മധ്യപ്രദേശിൽ വ്യാജവാർത്തയെ തുടർന്ന് ക്രിസ്ത്യൻ സ്‌കൂളിന് നേരെ ആക്രമണം

മധ്യപ്രദേശിൽ സാഗർ രൂപതയിലെ ഗഞ്ച് ബസോദയിൽ സെന്റ് ജോസഫ് സ്‌കൂളിന് നേരെ ആക്രമണം. ‘ആയുദ്ധ്’ എന്ന പ്രാദേശിക യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയെ തുടർന്ന്, തീവ്ര ഹിന്ദുത്വവാദികള്‍ ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.

സ്കൂൾ കുട്ടികളുടെ മാമ്മോദീസ ചടങ്ങ് നടത്തിയെന്നാരോപിച്ച് ക്രിസ്ത്യാനികൾക്കും സ്കൂൾ അധികൃതർക്കുമെതിരെ ഇവര്‍ ആക്രോശിക്കുകയും കല്ലെറിയുകയും ചെയ്തു. ആക്രമണത്തില്‍ സ്‌കൂളിന്റെ ജനൽച്ചില്ലുകളും വാഹനങ്ങളും തകർന്നു.

സെന്റ് ജോസഫ് ചർച്ച് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്കാ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം 2021 ഒക്ടോബർ 31-ന് നടത്തിയിരുന്നു. ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍  ബിഷപ്പിന്റെയും ഇടവക വികാരിയുടെയും ഒപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ രൂപതാ ഇ-ന്യൂസ് ലെറ്റർ ആയ ‘സാഗർ വോയ്‌സിൽ’ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന്, 2021 നവംബർ അഞ്ചിന് ‘ആയുദ്ധ്’ എന്ന യുട്യൂബ് ചാനല്‍ ഈ ഫോട്ടോ, ഹിന്ദു കുട്ടികളെ  മതംമാറ്റിയതാണെന്നു തെറ്റായി വ്യാഖ്യാനിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് ആക്രമണം അരങ്ങേറിയത്.

രൂപതാ അധികാരികൾ കളക്ടറേയും പോലീസ് സൂപ്രണ്ടിനേയും ഇത്തരം ഒരു പ്രശ്നത്തെക്കുറിച്ച് അറിയിച്ചിരുന്നു. ഗഞ്ച് ബസോദയിലെ എല്ലാ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് അവർ ഉറപ്പ് നൽകിയെങ്കിലും ആക്രമണം തടയാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.