ക്രിസ്തുമസ് കഥാപാത്രങ്ങൾ: ജോസഫ് 

ഫാ. അജോ രാമച്ചനാട്ട്

അധികമൊന്നും ജോസഫിനെക്കുറിച്ച് വചനത്തിൽ കാണുന്നില്ല. ആകെയുള്ളത്, അവൻ നീതിമാനായിരുന്നു എന്ന് ഒരു വിശേഷണം മാത്രം.

എന്താണ് നീതിയെന്നാൽ? നീതിയേക്കുറിച്ച് നമ്മൾ ഇപ്പോളും പിന്തുടരുന്നത് ക്രിസ്തുവിനും നാനൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ നിർവചനമാണ്. “give everybody his due”. ഓരോരുത്തർക്കും അർഹമായത് കൊടുക്കുന്നതാണ് നീതിയെന്ന്. അങ്ങനെയെങ്കിൽ, വിവാഹത്തിനും മുൻപ് ഗർഭവതിയായ പെണ്ണിന് എന്ത് കൊടുക്കണം? പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്നത് ഓർക്കുന്നത് നന്ന്. മറിയത്തിനും നാട്ടുനടപ്പ് അനുസരിച്ച് അർഹതയുള്ളത് കല്ലെറിഞ്ഞുള്ള മരണമാണ്.

ജോസഫ് അവൾക്ക് സമ്മാനിച്ചത് മരണമല്ല, ജീവിതമാണ്. വിവാഹത്തിന് മുൻപ് ഗർഭവതിയായവളെയും അവളുടെ ഉദരത്തിൽ വളർന്ന കുഞ്ഞിനെയും അയാൾ  ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ്. അവർക്കുവേണ്ടി ആശാരിപ്പണി ചെയ്തത് അധ്വാനിക്കുകയാണ്. ജോസഫിന്റെ നീതി എന്തായിരുന്നു? അയാൾ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടക്കാൻ സ്വന്തം ജീവിതത്തെ പണയം വയ്ക്കുകയാണ്.

ജോസഫ് നീതിയെ മാറ്റിയെഴുതിയവനാണ്. ഓരോരുത്തരേയും ദൈവം സ്നേഹിക്കുന്നപോലെ സ്നേഹിക്കണമെന്ന്. ദൈവത്തെപ്പോലെ ക്ഷമിക്കണമെന്ന്. ദൈവത്തെപ്പോലെ കരുതണമെന്ന്. ഞാൻ നീതിമാനാണോ? ദൈവത്തെപ്പോലെ സ്നേഹിക്കാനും ക്ഷമിക്കാനും എനിക്കാവുന്നുണ്ടോ? ദൈവത്തെപ്പോലെ, ജോസഫിനെപ്പോലെ പ്രിയപ്പെട്ടവരെ ഹൃദയത്തോട് ചേർക്കാനാകുന്നുണ്ടോ?

ഫാ. അജോ രാമച്ചനാട്ട്