ഭീതിയുടെ നിഴലിൽ കഴിയുന്ന അഫ്‌ഗാനിലെ ക്രൈസ്തവർ

ബുർഖകൾ ധരിക്കുന്ന സ്ത്രീകളും കയ്യിൽ ആയുധങ്ങളുമേന്തി തെരുവുകളിൽ നിൽക്കുന്ന പുരുഷന്മാരും അഫ്‌ഗാനിസ്ഥാനെ വീണ്ടും അടയാളപ്പെടുത്തുകയാണ്. സമാധാനം ആഗ്രഹിക്കുന്ന അവിടത്തെ ഭൂരിപക്ഷ മതത്തിലെ വിശ്വാസികൾ പോലും ഭയപ്പാടോടെയാണ് അവിടെ കഴിയുന്നത്. അപ്പോൾ അവിടെയുള്ള ന്യൂനപക്ഷമായ ക്രൈസ്തവരുടെ കാര്യമോ? മരണം കണ്മുന്നിൽ പ്രതീക്ഷിച്ചാണ് അവർ ജീവിക്കുന്നത്. അഫ്‌ഗാനിലെ അത്തരം ഒരു ക്രൈസ്തവ കുടുംബത്തിന്റെ ജീവിതം നമുക്ക് കാണാം.

ക്രൈസ്തവരുടെ പേരുകളുള്ള പട്ടിക തയ്യാറായി കഴിഞ്ഞിരിക്കുന്നു

അഫ്‌ഗാനിലെ ക്രൈസ്തവ വിശ്വാസികളാണ് ദമ്പതികളായ സാദും ഫാത്തിമയും. നാല്പതു വർഷത്തിലധികമായി അവരുടെ കുടുംബം ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുകയാണ് ആ രാജ്യത്ത്.

“ജീവിതം ഇപ്പോൾ കൂടുതൽ ദുരിതത്തിലാണ്. വാതിലിൽ മുട്ടുന്ന ഒരു ചെറുശബ്ദം പോലും, ശ്വാസമടക്കിപ്പിടിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുകയാണ്. കാരണം, വാതിൽ തുറന്നാൽ ചിലപ്പോൾ മുന്നിൽ വരുന്നത് ഞങ്ങളുടെ ജീവനെടുക്കാൻ നിയോഗിക്കപ്പെട്ടവരായിരിക്കും. ക്രൈസ്തവരുടെ പേരുകളുള്ള പട്ടിക താലിബാൻ തയ്യാറാക്കിക്കഴിഞ്ഞു. ആ പട്ടികയിലുണ്ടായിരുന്ന പലരും ഇപ്പോൾ തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ചിലരെ തട്ടിക്കൊണ്ടു പോയി. മറ്റു ചിലർ എവിടെയാണെന്നു പോലും അറിയില്ല. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്” – സാദിന്റെ വാക്കുകളിൽ ഭയത്തിന്റെ നിഴൽ വീഴുന്നു.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽപ്പാലത്തിലാണ് സാദും ഫാത്തിമയും ജീവിക്കുന്നത്. എന്നാൽ, ഭയപ്പാടോടെയുള്ള ഈ ജീവിതം തങ്ങൾക്ക് പുതിയൊരു അനുഭവമല്ല എന്നാണ് ഫാത്തിമ പറയുന്നത്.

ക്രിസ്തുവിനു വേണ്ടി വർഷങ്ങളായി സഹിക്കുന്നവരാണ് അഫ്‌ഗാനിലെ രഹസ്യ-ക്രൈസ്തവ വിശ്വാസികൾ. താലിബാൻ ഭരണത്തിൻ കീഴിലായിരുന്ന അഫ്ഗാൻ, തുടർന്ന് അമേരിക്കൻ പിന്തുണയോടെ അഫ്ഗാൻ ഗവൺമെന്റ് ഏറ്റെടുത്തപ്പോഴും, പിന്നീട് കഴിഞ്ഞ മാസം താലിബാൻ വീണ്ടും നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുമ്പു പോലും ഈ ജീവിതത്തിന് വ്യത്യാസം വന്നിട്ടില്ല.

ഇരുളിലും പ്രതീക്ഷയുടെ വെളിച്ചം 

2021 ആഗസ്റ്റ് 15 -ന് താലിബാൻ നിയന്ത്രണം ഏറ്റെടുത്ത രാത്രിയിലാണ് സാദിനും ഫാത്തിമക്കും ഒരു പെൺകുഞ്ഞു ജനിക്കുന്നത്. ആ രാത്രിയിൽ താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തപ്പോൾ ഫാത്തിമയെ കിടത്തിയിരുന്ന മുറിയെ രണ്ടായി തിരിക്കുന്ന തിരശ്ശീലയുടെ മറുവശത്തു നിന്ന് സാദിന്റെ പിതാവ് അവരുടെ നവജാതശിശുവിനായി ഇരുപതാം സങ്കീർത്തനം വായിച്ചു.

