പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 9 – പീഡനങ്ങളുടെ നടുവിലെ വിയറ്റ്നാം ക്രൈസ്തവർ

വിയറ്റ്നാമിലെ ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തിലാണ് എ ലാം എന്ന യുവാവ് താസിക്കുന്നത്. ആ ഗ്രാമത്തിലെ ആദ്യത്തെ ക്രൈസ്തവനാണ് എ ലാം. ചുരുക്കിപ്പറഞ്ഞാൽ ആ ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റുകാർക്കിടയിലെ ആദ്യത്തെ ക്രിസ്ത്യാനി. ഈയൊരു കാരണത്താൽ തന്നെ അദ്ദേഹം നേരിട്ട പീഡനങ്ങൾ ഏറെയായിരുന്നു.

താൻ അംഗമായിരുന്ന ഗോത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ജീവിച്ചുവന്ന വ്യക്തിയായിരുന്നു എ ലാം. രോഗം വന്നാലും മറ്റെന്തെങ്കിലും ആവശ്യങ്ങൾ വന്നാലും മന്ത്രവാദിയുടെ അടുത്തേയ്ക്ക് ഓടുന്ന ആളുകൾ. ഇത്തരത്തിലുള്ള ആളുകളുടെ ഇടയിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് എ ലാം വളർന്നുവന്നത് സമീപത്തെ ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യാനെത്തിയ മിഷനറിമാരിൽ നിന്നാണ്. ‘ജീസസ്’ സിനിമ അവര്‍ പ്രദർശിപ്പിച്ചിരുന്നു. ആ സിനിമ അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. ആ മിഷനറിമാരുടെ വാക്കുകൾ ഏറ്റവും ആകാംക്ഷയോടെയാണ് എ ലാം കേട്ടിരുന്നത്. ഒപ്പം ആ ചർച്ചിൽ വന്നിരുന്ന നിരവധി ആളുകള്‍, തങ്ങൾ അനുഭവിച്ച യേശുവിനെക്കുറിച്ചു പങ്കുവയ്ക്കുന്നത് അവൻ കേട്ടിരുന്നു. തനിക്കും യേശുവിനെ അനുഗമിക്കണം എന്ന ചിന്ത അവനിലുമുണ്ടായി. അതിനായി അവൻ പ്രാർത്ഥിക്കുകയും ചെയ്തു. എ ലാമിന്റെ ആഗ്രഹം മനസിലാക്കിയ സഭാംഗങ്ങൾ അവന്റെയടുത്തു വരികയും യേശുവിനെക്കുറിച്ച് പങ്കുവയ്ക്കുകയും ചെയ്തതിന്റെ ഫലമായി ആ യുവാവ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.

താൻ സ്വീകരിച്ച വിശ്വാസം പ്രഖ്യാപിക്കാതിരിക്കുവാൻ അവനു കഴിഞ്ഞില്ല. ആ യുവാവ് തന്റെ ഗ്രാമത്തിലേയ്ക്ക് തിരികെ ചെന്നത് പുതിയ ഒരാള്‍ ആയിട്ടായിരുന്നു. ദൈവത്തിൽ വിശ്വസിക്കാത്ത അവർക്കു മുന്നിൽ, താൻ അറിഞ്ഞ ദൈവത്തെ അയാള്‍ വെളിപ്പെടുത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആ യുവാവിനെ കാത്തിരുന്നത് കടുത്ത പീഡനങ്ങളായിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അവിടെ താമസിക്കുന്നവർക്ക് സർക്കാർ ഭൂമി നൽകുകയും അവിടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും ആ നിയന്ത്രണം ഒരു മടിയും കൂടാതെ ആ ഗ്രാമത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്നു. സർക്കാരിന്റെ  വിശ്വസ്തതയെ വെല്ലുവിളിക്കുന്ന ഒരു വിശ്വാസവും – ക്രിസ്തുമതം ഉൾപ്പെടെ ഒന്നും ഇത്തരം ഗ്രാമങ്ങളിൽ അനുവദനീയമല്ല. ഈ സത്യം മനസിലാക്കിയ ദിവസങ്ങളായിരുന്നു എ ലാമിന്റെ ജീവിതത്തിൽ പിന്നീട് നടന്നത്. ആളുകൾ എ ലാമിന്റെ അടുത്തുവന്നു, ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ പോലീസ് ജയിലിൽ അടയ്ക്കുമെന്നും പിന്നീട് ക്രൂരമർദ്ദനങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അതിനാൽ ക്രിസ്ത്യാനി ആകാതിരിക്കുകയാണ് നല്ലതെന്നും അവർ മുന്നറിയിപ്പ് നൽകി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭീഷണി എ ലാമിനു നേരിടേണ്ടിവരുന്നത്. അതിനാൽത്തന്നെ ആ യുവാവ് പറഞ്ഞു: “ഞാൻ ക്രൈസ്തവനല്ല. എന്നിരുന്നാൽ തന്നെയും എന്റെ ഹൃദയത്തിൽ ഞാൻ ക്രിസ്തുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ.”

