാല – 1 ടീസ്പൂണ്‍
16. ഇഞ്ചി – ഒരുകഷ്ണം

തയ്യാറാക്കുന്ന വിധം
കരിമീനില്‍ മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളകു പൊടി ഇവ പുരട്ടിവയ്ക്കുക. വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇവ ചതച്ചെടുക്കുക. പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തയ്യാറാക്കിയ കരിമീന്‍ ഇട്ട് വറുത്ത് കോരി വയ്ക്കുക. ഈ എണ്ണയില്‍ കടുക് വറുക്കുക. ഇതിലേക്ക് അരിഞ്ഞ സവോളയും ചതച്ചുവച്ചിരിക്കുന്ന സാധനങ്ങളും ഒപ്പം തക്കാളിയും ഇട്ട് വഴറ്റുക. നട്‌സ്, കിസ്മിസ് എന്നിവയും ഇതിലേക്ക് ചേര്‍ക്കണം. അതിനുശേഷം ഉപ്പും, ചില്ലി പൗഡറും അല്പം വെള്ളവും ചേര്‍ത്ത് ഇളക്കി വഴറ്റുക. വഴന്നുവരുമ്പോള്‍ വറുത്ത കരിമീന്‍ ഇട്ട് ഇളക്കി തിളപ്പിച്ച് ഉപയോഗിക്കുക.

2. ടൂണ ഉലര്‍ത്ത്

ആവശ്യമായവ

1. ടൂണ പീസാക്കിയത് – 350 ഗ്രാം
2. ഗരം മസാല – 2 ടീസ്പൂണ്‍
3. വെളുത്തുള്ളി – 7 അല്ലി
4. ചുവന്നുള്ളി – 7 എണ്ണം
5. മുളകുപൊടി – 2 ടീസ്പൂണ്‍
6. കുരുമുളകുപൊടി- 1/4 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
8. ടുമാറ്റോ സോസ് – 2 ടീസ്പൂണ്‍
9. തേങ്ങാക്കൊത്ത് – 2 1/2 ടീസ്പൂണ്‍
10. കടുക്- ഒരു നുള്ള്
11. ഉപ്പ് പാകത്തിന്
12. എണ്ണ- ആവശ്യത്തിന്
13. ഇഞ്ചി- ഒരുകഷ്ണം

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മീന്‍ പീസുകളില്‍ ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി ഇവ പുരട്ടി വയ്ക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, തേങ്ങാക്കൊത്ത്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞെടുക്കുക.
ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ മീന്‍പീസുകള്‍ ഇട്ട് വറുത്ത് കോരിവയ്ക്കുക.
ഇതിലേക്ക് അരിഞ്ഞ 3,4,9,13 ചേരുവകളും കടുകും ഇട്ട് വഴറ്റുക. വഴന്നു വരുമ്പോള്‍ മീന്‍പീസുകളും സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക.

3. എഗ് മോളി

ആവശ്യമായവ

1. മുട്ട – 4 എണ്ണം
2. സവാള – 1
3. തക്കാളി -2
4. പച്ചമുളക് – 4
5. ഗരംമസാല – 1 ടീസ്പൂണ്‍
6. തേങ്ങാപ്പാല്‍ – 2 തുടം 7. ഉപ്പ് – പാകത്തിന്
8. എണ്ണ – ആവശ്യത്തിന് 9. കറിവേപ്പില – 1 തണ്ട്
10. മഞ്ഞള്‍പ്പൊടി – 1 നുള്ള്

തയ്യാറാക്കുന്ന വിധം
ദോശകല്ലില്‍ എണ്ണ പുരട്ടിയ ശേഷം മുട്ട പൊട്ടിച്ച് ഒഴിച്ച് ചെറുതീയില്‍ വേവിക്കുക. ഇത് അടര്‍ത്തി മാറ്റി വയ്ക്കുക. സവാള, തക്കാളി, പച്ചമുളക് ഇവ അരിഞ്ഞ് വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ചശേഷം അരിഞ്ഞ 2,3,4 ചേരുവകള്‍ നന്നായി വഴറ്റുക. വഴന്നുവരുമ്പോള്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ട പൊരിച്ചത് ഇട്ട് പതിയെ ഇളക്കുക. ഇതിന്റെ മുകളില്‍ ഗരംമസാല തൂവുക. 2 മിനിറ്റിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് കറിവേപ്പിലയും വിതറി അലങ്കരിച്ച് ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.