ക്രിസ്തുമസ് ചിത്രങ്ങൾക്ക് നിറം നൽകി സംപ്രീതിയിലെ മാലാഖമാർ

കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിച്ചപ്പോൾ കുടമാളൂർ സംപ്രീതിയിലെ മാലാഖമാർ ക്രിസ്തുമസ് ചിത്രങ്ങൾക്ക് നിറം കൊടുക്കുന്ന തിരക്കിലായിരുന്നു. അവരുടെ ഭാവനകളിൽ ക്രിസ്തുമസ് ട്രീകൾ പച്ചയും മഞ്ഞയും നീലയും നിറങ്ങളായി. പല നിറങ്ങളിൽ ക്രിസ്തുമസ് പാപ്പാ ഉണ്ടായി. ഉണ്ണീശോയും മാതാവും യൗസേപ്പിതാവും വ്യത്യസ്ത നിറങ്ങളിൽ നിറഞ്ഞു. അത് വൈകല്യങ്ങൾ ഉള്ളവരെ സംരക്ഷിക്കുന്ന കുടമാളൂർ സംപ്രീതിയിലെ മാലാഖമാരുടെ ക്രിസ്തുമസ് ആഘോഷമായി മാറി.

സംപ്രീതിയിൽ 19 അന്തേവാസികളും രണ്ടു വൈദികരും ഒരു റീജൻസി ചെയ്യുന്ന വൈദികാർത്ഥിയും ആണ് ഉള്ളത്. ലോക് ഡൌൺ ദിനങ്ങളിൽ സംപ്രീതിയിൽ ഉള്ളവർക്ക് ഒരു ആക്ടിവിറ്റി എന്നോണം പല ചിത്രങ്ങൾ നിറങ്ങൾ നൽകുവാൻ നൽകിയിരുന്നു. ഒരു മാനസിക ഉല്ലാസത്തിനപ്പുറം അവർ അത് വളരെ ഗൗരവത്തോടെ എടുക്കുകയും ചെയ്തു. ഇത് കണ്ടുകൊണ്ടാണ് റീജൻസി ബ്രദർ ക്രിസ്തുമസിന് മുന്നോടിയായി ക്രിസ്തുമസുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രിന്റ് എടുത്ത് ഇവിടെയുള്ള അന്തേവാസികൾക്ക് നിറം ചാർത്താനായി നൽകിയത്.

 

നിറങ്ങൾ തിരിച്ചറിയുവാൻ ഉള്ള ബൗദ്ധിക വളർച്ച ഇല്ലെങ്കിലും ആ ചിത്രങ്ങൾ അവർ മനോഹരമായി നിറങ്ങൾ കൊണ്ട് നിറച്ചു. ഒരു പക്ഷെ സാധാരണക്കാർ ചെയ്യുന്നതിലും ഭംഗിയായി എന്ന് വേണമെങ്കിൽ പറയാം. ഓരോ ചിത്രങ്ങളും അവയ്ക്കു ഉചിതമായ നിറങ്ങൾ കൊണ്ടല്ല പെയിന്റ് ചെയ്തിരിക്കുന്നത് എങ്കിലും അവ വ്യത്യസ്തതകൾ കൊണ്ട് വേറിട്ട് നിന്നു. ചിത്രങ്ങൾക്കു നിറങ്ങൾ നൽകിയ ശേഷം സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അവരുടെ ഹൃദയങ്ങൾ നിറഞ്ഞു. ഇത് സംപ്രീതിയുടെ മാത്രം സന്തോഷം. അവരുടെ മാത്രം പ്രത്യേകത. ഈ മാലാഖമാരുടെ സ്വന്തം ക്രിസ്തുമസ്. അവർ നിറം നൽകിയ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.