“അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ യുവജനങ്ങള്‍ പോരാടണം”: ജോര്‍ജ് കുര്യന്‍

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ യുവജനങ്ങള്‍ പോരാടണമെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷക്ഷേമത്തിനായി ദേശീയതലത്തില്‍ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികള്‍ വര്‍ഷാവര്‍ഷം നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്കു തുല്യയളവില്‍ എത്തണമെങ്കില്‍ ക്രൈസ്തവസമൂഹം നിരന്തരമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളില്‍ ക്രിസ്തു ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും എസ്എംവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് ആലഞ്ചേരി ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പു നടപ്പാക്കുന്ന പദ്ധതികളിലെ െ്രെകസ്തവ വിവേചനം ചൂണ്ടിക്കാട്ടിയുള്ള നിവേദനം ജോര്‍ജ് കുര്യന് യോഗത്തില്‍ നല്‍കി.