ക്രിസ്തുമസിനു മുന്നോടിയായി 43 ദിവസം നോമ്പെടുക്കുന്ന ക്രൈസ്തവരെ പരിചയപ്പെടാം

പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയുടെ വിശുദ്ധിയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും ലാളിത്യത്തിലേയ്ക്കും നടക്കുന്നതിനാണ് ക്രിസ്ത്യാനികൾ 25 നോമ്പെടുക്കുന്നത്. ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ പുണ്യപ്രവൃത്തികളിലൂടെ ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കുകയാണ് ഈ നോമ്പ് വഴി. എന്നാൽ 25 നോമ്പിനു പകരം, ക്രിസ്തുമസിന് മുന്നോടിയായി 43 ദിവസം നോമ്പാചരിക്കുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒരു നോമ്പ് ആചരിക്കുന്ന സമൂഹമുണ്ട്. ഈജിപ്തിലെ കോപ്റ്റിക്ക് ക്രൈസ്തവരുടെ ഇടയിലാണ് ക്രിസ്തുമസിനു മുന്നോടിയായി ഈ ദീർഘമായ നോമ്പാചരണം നടക്കുന്നത്.

പണ്ട് ഈജിപ്തിൽ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷം. ഇന്നവര്‍ ന്യൂനപക്ഷമാണ്. ഇവരിൽ ഭൂരിഭാഗം പേരും കോപ്റ്റിക് ഓർത്തഡോക്‌സ് സഭയിൽപെട്ടവരാണ്. പരമ്പരാഗതമായി കൂട്ടായ്മയിലും സന്തോഷത്തിലും ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ഇവർ, ഡിസംബർ 25-ന് അല്ല ക്രിസ്തുമസ് ആഘോഷിക്കുന്നത്. പിന്നെയോ, ജനുവരി ആറാം തീയതിയാണ്.

ക്രിസ്തുമസിനു മുന്നോടിയായി ഇവര്‍ 43 ദിവസത്തെ ഉപവാസം നടത്താറുണ്ട്. നവംബർ 25 മുതൽ ജനുവരി ആറു വരെയാണ് ഇതു നടത്തുന്നത്. ഇതിനെ ഹോളി നേറ്റിവിറ്റി ഫാസ്റ്റ് എന്നും പറയാറുണ്ട്. കാരണം, ആ ദിവസങ്ങൾ മൃഗങ്ങളിൽ നിന്നുള്ള ഒന്നും അവർ ഭക്ഷിക്കുകയില്ല. കൂടാതെ പാല്, മുട്ട എന്നിവയും അവർ ഉപേക്ഷിക്കും. പക്ഷേ, രോഗികളെയും പ്രായമായവരെയും ഈ ഉപവാസം എടുക്കാൻ നിർബന്ധിക്കാറില്ല. ആദ്യകാലത്ത് 40 ദിവസത്തെ നോമ്പ് ആയിരുന്നു. പിന്നീട് 1602-ല്‍ 3 ദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു.

സാധാരണയായി ക്രിസ്തുമസ് ദിവസത്തിൽ രാവിലെ 10.30 തൊട്ട് പ്രാർത്ഥനയും മറ്റു കർമ്മങ്ങളും തുടങ്ങുന്നു. ഈ ചടങ്ങുകളും മറ്റും കഴിയുമ്പോൾ ഏകദേശം രാത്രിയാവും; ചിലപ്പോൾ രാവിലെ നാലുമണി വരെ ഇത് നീണ്ടുപോകാറുണ്ട്. ദേവാലയ ശുശ്രൂഷകളും കർമ്മങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേയ്ക്ക് പോകും. അവിടെ വച്ച് ആഘോഷമായ ക്രിസ്തുമസ് വിരുന്നുമുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.