ക്രിസ്തുമസ് കഥാപാത്രങ്ങൾ 07: ശിമയോൻ

അൽപനേരത്തേയ്ക്ക് നിങ്ങളുടെ സാമാന്യബുദ്ധി അഴിച്ച് താഴെ വയ്‌ക്കണം,
ലൂക്കാ, 2/25 മുതൽ വായിച്ചു തുടങ്ങാൻ. രക്ഷകനെ കാണുംവരെ മരിക്കുകയില്ല എന്ന് വെളിപ്പെടുത്തൽ കിട്ടിയ ഒരുവൻ – ശിമയോൻ.

തിരക്കുപിടിച്ച ജറുസലേം ദേവാലയത്തിൽ കാഴ്ച അർപ്പിക്കാൻ വന്ന ആ ദരിദ്ര ദമ്പതികളുടെ കയ്യിലിരുന്ന കുഞ്ഞിനെ കൈകളിൽ എടുത്ത് “സർവ്വജനത്തിനും ഒരുക്കിയ രക്ഷ” എന്നൊക്കെ വിളിച്ച് പറയുകയാണ് ആ മനുഷ്യൻ.
പ്രസവവേദനയുടെ ക്ഷീണം മാറാത്ത ആ പെൺകുട്ടിയോട് “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കു”മെന്ന് കൂടി.

ആകെ മൊത്തം ഒരു നാടകീയത.

സത്യമാണ് സുഹൃത്തേ, ബൈബിളിലെ ചിലതൊക്കെ മനസ്സിലാക്കണമെങ്കിൽ നമ്മുടെ ബുദ്ധിയും ലോജിക്കും ഒക്കെ മാറ്റി വയ്ക്കണം. ദൈവം തമ്പുരാന് ഇതൊക്കെ സാധ്യമാണെന്ന് വിശ്വാസത്തിന്റെ ചിറക് വച്ചാലെ മനസ്സിന് ചിന്തിക്കാനാവൂ.

രക്ഷകനെ കാണും വരെ ശിമയോന് ആയുസ്സ് നീട്ടി നൽകുന്ന കരുണയുള്ള ദൈവവും, ആ ദിവസത്തിന് വേണ്ടി മനസ്സ് മടുക്കാതെ ജീവിച്ച വൃദ്ധനായ ശിമയോനും. കാത്തിരിപ്പ് ഒരു പുണ്യത്തിന്റെ പേരാണ്. നിന്റെ ദൈവത്തിനു മാത്രം മനസ്സിലാകുന്ന പുണ്യം.

ഫാ. അജോ രാമച്ചനാട്ട്