ക്രിസ്തുമസ് കഥാപാത്രങ്ങൾ 09: അന്നാപ്രവാചിക 

ഫാ. അജോ രാമച്ചനാട്ട്

“എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.” (ലൂക്കാ 2 : 37)

വിശ്വസിക്കാനാവുന്നില്ല, ഇതൊന്നും. എൺപത്തിനാല് വയസ്സുള്ള ഒരു വിധവ ദൈവാലയത്തെ ചുറ്റിപ്പറ്റി ജീവിച്ചു എന്ന്. രാവും പകലും ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു എന്ന്. ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നു എന്ന്. ഏതായാലും ആ കാത്തിരിപ്പും പ്രാർത്ഥനയും ഒന്നും വൃഥാവിലാകുന്നില്ല. കുഞ്ഞുരക്ഷകനെ കണ്ടും ലാളിച്ചും തൃപ്തിയടയുകയാണ്.

അന്നാപ്രവാചികയെപ്പോലെ ചിലർ ഇനിയുമുണ്ട്. അനേകവർഷങ്ങളായി ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ചിലരെ നേരിട്ടറിയാം. ദിവസേന ഒരു മണിക്കൂർ മാത്രം ഉറങ്ങി ബാക്കി നേരം മുഴുവൻ പ്രാർത്ഥിക്കുന്ന മനുഷ്യനെയും കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും ഒരു മെത്ത ഉപയോഗിക്കാതെ തടിക്കട്ടിലിൽ ഉറങ്ങുന്ന സുഹൃത്തുക്കളുണ്ട്. ഒരു സ്മാർട്ട് ഫോൺ കൊണ്ടു നടക്കാൻ പ്രാപ്തിയില്ലാത്ത ആരുണ്ട്, ഈ നാട്ടിൽ? എങ്കിലും വേണ്ടെന്ന് !

സ്നേഹം കൊണ്ടാണ്. സ്നേഹത്തിന്റെ ആഴം കൊണ്ട് മാത്രമാണ്. ആർക്കും മനസ്സിലാകാത്ത സ്നേഹസാഹസങ്ങൾ. ദൈവമേ, ഞാൻ എന്നു മുതലാണ് നിന്നെയൊന്ന് സ്നേഹിച്ചു തുടങ്ങുക?

ഫാ. അജോ രാമച്ചനാട്ട്