ക്രിസ്തുമസ് കഥാപാത്രങ്ങൾ 12: ഉണ്ണിയേശുവിന് കൂട്ടിരുന്ന കന്നുകാലികൾ

ചെറുപ്പത്തിൽ പുൽക്കൂടൊരുക്കുന്ന സമയത്ത് ഉണ്ണിയേശുവിന് ചുറ്റും കന്നുകാലികളെയും ആടുകളെയുമൊക്കെ പെറുക്കിവയ്ക്കുന്ന സമയത്ത് അവറ്റകളോട് ഒരു പ്രത്യേക അസൂയ തോന്നിയിട്ടുണ്ട്. കുഞ്ഞുണ്ണിയുടെ തൊട്ടടുത്ത് കണ്ണ് ചിമ്മാതെ, ദുഷ്ടന്മാർ.

ഉണ്ണിയേശുവിനെ പരിപാലിക്കുന്ന തിരക്കിൽ ഇടയന്മാർക്ക് തങ്ങളുടെ കാലികളെ വേണ്ടവണ്ണം പരിപാലിക്കാനായോ എന്നറിയില്ല. ആ ദിവസങ്ങളിൽ വേണ്ടവണ്ണം തീറ്റയും വെള്ളവും കിട്ടിയോ എന്നുമറിയില്ല. എങ്കിലും, ആ കന്നുകാലിക്കൂട്ടങ്ങൾ ഉണ്ണിയേശുവിന് കാവലിരുന്നു. വിശപ്പിനെപ്പറ്റി തെല്ലും പരാതിപ്പെടാതെ, ഒന്ന് കണ്ണ് ചിമ്മാതെ കുഞ്ഞുണ്ണിയ്‌ക്ക് കൂട്ടിരുന്നവർ.

എൻ്റെ കൂട്ടുകാരാ, ലോകത്തിൽ ദൈവം തമ്പുരാന്റെ ക്രമീകരണങ്ങൾ അങ്ങനെയൊക്കെയാണ്. പ്രധാനകഥാപാത്രങ്ങൾ മാത്രം ശ്രദ്ധിക്കപ്പെടുമ്പോൾ, ആരും നോക്കാനും പരിഗണിക്കാനും ഇല്ലാതെ എത്രയോ കുഞ്ഞുകഥാപാത്രങ്ങൾ. നമ്മുടെ ചുറ്റിലും, ഒരുപക്ഷേ നമ്മൾക്കിടയിലും ഉണ്ടാകും ആരാലും പ്രശംസിക്കപ്പെടാതെ, അത് ആഗ്രഹിക്കുക പോലും ചെയ്യാതെ, തങ്ങളുടെ ജോലി ഭംഗിയായി ചെയ്ത് കടന്നുപോകുന്നവർ.

കുഞ്ഞേ, ആരുടെയും കണ്ണിൽ പെട്ടില്ലെങ്കിലും നീ കരുതിയതും, കാവലിരുന്നതും പുൽതൊഴുത്തിലെ ഉണ്ണിയേശുവിന്റെ ചാരെയായിരുന്നു. നീ ഉറക്കമിളച്ചതും വിശന്നു കൂട്ടിരുന്നതും പുൽക്കൂട്ടിലെ ഉണ്ണിയ്ക്കുവേണ്ടിയായിരുന്നു. അവനറിയും, അവൻ കരുതും.

ഫാ. അജോ രാമച്ചനാട്ട്