ക്രിസ്തുമസ് കഥാപാത്രങ്ങൾ 21: സ്തുതിഗീതം പാടുന്ന മാലാഖമാർ

ഫാ. അജോ രാമച്ചനാട്ട്

പെട്ടെന്ന്‌, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!(ലൂക്കാ 2 : 13-14)

‘ഒരു നല്ല ഈ കോട്ടയംകാരൻ’ എന്ന പേരിലുള്ള ഒരു സിനിമ ഓടുന്നുണ്ട്,  ദിവസങ്ങളിൽ. നവജീവൻ ട്രസ്റ്റ് നടത്തുന്ന തോമസ് ചേട്ടനെപ്പറ്റി സൈമൺ കുരുവിള എന്നയാൾ ചെയ്ത കൊമേഴ്സ്യൽ ഫിലിമാണ്. ഇടയ്ക്കിടയ്ക്ക് പള്ളി പ്രസംഗങ്ങളിൽ ഞാൻ ഓർമിക്കാറുള്ള വ്യക്തിയാണ് തോമസ് ചേട്ടൻ.  സെമിനാരിക്കാലത്തെ പരിചയം. എങ്ങനെ പറയാതിരിക്കും? ഒരു മനുഷ്യായുസ്സിന് നൻമ ചെയ്യാവുന്നതിലും എത്രയോ കാതമാണ് അദ്ദേഹം മുന്നോട്ട് പോയത് !

“ഭൂമിയിൽ ദൈവകൃപ ലഭിച്ചവർ” എന്ന് മാലാഖമാർ പുകഴ്ത്തുന്നത് ആരെയൊക്കെയായിരിക്കും? പുൽക്കൂട്ടിൽ ജനിച്ച ആ കുഞ്ഞിനെ രക്ഷകനായി സ്വന്തമാക്കിയവരെയാണ്. കണ്ടുമുട്ടുന്ന ഇടങ്ങളിലൊക്കെ ക്രിസ്തുവിനെ – അവന്റെ കരുണയെ, അവന്റെ കരുതലിനെ – വിളമ്പി ത്തുടങ്ങിയവരെയാണ്. വേദനിക്കുന്ന മനുഷ്യരെ ഹൃദയത്തോട് ക്രിസ്തുവിനെപ്പോലെ ചേർത്തു പിടിക്കാൻ ധൈര്യം കാണിക്കുന്നവരെയാണ്.

അതൊരു ഭാഗ്യം തന്നെയാണ് സുഹൃത്തേ. ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാ നാവുകയെന്നത്. ആർക്കെങ്കിലുമൊക്കെ നന്മചെയ്ത് കടന്നു പോകാനാവുകയെന്നത്. പറ്റുമെങ്കിൽ ‘കോട്ടയംകാരനെ’ ഒന്ന് കണ്ടേക്കണെ. പരസ്യമൊന്നുമല്ല കേട്ടോ. എന്തെങ്കിലുമൊക്കെ നന്മ ചെയ്തു തുടങ്ങാൻ അതൊരു നിമിത്തമായാലോ ?!

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്