പിന്നീടുള്ള ആറു വർഷം രഹസ്യമായി അവൻ തന്റെ വിശ്വാസം തുടർന്നു. ശരീരം കൊണ്ട് കുടുംബപരമായ ചടങ്ങുകളിൽ പങ്കെടുത്തുവെങ്കിലും മനസ്സിൽ ക്രിസ്തുനാമം മാത്രമായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. കുഞ്ഞുങ്ങൾ ഉണ്ടാകാതായപ്പോൾ അവർ ഒരു ഡോക്ടറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തി. പക്ഷേ, ആദ്യ കുട്ടിയെ പ്രസവത്തിനിടയിലും രണ്ടാമത്തെ കുട്ടിയെ ഗര്‍ഭാവസ്ഥയിലും നഷ്ടപ്പെട്ടു. ഈ കാരണത്താല്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍  അവർ രഹസ്യമായി ദൈവാലയത്തിൽ പോയി. പാസ്റ്റർ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. എ ലാമും, തനിക്കൊരു കുഞ്ഞ് ഉണ്ടാകുന്നതുവരെ പ്രാർത്ഥിച്ചു. കുഴപ്പമൊന്നും കൂടാതെ നല്ല ആരോഗ്യമുള്ള കുട്ടി ഉണ്ടായി. അതോടെ എ ലാമും ഭാര്യയും തങ്ങളുടെ ക്രൈസ്തവ വിശ്വാസം വീണ്ടും പ്രഖ്യാപിച്ചു. വൈകാതെ ആ ഗ്രാമം മുഴുവൻ ഇവര്‍ക്കെതിരായി. അവരെ ഉപദ്രവിക്കുവാനായി അവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഗ്രാമവാസികൾ ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് കൂടുതൽ അപകടം പറ്റാതെ അവർ രക്ഷപെട്ടത്. വൈകാതെ തന്നെ എ ലാമിനും കുടുംബത്തിനും ആ ഗ്രാമം ഉപേക്ഷിക്കേണ്ടതായും വന്നു. ഇതാണ് വിയറ്റ്നാമിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ അവസ്ഥ.

വിയറ്റ്നാമിലെ ക്രൈസ്തവ വിശ്വാസം

പതിനാറാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ആദ്യമായി വിയറ്റ്നാമിൽ എത്തുന്നത്‌. പോര്‍ച്ചുഗീസ് നാവികരുടെയും ഡോമിനിക്കന്‍ മിഷനറിമാരുടേയും വരവോടെ അവിടെ ക്രിസ്തു മതത്തിന്റെ തുടക്കംകുറിച്ചു. എന്നാല്‍ 17-ആം നൂറ്റാണ്ടില്‍ ഈശോസഭാക്കാരുടെ വരവോടെയാണ് ക്രിസ്തുമതത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിച്ചുള്ള ഒരു വിയറ്റ്നാം ഭാഷ അവര്‍ വളര്‍ത്തിയെടുത്തു. 1651-ല്‍ ഒരു ഫ്രഞ്ച് ഈശോസഭാ വൈദികനായ അലക്സാന്ദ്രെ ടെ റോഡ്സ് ആദ്യമായി ഒരു വിയറ്റ്നാമീസ് – പോര്‍ത്തുഗീസ് – ലാറ്റിന്‍ ഡിക്ഷ്ണറി പുറത്തിറക്കി. വിയറ്റ്നാമിന്റെ സാംസ്കാരികവും ബൌദ്ധികവുമായ വളര്‍ച്ചയില്‍ കത്തോലിക്കാ മിഷനറിമാരുടെ പങ്ക് വളരെ വലുതാണ്.

