വിയറ്റ്നാമിലെ ക്രിസ്തുമസ് ആഘോഷം 

വിയറ്റ്നാമിൽ ക്രിസ്തുമസ് ദിനത്തേക്കാള്‍ ആഘോഷിക്കുക ക്രിസ്തുമസിന് തലേ ദിവസത്തെ രാത്രിയിലാണ്. ക്രിസ്തുമസ് ഇവിടെ ഒരു പൊതു അവധി ദിവസം അല്ല. പലരും ഇതു ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമുള്ള ദിവസമായി ആണ് കണക്കാക്കുന്നത്.

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോ ചിമിൽ സ്ഥിതിചെയ്യുന്ന കത്തീഡ്രലിൽ ക്രിസ്തുമസ് രാത്രിയിൽ ആളുകൾ പ്രത്യേകിച്ച് യുവജനങ്ങൾ ഒത്തുകൂടുക പതിവാണ്. അന്നേദിവസം രാത്രിയിൽ  ഹോ ചിമിൻ നഗരം ജനങ്ങളാൽ തിങ്ങി നിറയും. വണ്ടികൾ ഒന്നും തന്നെ ഈ നഗരത്തിൽ പാർക്ക് ചെയ്യുവാൻ ഈ സമയം അനുവദിക്കുകയില്ല. നഗര വീഥികൾ മുഴുവൻ ദീപങ്ങളാലും ലൈറ്റുകളാലും അലങ്കരിക്കും. ആളുകൾ ഫോട്ടോകൾ എടുത്തും അലങ്കാരങ്ങൾ കണ്ടും മധുരപലഹാരങ്ങൾ പരസ്പരം എറിഞ്ഞു കൊടുത്തും ആഘോഷ തിമർപ്പിൽ ആയിരിക്കും. ക്രിസ്തുമസ് രാത്രിയിൽ നഗരത്തിലെ മിക്ക ഹോട്ടലുകളും കഫേകളും തുറന്നിരിക്കും. കച്ചവടക്കാർക്ക് നല്ല വരുമാനം ലഭിക്കുന്ന ഒരു രാത്രിയാണ് ഇത്.

വിയറ്റ്നാമിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറവാണെങ്കിലും നിരവധി ആളുകൾ  ക്രിസ്തുമസ് രാത്രിയിലെ കുർബാനയിൽ ക്രിസ്തുവിന്റെ ജനനം കാണുന്നതിനും ക്രിസ്തുമസ് സംഗീതം ആസ്വദിക്കുന്നതിനായി ദേവാലയത്തിൽ പോകും. വിയറ്റ്നാമും ഫ്രഞ്ചു സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ ഇവരുടെ ആഘോഷങ്ങളില്‍ ഫ്രഞ്ച് സ്വാധീനം ഇപ്പോഴും കാണുവാന്‍ കഴിയും. എല്ലാ പള്ളികളിലും വീടുകളിലും ക്രിസ്തുമസ് ദിവസം പുല്‍കൂട് നിര്‍മ്മിക്കും. പള്ളികളില്‍ ഈശോയുടെയും ജോസഫിന്റെയും മാതാവിന്റെയും ആട്ടിടയന്മാരുടെയും ഒക്കെ വലിയ രൂപങ്ങള്‍ ആവും സ്ഥാപിക്കുക.

ചിലയിടങ്ങളില്‍ ഈശോയുടെ ജനനം സൂചിപ്പിക്കുന്ന വലിയ ചിത്രങ്ങള്‍ സ്ഥാപിക്കും. എന്നിട്ട് ക്രിസ്തുമസ് ഏരിയ നിര്‍മ്മിക്കും. ഇത് കാണുന്നതിനും മറ്റുമായി ധാരാളം ആളുകള്‍ എത്തുകയും ചെയ്യും. ഇവരുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയാണ് വിഭവ സമൃദ്ധമായ ഭക്ഷണം. ക്രിസ്തുമസ് ദിവസം വിയറ്റ്നാമിലെ ആളുകള്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ കൈമാറുകയും ആശംസകള്‍ നേരുകയും ചെയ്യുന്നു. വിയറ്റ്നാമിലെ കാലവാസ്ഥ വളരെ ചൂടുള്ളതിനാല്‍ വെല്‍വെറ്റ് വസ്ത്രങ്ങള്‍ അണിഞ്ഞ സാന്താക്ലോസിനെ ഇവിടെ കാണാന്‍ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.