‘കുരിശേന്തിയ വൈദികരുടെ കരങ്ങൾ ഛേദിക്കപ്പെടുന്നു’ – ടൈഗ്രെയിലെ ക്രൈസ്തവപീഡനത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക്

ടൈഗ്രേയിൽ ഉണ്ടായ സംഘർഷത്തിൽ എറിത്രിയൻ സൈന്യം ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വൈദികരെ ആണെന്ന് റിപ്പോർട്ടുകൾ. നവംബർ ഏഴിലെ, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രാർത്ഥനാദിനത്തിൽ ടൈഗ്രേയിലെ ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കണമെന്ന് സഭാനേതൃത്വം അനുസ്മരിപ്പിച്ചു. എറിത്രിയയിലെ ക്രിസ്ത്യാനികളോടുള്ള ശത്രുത, അയൽരാജ്യമായ എത്യോപ്യയിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് റിലീസ് ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകുന്നു.

ഒരു വർഷം മുമ്പ്, 2020 നവംബറിൽ, എറിത്രിയൻ സൈന്യം അക്സുമിൽ 750 സിവിലിയന്മാരെ കൊന്നു. ഓർത്തഡോക്സ് ചർച്ച് റിപ്പോർട്ടുകൾ പ്രകാരം, ഈ ആക്രമണത്തിൽ കുറഞ്ഞത് 78 വൈദികരെങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, എറിത്രിയയിൽ ക്രൈസ്തവ വിശ്വാസത്തെപ്രതി തടവിൽ കഴിഞ്ഞിരുന്ന ഹെലൻ ബെർഹാനെയുടെ വെളിപ്പെടുത്തലുകളും ശ്രദ്ധേയമാകുന്നു.

“കുരിശുകൾ കൈകളിലേന്തിയ വൈദികരുടെ കരങ്ങൾ അവർ മുറിച്ചു. പട്ടാളക്കാർ പുരോഹിതരെ ഭീഷണിപ്പെടുത്തുകയും അകാരണമായി വെടിവച്ചു കൊല്ലുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സംഘർഷങ്ങളിൽ നൂറുകണക്കിന് വൈദികരാണ് കൊല്ലപ്പെടുന്നത്” – ഹെലൻ വെളിപ്പെടുത്തുന്നു.

എറിത്രിയയിലെ സ്വേച്ഛാധിപത്യ സർക്കാർ 2002 -ൽ മിക്ക പള്ളികളും അടച്ചുപൂട്ടി. കൂടാതെ, നിരവധി ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തു. ഹെലൻ ബെർഹാനെപ്പോലെ ചിലർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ക്രിസ്ത്യാനികൾക്കൊപ്പം ഹെലനെയും മരുഭൂമിയിലെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ പൂട്ടിയിട്ടു. പകൽ കൊടും ചൂട്, രാത്രിയിൽ അതിശൈത്യം. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാനായി അവരെ മർദ്ദിച്ചു. ഈ മർദ്ദനത്തിലും ഹെലൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. മോചിതയായ ശേഷം ഇപ്പോൾ യൂറോപ്പിൽ താമസിക്കുന്ന ഹെലൻ, പീഡിപ്പിക്കപ്പെടുന്ന എറിത്രിയൻ ക്രൈസ്തവർക്കു വേണ്ടി തന്റെ പ്രചാരണം ഇന്നും തുടരുന്നു.

റിലീസ് ഇന്റർനാഷണലിന്റെ പങ്കാളിയായ ഡോ. ബെർഹാനെ അസ്മെലാഷ് പറയുന്നു: “എറിത്രിയയിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണ് ക്രൈസ്തവർ. കാരണം, അവർ പീഡനങ്ങൾക്കിടയിലും പ്രാർത്ഥനകൾക്കായി ഒരുമിച്ചുചേരുന്നത് നിർത്താറില്ല. എറിത്രിയയിലെ ഏകാധിപത്യ സർക്കാർ ജനങ്ങളുടെമേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. നിയന്ത്രണങ്ങളെ തുടർന്ന് പലരും രാജ്യം വിട്ടു. യുഎൻ പറയുന്നതനുസരിച്ച്, അര ലക്ഷം പേർ മാത്രമാണ് ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത്. അതായത്, ജനസംഖ്യയുടെ പത്ത് ശതമാനം മാത്രം.”

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എറിത്രിയൻ സർക്കാർ അനിശ്ചിതകാലത്തേക്ക് തടവിലാക്കിയ നിരവധി ക്രൈസ്തവരെ മോചിപ്പിച്ചു. രാജ്യത്തെ തിങ്ങിനിറഞ്ഞ ജയിലുകളിൽ കോവിഡിന്റെ വ്യാപനം ലഘൂകരിക്കാനാണ് ഇതെന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ അടുത്ത മാസങ്ങളിൽ, അധികാരികൾ വീണ്ടും കുറേ ക്രൈസ്തവരെ അറസ്റ്റു ചെയ്‌തു. പിന്നീട് നടന്ന റെയ്ഡുകളിൽ 15 ക്രൈസ്തവർ, തലസ്ഥാനമായ അസ്മാരയിലെ അവരുടെ വീടുകളിൽ അറസ്റ്റിലായി. നിരവധി ക്രൈസ്തവർ അയൽരാജ്യമായ എത്യോപ്യയിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്. ഇപ്പോൾ അവർ അവിടെ അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.

“ദയവായി ഈ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക. അവർ നേരിടുന്ന കഷ്ടപ്പാടുകൾ സന്തോഷത്തോടെ സ്വീകരിക്കാൻ കൃപയ്ക്കായി പ്രാർത്ഥിക്കുക. കാരണം അവർ അത് ഏറ്റെടുക്കുന്നത് ക്രിസ്തുവിനു വേണ്ടിയാണ്” – ഡോ. ബെർഹാനെ പറയുന്നു.

ലോകചരിത്രത്തിൽ ഇന്നോളം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാ ക്രൈസ്തവർക്കും വേണ്ടി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.