എങ്കിലും കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യത്തെ സംശയത്തോടെയാണ് അവിടുത്തെ ഭരണാധികാരികള്‍ കണ്ടത്. അതിനാല്‍ പല മിഷനറിമാരെയും അവര്‍ പുറത്താക്കി. 1798 – ല്‍ കത്തോലിക്കര്‍ക്ക് എതിരെ വലിയ ആക്രമണങ്ങളാണ് ഉണ്ടായത്. അന്നത്തെ ചക്രവര്‍ത്തിയായ തായ്‌ സോന്‍ വംശത്തിലെ കാന്‍ തിന്‍ഹ് (Cảnh Thịnh of Tây Sơn dynasty) കത്തോലിക്കര്‍ക്ക് എതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും അതിന്റെ ഫലമായി 10,000 – അധികം കത്തോലിക്കരെ കൊന്നൊടുക്കുകയും ചെയ്തു.

അതിനുശേഷം 1802 മുതല്‍ 1820 – വരെ വിയറ്റ്നാം ഭരിച്ച ചക്രവര്‍ത്തിയായ ജിയാ ലോങ്ങ്‌ (Gia Long) ക്രിസ്തുമതത്തോട് അനുഭവം ഉള്ള ആളായിരുന്നു. അക്കാലത്ത് മതപീഡനം ഇല്ലായിരുന്നു എന്ന് മാത്രമല്ല, കത്തോലിക്കര്‍ക്ക് പല ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. നഗ്യെന്‍ (Nguyễn) രാജവംശത്തിന്റെ തുടക്കം അദ്ദേഹമാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന മിന്‍ മാഗ് (Minh Mạng) അടിയുറച്ച ഒരു കൺഫ്യൂഷ്യന്‍ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അതിക്രൂരമായ മതപീഡനമായിരുന്നു കത്തോലിക്കര്‍ സഹിക്കേണ്ടി വന്നത്. 1820 മുതല്‍ 1841  വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണം.

ക്രൂര പീഡനങ്ങളും വിയറ്റ്നാമിലെ രക്ത സാക്ഷികളും 

ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടന്നത് മിന്‍ മാഗിന്റെ ഭരണ കാലത്തായിരുന്നു. വത്തിക്കാന്റെ കണക്കനുസരിച്ച്, 130,000 നും 300,000 ഇടയ്ക്ക് ആളുകള്‍ വിയറ്റ്നാമില്‍ രക്തസാക്ഷികള്‍ ആയിട്ടുണ്ട്‌. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, പേരറിയാവുന്നവരും പേരറിയാത്തവരുമായ അവരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയും എല്ലാവര്‍ക്കുമായി ‘ഒറ്റ ഓര്‍മ്മ ദിനം’ പ്രഖ്യാപിക്കുകയും ചെയ്തു. വിയറ്റ്നാം രക്തസാക്ഷികള്‍ പല ഗണങ്ങളില്‍ പെടുന്നവരാണ്. 17 -ആം നൂറ്റാണ്ടിലെ മിഷന്‍ കാലഘട്ടത്തില്‍ കൊല്ലപ്പെട്ട ഡൊമിനിക്കന്‍ സഭാംഗങ്ങളും ഈശോ  സഭാംഗങ്ങളും ഒരു വിഭാഗത്തില്‍പ്പെടുന്നു. 19 – ആം നൂറ്റാണ്ടിലെ മത മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരെ അടുത്ത വിഭാഗത്തില്‍പ്പെടുന്നു. 117 രക്തസാക്ഷികളെ നാലു വ്യതസ്തമായ അവസരങ്ങളില്‍ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തിയിട്ടുണ്ട്. ഈ  117 രക്തസാക്ഷികളില്‍ 96 വിയറ്റ്നാമുകാരും 11 സ്പാനിഷ്‌ ഡൊമിനിക്കന്‍സും 10 ഫ്രഞ്ച് മിഷനറിമാരും ഉള്‍പ്പെടുന്നു. 1988 ജൂണ്‍ 19- ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.

