ഇറാഖിനും കുര്‍ദിസ്ഥാനും ഇടയില്‍ അകപ്പെട്ട ചില ജീവിതങ്ങള്‍

ടൈഗ്രീസ് നദിയുടെ കിഴക്കന്‍ തീരത്ത് നിലകൊള്ളുന്ന നിനെവ് എന്ന നഗരം, പുരാതന കാലത്തെ ഏറ്റവും വലുതും പ്രാചീനവുമായ നഗരമായിരുന്നു. എന്നാല്‍ ഇന്ന് നിനെവ് മൊസൂള്‍ പോലെ തന്നെ ഐഎസ് ഭീകരരുടെ പ്രഭവ കേന്ദ്രമായി മാറി.

വംശഹത്യയുടെ മൂലകേന്ദ്രമായി മാറ്റപ്പെട്ട ഈ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ ചിന്തകള്‍ക്കതീതമാണ്. ജീവനും മാനത്തിനും സ്വത്തിനും ഭീക്ഷണിയായി  ഐഎസ് എന്ന വടവൃക്ഷം  അതിന്റെ ശിഖരങ്ങള്‍  വിടര്‍ത്തി കഴിഞ്ഞു. 2008-ല്‍ ക്രൈസ്തവ വിശ്വാസികളുടെ പറുദീസയായിരുന്ന നിനെവ് 2014 – ഓടെ  ഐഎസിന്റെ വംശീയ നരഹത്യയുടെ മൂലകേന്ദ്രമായി മാറി.

ജീവനുവേണ്ടി തങ്ങളുടെ കൂരകള്‍ ഉപേക്ഷിച്ചു പോവേണ്ടി വന്ന ക്രൈസ്തവ കുടുംബങ്ങള്‍ക്ക് യു എന്നിന്റെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയാന്‍ അവസരമുണ്ടായിരുന്നെങ്കിലും പലരും അതിന് മുതിര്‍ന്നില്ല. ഇസ്ലാമികരുടെ കുത്തൊഴുക്കിലായിരുന്ന ക്യാമ്പ് പലപ്പോഴും  മുസ്ലിം ആധിപത്യ അഭയാര്‍ഥി ക്യാമ്പ് മാത്രമായി ചുരുങ്ങിയിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും മതം ഉണര്‍ത്തുന്ന വികാരം ഒന്ന് വേറെ തന്നെയാണ്.

അതുകൊണ്ടുതന്നെ പല കുടുംബങ്ങളും  സ്വതന്ത്ര കുര്‍ദിസ്ഥാന്‍ തലസ്ഥാനം എന്ന് അറിയപ്പെടുന്ന എര്‍ബിലെ  അന്‍കാവയിലേയ്ക്ക്  പലായനം ചയ്തു. പലരും ഓസ്‌ട്രേലിയയിലേക്കും തെക്കേ അമേരിക്കയിലേക്കും ഒക്കെ പലായനം ചെയ്തുവെങ്കിലും ക്രൈസ്തവരുടെ മാതൃഭൂമിയായ ഈ ചരിത്ര പ്രധാന സ്ഥലത്തുനിന്നും തങ്ങളെ തുടച്ചു മാറ്റാന്‍ ആവില്ല എന്ന് ചിലര്‍ നിശ്ചയിച്ചു. ആ നിശ്ചയദ്ധാര്‍ഢ്യത്തിനു താങ്ങായി യുഎസ്സും ഇറാഖ് ഭരണകൂടവും നിലകൊണ്ടു.

2017-ല്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള തീരുമാനങ്ങള്‍ ഏറെ പ്രതീക്ഷയുണര്‍ത്തി. ലോകത്തെങ്ങുമുള്ള പീഡിതരായ ക്രിസ്ത്യാനികളെ പിന്തുണക്കുന്ന കത്തോലിക സഭയിലെ ‘പാപ്പല്‍ ഫൌണ്ടേഷന്‍ എയ്ഡ്’, നൈറ്റ് ഓഫ് കൊളമ്പസ് തുടങ്ങിയ സംഘടനകളിലൂടെ ഇത് സാധ്യമായി.

എന്നാല്‍ ഭൂരിഭാഗം ക്രൈസ്തവരും മടങ്ങിവരാന്‍ ആഗ്രഹിക്കാത്തതിനാല്‍ പുനര്‍നിര്‍മ്മാണം നടത്തുന്നത് വിഫലമാകാന്‍ സാധ്യതയുണ്ടെന്ന്,  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന എര്‍ബിലെ അതിരൂപതയുടെ ഉപദേശകനായ സ്റ്റീഫന്‍ റഷെ ചൂണ്ടിക്കാട്ടി.

‘മറ്റൊരു പ്രധാന സംഘര്‍ഷം കൂടി ഉണ്ടായാല്‍, അത് ആ പ്രദേശത്തെ  ക്രൈസ്തവ വേരുകളെ പിഴുതെറിയാന്‍ ആയിരിക്കുമെന്നും ഈ അവസ്ഥ കാണാന്‍  കഴിയില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വ്യഥകള്‍ക്കിടയിലും പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി ജീവിക്കുന്ന ചിലര്‍ ഉണ്ട്. ഇറാഖിനും കുര്‍ദിസ്ഥാനും ഇടയില്‍ അകപ്പെട്ട ചില ജീവിതങ്ങള്‍. പ്രതീക്ഷകള്‍ക്കും വേദനകള്‍ക്കുമിടയില്‍ തങ്ങളുടെ വേരുകള്‍ അറ്റുപോവാതിരിക്കാന്‍ മരണത്തോട് മല്ലിടുന്ന ചിലര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.