“ചിലര്‍ രഥങ്ങളിലും മറ്റു ചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു. അവര്‍ തകര്‍ന്നുവീഴും. എന്നാല്‍ ‍ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും” (സങ്കീ. 20:7-8).

മുറിയുടെ മറ്റൊരു വശത്ത്, തങ്ങളുടെ രാജ്യത്തിനും ജീവിതത്തിനും എന്താണ് സംഭവിക്കുന്നതെന്ന് നന്നായി അറിയുന്ന പുരുഷന്മാരും ഉള്ളിൽ നിറഞ്ഞ ഭയത്തോടെ ആ പ്രാർത്ഥനയിൽ പങ്കുചേർന്നു.

“ഈ സൈനികർ മാനുഷിക അന്തസ്സിനോട് പ്രതിജ്ഞാബദ്ധരല്ല. എങ്ങനെ അധികാരം നേടാമെന്നും ആ അധികാരം മറ്റുള്ളവരിൽ എങ്ങനെ പ്രയോഗിക്കാമെന്നുമാണ് അവർ ചിന്തിക്കുന്നത്. നമ്മുടെ ചിന്തകളും സ്വപ്നങ്ങളുമാണ് സംരക്ഷിക്കപ്പെടേണ്ടത്. നമ്മുടെ വിശ്വാസം നമ്മുടെ ഹൃദയത്തിലും മനസ്സിലും വസിക്കുന്നു” –  ഫാത്തിമ പറയുന്നു.

സ്നേഹത്തിന്റെ ആഴം   

അഫ്‌ഗാനിസ്ഥാൻ താലിബാന്റെ മുമ്പിൽ കീഴടങ്ങിയപ്പോൾ, സാദും ഫാത്തിമയുമടങ്ങുന്ന രഹസ്യ-ക്രൈസ്തവ വിശ്വാസികളിൽ പ്രാർത്ഥിക്കാനുള്ള ആഗ്രഹം കൂടുതൽ ശക്തമായി. പ്രാർത്ഥനയാണ് തങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമെന്ന് അവർ മനസ്സിലാക്കി. ചിതറിപ്പോയ തങ്ങളുടെ കൂട്ടാളികൾ എവിടെയാണെന്നു പോലും അവർക്കറിയില്ല. എങ്കിലും പ്രാർത്ഥനയിൽ അവരുമായി ഒന്നിക്കാമെന്ന് അവർ വിശ്വസിച്ചു.

യോഹന്നാന്റെ സുവിശേഷം 17 -ാം അദ്ധ്യായത്തിൽ, ക്രിസ്തു തനിക്കു വേണ്ടിയും ശിഷ്യന്മാർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. സാദും ഫാത്തിമയും ഈ വചനഭാഗം ധ്യാനിച്ചുകൊണ്ടാണ് പ്രാർത്ഥിക്കാറുള്ളത്.

“നിങ്ങൾ ഞങ്ങളെ സ്‌നേഹിക്കുന്നെങ്കിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കൂ. നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ – യേശുവിനെ സ്നേഹിക്കുന്നെങ്കിൽ – ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണം.” മറ്റു ക്രൈസ്തവരോടുള്ള സാദിന്റെ അഭ്യർത്ഥനയാണിത്.

അഫ്‌ഗാനിലെ തന്റെ കുടുംബത്തിനും ക്രിസ്തുവിനെ ഏകരക്ഷകനായി അംഗീകരിക്കുന്ന എല്ലാവർക്കും മുമ്പോട്ടുള്ള ജീവിതം ദുരിതപൂർണ്ണമായിരിക്കുമെന്ന് സാദിനറിയാം.

“ജീവിതം എളുപ്പമായിരിക്കില്ല. എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. പക്ഷേ, ഞങ്ങളുടെ മകളെക്കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. യേശു ഇവിടെയുണ്ടെന്നും അവൻ ഇന്നും ജീവിക്കുന്നവനാണെന്നും വിശ്വസിക്കുന്നതിനാലാണ് ഞങ്ങൾക്ക് ആ ഒരു പ്രതീക്ഷ ഉള്ളത്” – സാദ് പറഞ്ഞവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.