ഈ രക്തസാക്ഷികളില്‍ ഒരാളായ തെയോഫിന്‍ വെനാര്‍ഡിന്റെ ജീവിതവും മരണവും പ്രസിദ്ധമാണ്. വധിക്കാനായി കൊണ്ടുപോയപ്പോള്‍ അദ്ദേഹം സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഒരു മിഷനറി ആകാനുള്ള ആഗ്രഹം വി. കൊച്ചു ത്രേസ്യായില്‍ ജ്വലിപ്പിച്ചത് അദ്ദേഹത്തിന്റെ മരണമായിരുന്നു. മറ്റൊരു മിഷനറി വൈദികന്‍ ഫാ. ഇഗ്നേഷ്യസ് ധെല്‍ഗാദോയെ വധിക്കുന്നതിന് മുന്‍പ്, അപമാനിക്കാനായി ഒരു പൊതു സ്ഥലത്ത് ഒരു കൂട്ടിനുള്ളില്‍ അടച്ചുപൂട്ടി. വിശപ്പും ദാഹവും സഹിക്കാനാവാതെ കൂട്ടിനുള്ളില്‍ കിടന്ന് അദ്ദേഹം മരിച്ചു.

അനേകം പീഡന രീതികള്‍ ഇക്കാലത്ത് വിയറ്റ്നാമിലെ ഭരണാധികാരികള്‍ പ്രയോഗിച്ചു. 1825 – ല്‍ മിഷന്‍ പ്രവര്‍ത്തനം നിരോധിച്ചു. 1831 – ല്‍ കത്തോലിക്കാ സഭയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ക്രിസ്ത്യാനികള്‍ ആണെന്നു സംശയിക്കുന്നവരെ മരക്കുരിശിനു മുകളില്‍ കൂടി നടത്തിച്ചു വിശ്വാസ ത്യാഗം ചെയ്യിച്ചു. ക്രിസ്ത്യാനികളെയും മിഷനറിമാരെയും സംരക്ഷിക്കുന്ന ഗ്രാമങ്ങളെ അപ്പാടെ ശിക്ഷിച്ചു. ക്രിസ്ത്യാനികളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് വന്‍  പാരിതോഷികം നല്‍കുമായിരുന്നു. വിവരിക്കാനാവാത്ത പീഡനങ്ങള്‍ ആയിരുന്നു ആ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ സഹിക്കേണ്ടി വന്നത്.

വിയറ്റ്നാം ഫ്രഞ്ച് കോളനിയാകുന്നു 

1841 – ല്‍ മിന്‍ മാഗ് മരണമടഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ പിന്‍ഗാമികളും പീഡനം തുടര്‍ന്നു. ക്രിസ്ത്യനികളോടുള്ള നഗ്യെന്‍ ഭരണാധികാരികളുടെ അതിക്രൂരമായ പെരുമാറ്റം 1857 – ലെ ഫ്രഞ്ച് സൈനിക ഇടപെടലിലേയ്ക്ക് നയിച്ചു. അത് അവസാനിച്ചത് 1858 – ല്‍ ഫ്രാന്‍സ്, വിയറ്റ്നാമിനെ കീഴടക്കുന്നതിലാണ്. അതേതുടര്‍ന്ന് അവിടെ ഫ്രഞ്ച് കോളനി ഭരണം ആരംഭിച്ചു. അന്ന് വിയറ്റ്നാം അറിയപ്പെട്ടിരുന്നത് ഇന്‍ഡോചൈന (Indochina) എന്നായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവും തുടര്‍സംഭവങ്ങളും  

