ബുർക്കീന ഫാസോയിൽ തീവ്രവാദികളുടെ ആക്രമണം ഭയന്ന് 147 ക്രൈസ്തവർ പലായനം ചെയ്തു

കുട്ടികളും പ്രായമായവരും എട്ട് ഗർഭിണികളും ഉൾപ്പെടെ 147 ക്രിസ്ത്യാനികൾ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് പലായനം ചെയ്തതായി റിപ്പോർട്ടുകൾ. ഒക്ടോബർ അവസാനം നൈജർ അതിർത്തിയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്ന് സഹേൽ മേഖലയുടെ തലസ്ഥാനമായ ഡോറിയിലേക്കാണ് ഇവർ പലായനം ചെയ്തത്. ക്രൈസ്തവ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

“ആരെങ്കിലും ഞങ്ങൾക്ക് അഭയം നൽകിയാൽ, ഞങ്ങൾ ക്രിസ്ത്യാനികളായതിനാൽ തന്നെ അഭയം നൽകുന്നവരുടെ ജീവനും അപകടത്തിലാകും. അതിനാലാണ് ഞങ്ങൾക്ക് അവിടെ നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടിവന്നത്. ഈ പ്രദേശത്തുള്ള എല്ലാ ക്രൈസ്തവർക്കും പലായനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവിടെ തുടരുന്ന ഞങ്ങളുടെ മക്കളെയും ഭാര്യമാരെക്കുറിച്ചും ഞങ്ങൾ ആശങ്കാകുലരാണ്” – പലായനം ചെയ്ത ക്രൈസ്തവരിൽ ഒരാൾ പറഞ്ഞു.

കന്നുകാലികളെ മേയ്ക്കുന്നവരോട് അവർ ക്രൈസ്തവരാണോ, മുസ്ലീമാണോ എന്നു ചോദിച്ച് ഭീകരർ ഗ്രാമങ്ങളിൽ പ്രവേശിക്കുകയും ക്രൈസ്തവരെ കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. “രാജ്യത്തുടനീളം ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. തീവ്രവാദികൾ, തങ്ങൾ ആഗ്രഹിക്കുന്നവരെ തട്ടിക്കൊണ്ടു പോവുകയും ചിലരെ വധിക്കുകയും ചിലരെ മോചിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബർ 31) ഡോറിയിൽ നിന്ന് ഔഗാഡൂഗൂവിലേക്കുള്ള പതിവ് ബസുകൾ തീവ്രവാദികൾ തിരിച്ചുവിട്ടു. ഇപ്പോൾ അവർ റോഡ് തടഞ്ഞിരിക്കുകയാണ്. ഇതിനെ തുടർന്ന് സൈന്യം റോഡിൽ പട്രോളിംഗ് നടത്തിയെങ്കിലും ഇത് ഇടയ്ക്കു മാത്രമുള്ളതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. തീവ്രവാദികൾ ഏതു നിമിഷവും തിരികെ വരാം” – ഡോറിയിലെ ബിഷപ്പ് ലോറന്റ് ബിർഫ്യൂറെ ഡാബിറെ വെളിപ്പെടുത്തി.

ബുർക്കീന ഫാസോ ഒരു കാലത്ത് മതസഹിഷ്ണുതയുള്ള ഒരു രാജ്യമായിരുന്നു. എന്നാൽ, 2015 മുതൽ ഒരു ജിഹാദിസ്റ്റ് കലാപം രാജ്യത്തെയും ആഫ്രിക്കയിലെ സഹേൽ പ്രദേശത്തെയും ബാധിച്ചു. ക്രൈസ്തവരെയും അവരുടെ നേതാക്കളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടാണ് ഇപ്പോൾ ആക്രമണങ്ങൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.