ക്രിസ്തുമസ് കഥാപാത്രങ്ങൾ 13: ഹേറോദേസ് 

ഫാ. അജോ രാമച്ചനാട്ട്

ഹേറോദേസിനെ ഓർക്കുമ്പോൾ തന്നെ കലിപ്പാണ്, ഭയമാണ്. ചിലപ്പോഴൊക്കെ വെറുപ്പുമുണ്ട്. തനിക്ക് ചുറ്റും ഉണ്ടായിരുന്ന ഒരുപാട് മനുഷ്യരുടെ ജീവിതത്തിലെ സമാധാനവും സന്തോഷവും എന്നെന്നേയ്ക്കുമായി കെടുത്തിക്കളഞ്ഞവനാണ്‌. ആയിരക്കണക്കിന് പിഞ്ചോമനകളുടെ ചോര മണ്ണിൽ വീഴ്ത്തിയവനാണ്. മരണം വരെ കണ്ണീരൊഴുക്കിയും സങ്കടപ്പെട്ടും കഴിയാൻ ഒരായിരം അമ്മമാരുടെ ചങ്ക് തകർത്തവനാണ്. പ്രസവം കഴിഞ്ഞയുടനെ ഒരു പെൺകുട്ടിയെയും അവളുടെ ഇത്തിരിപ്പോന്ന കുഞ്ഞുവാവയെയും നിർദയം വാളുമായി പിന്തുടർന്നവനാണ്.

ഇടയ്ക്ക് മനസ്സൊന്നു മാറി ചിന്തിച്ചു. എന്തിന് ഹേറോദേസിനെ പഴിക്കുന്നു. വിധിയുടെ കോമാളിത്തങ്ങൾക്ക്‌ അയാളൊരു നിമിത്തമായി എന്നല്ലാതെ വേറെ എന്താണ് ഹേറോദേസ് ചെയ്തത്? നിങ്ങളോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ, ജീവിതം എന്ത് ഗ്യാരണ്ടിയാണ് നമുക്ക് തന്നിട്ടുള്ളത്? മരണമല്ലാതെ മറ്റെന്ത് ഉറപ്പാണ് ജീവിതം വച്ചുനീട്ടുന്നത്?

ഹേറോദേസ് ഒരു പ്രതീകമാണ് സുഹൃത്തേ. ഭൂമിയിലെ ജീവിതം സമ്മാനിക്കുന്ന അരക്ഷിതാവസ്ഥകളുടെയും, പരീക്ഷണങ്ങളുടെയും പ്രതീകം. ഭൂമിയിലെ ഒന്നിലും മതിമറന്ന് ആഹ്ളാദിക്കരുതെന്നുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഹേറോദേസ്.

ഏത് നേരവും ഒരു ഹേറോദേസിനെ പ്രതീക്ഷിക്കണമെന്ന്. അതൊരു വ്യക്തിയോ, സാഹചര്യമോ ആകാമെന്ന്. ചില ദുരിതങ്ങളൊക്കെ ദൈവം അറിഞ്ഞു സംഭവിക്കുന്നതാണെന്ന്. ഒരു ആനന്ദവും നിത്യമല്ലെന്ന്!

ഫാ. അജോ രാമച്ചനാട്ട്