ഇന്‍ഡോചൈന (ഇന്നത്തെ വിയറ്റ്നാം) 1857 മുതല്‍ 1954 വരെ ഫ്രാന്‍സിന്റെ കോളനി ആയിരുന്നു. ഇതിനിടയില്‍ 1930 – ല്‍ ഹോ ചി മിന്‍ ‘ഇന്‍ഡോചിനെസേ കമ്യൂണിസ്റ്റ് പാര്‍ട്ടി’ (ഐ.സി.പി.) രൂപീകരിച്ചു. 1940 – ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ജപ്പാന്‍, ഇന്‍ഡോചൈനയുടെ നിയന്ത്രണം ഏറ്റെടുത്തു. അത് 1945 വരെ തുടര്‍ന്നു. 1857 മുതല്‍ 1954 വരെയുള്ള കാലത്ത് വിയറ്റ്നാമിന്റെ മേല്‍ ഫ്രാന്‍സിന്റെ സ്വാധീനം നഷ്ടപ്പെട്ടത് ഈ അഞ്ചു വര്‍ഷം മാത്രമാണ്. 1941 – ല്‍ ജപ്പാന്‍ അധിനിവേശത്തിനെതിരെ ഐ.സി.പി. ഗറില്ലായുദ്ധം തുടങ്ങി. 1945 -ല്‍ ‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം’ എന്ന പേരു സ്വീകരിച്ച് ഈ രാജ്യം സ്വതന്ത്രയായതായി ഹോ ചി മിന്‍ പ്രഖ്യാപിച്ചു. ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം 1946 – ഫ്രാന്‍സ് വിയറ്റ്നാമിന്റെ മേല്‍ വീണ്ടും അവകാശം ഉന്നയിച്ചു. അതോടെ ആദ്യ ഫ്രഞ്ച്-ഇന്‍ഡോചൈന യുദ്ധം ആരംഭിച്ചു. ഇത് 1946 മുതല്‍ 1954 വരെ നീണ്ടുനിന്നു. യുദ്ധത്തിനിടയില്‍, 1950 – ല്‍  ‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാ’ മിനെ ചൈനയും യു.എസ്.എസ്.ആര്‍. ഉം അംഗീകരിച്ചത് ഫ്രാന്‍സിനു വലിയ തിരിച്ചടിയായി.

വിയറ്റ്നാം രണ്ടാകുന്നു

1954 – ഇന്‍ഡോചൈന, ഫ്രഞ്ച് ഔട്ട് പോസ്റ്റ്കള്‍ ആക്രമിച്ചതോടെ ഫ്രഞ്ച് ഗവണ്‍മെന്റ്, ജനീവ സമാധാന ചര്‍ച്ചകള്‍ക്ക് തയാറായി. ജനീവ കോണ്‍ഫ്രന്‍സിന്റെ ഫലമായി വിയറ്റ്നാം, ഉത്തര വിയറ്റ്നാം ദക്ഷിണ വിയറ്റ്നാം എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചു; ഫ്രാന്‍സ് വിയറ്റ്നാമില്‍ നിന്ന് പിന്മാറുകയും ചെയ്തു.  രണ്ടായി വിഭജിച്ചതിനെ തുടര്‍ന്ന് ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മില്‍ 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധം ആരംഭിച്ചു. ‘വിയറ്റ്നാം യുദ്ധ’മെന്നും ‘രണ്ടാം ഫ്രഞ്ച്-ഇന്‍ഡോചൈന യുദ്ധ’മെന്നും ഇതറിയപ്പെടുന്നു.

1954 വരെ ഉത്തര വിയറ്റ്നാമില്‍ കൂടുതല്‍ കത്തോലിക്കരുണ്ടായിരുന്നു. പക്ഷേ, ദക്ഷിണ വിയറ്റ്നാമിന്റെ രൂപീകരണത്തോടെ ക്രിസ്ത്യാനികളില്‍ അധികവും അവിടേക്ക് പലായനം ചെയ്തു. 1954 – ല്‍ എല്ലാ വിദേശ മിഷനറിമരോടും നാടുവിടാന്‍ ഭരണകൂടം കല്‍പ്പിച്ചു. സ്വദേശീയരായ വൈദികരെ മാത്രം തുടരാന്‍ അനുവദിച്ചു. ഉത്തര വിയറ്റ്നാം ഭരണകൂടം കത്തോലിക്കാ വിശ്വാസത്തോട് സഹിഷ്ണുത ഉള്ളവര്‍ ആയിരുന്നില്ല. കത്തോലിക്കാ വിശ്വസികളോടും പുരോഹിതരോടും റോമും ആയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ടു.

