ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ അടയാളങ്ങളുണ്ട്: കത്തോലിക്കാ ചാരിറ്റി സംഘടന

ക്രൈസ്തവർ ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ നിരവധി അടയാളങ്ങളുണ്ടെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (ACN) വെളിപ്പെടുത്തി. 2021 വർഷം കൃതജ്ഞതയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് എ.സി.എൻ -ന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ-ഗെൽഡേൺ തന്റെ പ്രസ്താവനയിൽ പറയുന്നു.

ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പതിനായിരക്കണക്കിന് പള്ളികളും സ്ഥാപനങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുന്ന ‘റെഡ് വീക്ക്’ സംരംഭം വിജയിച്ചതിന് ഹെയ്ൻ-ഗെൽഡേൺ നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈനിലെ കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അറേബ്യയുടെ ഈ മാസത്തെ സമർപ്പണം അറബ് ലോകത്ത് ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും സഹവർത്തിത്വത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നതാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ക്രൈസ്തവർക്ക് പ്രതീക്ഷയും ആശ്വാസവും നൽകിയ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് യാത്രയും ഏറെ ആശ്വാസദായകമാണ്. ഈ സന്ദർശനം വഴിയായി ഇറാഖിലെയും സമീപപ്രദേശങ്ങളിലെയും ക്രൈസ്തവരുടെ അവസ്ഥ പരിശുദ്ധ പിതാവ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.

ഇന്ത്യയിലും നൈജീരിയയിലും ആഫ്രിക്കയിലെ സഹേൽ മേഖലയിലും മൊസാംബിക്കിലും വൈദികർ, സന്യസ്തർ, അത്മായ വിശ്വാസികൾ എന്നിവർക്കു നേരെയുള്ള കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ദുരുപയോഗം ചെയ്യൽ എന്നിവ വർദ്ധിച്ചുവരുന്നു. ഇതിൽ തനിക്ക് ആശങ്കയുണ്ടെന്ന് ഹെയ്ൻ-ഗെൽഡേൺ പറയുന്നു.

“അക്രമം എല്ലാവരെയും ബാധിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പല മേഖലകളിലും തീവ്രവാദവും അക്രമവും സഭയെ അതിന്റെ അജപാലനവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്നു തടയുന്നു. ഇത് അത്യന്തം വേദനാജനകമാണ്. പള്ളികളും സന്യാസ സമൂഹങ്ങളും മാത്രമല്ല ആശുപത്രികൾ, സ്‌കൂളുകൾ, സഭയുടെ കീഴിലുള്ളതും ജനങ്ങൾക്ക് സുപ്രധാന പ്രാധാന്യമുള്ളതുമായ മറ്റ് പല സൗകര്യങ്ങളും അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്ന അവസ്ഥയാണുള്ളത്. പ്രാദേശിക സഭ ഇപ്പോൾ മറ്റൊരു കഠിനമായ ദൗത്യം അഭിമുഖീകരിക്കുകയാണ് – ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കും നാടുകടത്തപ്പെട്ടവർക്കും പരിചരണവും സഹായവും നൽകുക എന്ന ദൗത്യം” – അദ്ദേഹം വെളിപ്പെടുത്തി.

യൂറോപ്പിൽ വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.