ഭീതിയുടെ നടുവിൽ അഫ്ഗാനിലെ ക്രിസ്ത്യാനികൾ

അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തെ തുടർന്ന് ക്രൈസ്തവ മതപീഡനങ്ങളെ നേരിടാൻ തയ്യാറായിരിക്കാൻ അഫ്ഗാൻ ക്രൈസ്തവ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ക്രൈസ്തവസംഘടനകളും മതനേതാക്കളും. പുറത്തുപോകുന്നത് കൂടുതൽ അപകടമായതിനാൽ വിശ്വാസികളോട് വീട്ടിൽ തന്നെ താമസിക്കാൻ നിർദ്ദേശിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ക്രൈസ്തവനേതാവ്.

നിലവിൽ ക്രൈസ്തവ ഭവനങ്ങളിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോളുകൾ എത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. “ഞങ്ങൾ നിങ്ങൾക്കായി വരുന്നു” എന്ന് അജ്ഞാതരായ ആളുകൾ ഫോണിലൂടെ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നത് ക്രൈസ്തവരിൽ ഭീതി പടർത്തിയിരിക്കുകയാണ്. അഫ്ഗാൻ ക്രൈസ്തവർ വലിയ താമസമില്ലാതെ പീഡിപ്പിക്കപ്പെടുമെന്ന് വ്യക്തമാണ്. “ഇത് മാഫിയ രീതിയിൽ അവർ നടത്തും, കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഒരിക്കലും താലിബാൻ ഏറ്റെടുക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം ക്രിസ്ത്യൻ സമൂഹമാണ്. പീഡനം മൂലം ആദിമകാലം മുതൽ തന്നെ ക്രൈസ്തവസമൂഹം പൊതുസമൂഹത്തിൽ നിന്ന് മറഞ്ഞിരിക്കുകയാണ് ചെയ്തുവരുന്നത്.

“നൈജീരിയയിലെ സിറിയയിലും ഉള്ളതുപോലെ താലിബാൻ തങ്ങളുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും പിടിച്ചുകൊണ്ടു പോകുമെന്ന് പല ക്രൈസ്തവകുടുംബങ്ങളും ഭയപ്പെടുന്നു. പെൺകുട്ടികൾ താലിബാൻ പോരാളികളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകും. ആൺകുട്ടികൾ സൈനികരാകാൻ വിധിക്കപ്പെടും. രഹസ്യവിശ്വാസികൾക്കു മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഇത് ഒരു അനിശ്ചിതാവസ്ഥയാണ്” – അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.