ക്രിസ്തുമസ് കഥാപാത്രങ്ങൾ 15: മിഖായുടെ ഇമ്മാനുവേൽ പ്രവചനം

ഫാ. അജോ രാമച്ചനാട്ട്

“ബേത്‌ലെഹെം – എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌. കര്‍ത്താവിന്റെ ശക്‌തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ, അവന്‍ വന്ന്‌ തന്റെ ആടുകളെ മേയ്‌ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്‌ഷിതരായി വസിക്കും. അവന്‍ നമ്മുടെ സമാധാനമായിരിക്കും.”(മിക്കാ 5 : 2, 3-5a)

ക്രിസ്തുജനനവുമായി ബന്ധപ്പെട്ട പ്രവചനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മിഖായുടെ അഞ്ചാം അധ്യായത്തിൽ ഉള്ളത്. ബേത് ലഹെമിനോടാണ്, നീ ചെറിയ നഗരമാണെങ്കിലും രക്ഷകൻ നിന്നിൽ നിന്നാണെന്ന് ! അതാകട്ടെ, ആദിമുതലുള്ള നിശ്ചയമാണെന്ന് !

നമ്മൾ മനുഷ്യർ നിശ്ചയിക്കുന്ന വില പലപ്പോഴും ഉപരിപ്ലവമാണല്ലോ. പക്ഷെ, ദൈവത്തിൻ്റെ മനസ്സ് ഏറെ വ്യത്യസ്തമാണ്. എത്രയോ പ്രഭുകുമാരിമാരും രാജ്ഞിമാരും ഉണ്ടായിരുന്നിട്ടും മറിയമെന്ന നാടൻ പെൺകുട്ടിയെ ദൈവമാതൃത്വത്തിനായി തിരഞ്ഞെടുത്തപോലെ..

അതുകൊണ്ട് സുഹൃത്തേ, നിൻ്റെ ചെറുപ്പങ്ങളെയോർത്ത് തല കുനിയേണ്ടതില്ല, തമ്പുരാന് അവയൊക്കെയും ആവശ്യമുണ്ട്. അല്ലെങ്കിലും, അവനറിയാത്ത ഏത് കുറവാണ് നമുക്കുള്ളത് !

ദൈവനുഗ്രഹങ്ങൾ സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്