ദക്ഷിണ വിയറ്റ്നാമിന് അമേരിക്കന്‍ പിന്തുണ ലഭിച്ചു. പക്ഷേ, 1975 ആയപ്പോഴേയ്ക്കും ദക്ഷിണ വിയറ്റ്നാമിലെ പട്ടണങ്ങള്‍ ഓരോന്നും ഉത്തര വിയറ്റ്നാം കമ്യൂണിസ്റ്റ് പടയ്ക്ക് മുന്നില്‍ കീഴടങ്ങി. ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോനിന്റെ (Saigon) വീഴ്ചയോടെ ദക്ഷിണ വിയറ്റ്നാമിന്റെ കീഴടങ്ങല്‍ പൂര്‍ണ്ണമായി. അതോടെ ഉത്തര വിയറ്റ്നാമിലുണ്ടായിരുന്ന മത നിയന്ത്രണങ്ങള്‍ ദക്ഷിണ വിയറ്റ്നാമിലേയ്ക്കും വ്യാപിപ്പിച്ചു. 1976 – ല്‍ ‘സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം’ രൂപീകൃതമായി. 1992 – ലെ പുതുക്കിയ ഭരണഘടനാ മത സ്വാതന്ത്ര്യം അനുവദിച്ചു തരുന്നുണ്ടെങ്കിലും പ്രായോഗികമായി അത് നടപ്പിലാകുന്നില്ല. ഇപ്പോഴും കമ്യൂണിസ്റ്റ് നിയന്ത്രണമാണ് മതകാര്യങ്ങളിലും.        

ഇപ്പോഴത്തെ വിയറ്റ്നാം

ഇന്ന് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും യഥാക്രമം രാജ്യത്തെ ജനസംഖ്യയുടെ 7%, 2% എന്നിങ്ങനെയാണ്. 1911 – ലായിരുന്നു പ്രോട്ടസ്ടന്റ്റ്കാരുടെ വരവ്. ക്രിസ്ത്യൻ വിദേശമിഷനറിമാർക്ക് സർക്കാർ അനുമതിയില്ലാതെ മതപരിവർത്തനം നടത്താനോ മതപരമായ പ്രവർത്തനങ്ങൾ നടത്താനോ ഇവിടെ അനുവാദമില്ല. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കീഴിൽ വളരെ ദുരിതമനുഭവിച്ചാണ് ഇവിടെയുള്ള ക്രൈസ്തവർ ജീവിക്കുന്നത്.

1975-നു ശേഷം കമ്മ്യൂണിസ്റ്റുകാർ മതപരമായ ആചാരങ്ങൾ നിരോധിക്കാൻ തുടങ്ങി. പിന്നീടുള്ള നിയന്ത്രണങ്ങൾ കൂടുതലായും ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പീഡനങ്ങളെ തുടർന്ന് കുറെയധികം ക്രൈസ്തവർ വിയറ്റ്നാം വിട്ട് അമേരിക്കയിലേയ്ക്കും മറ്റും കുടിയേറി. വീണ്ടും ക്രൈസ്തവരുടെ എണ്ണം കൂടിയെങ്കിലും അവരോടുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നയങ്ങൾ പല ക്രൈസ്തവര്‍ക്കും ബുദ്ധിമുട്ടുള്ളതും ചിലപ്പോൾ അപകടകരവുമായിരുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരായ തീവ്രവാദം ഒരു പ്രധാന വിഷയമായും വന്നു. അവരെ അടിച്ചമർത്താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് അധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഗോത്രവർഗ്ഗക്കാരും

വിയറ്റ്നാമിൽ ക്രൈസ്തവരെ പ്രത്യേകിച്ച്, കത്തോലിക്കരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് രണ്ടു വിഭാഗങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റും ഗ്രാമങ്ങളിലെ പുരാതനവിശ്വാസങ്ങൾ പിന്തുടരുന്നവരും. ക്രൈസ്തവരായ ആളുകളോട് ഗവണ്മെന്റിന് വിദ്വേഷമുണ്ട്. അതിനാൽ തന്നെ ക്രൈസ്തവർ രാഷ്ട്രീയമായി സജീവമാകുന്നത് ഒരിക്കലും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച് ജയിലിലാക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. കൂടാതെ, പരമ്പരാഗതമായി വിയറ്റ്നാമീസ് തുടർന്നുവരുന്ന വിശ്വാസങ്ങളിൽ നിന്നും മാറി ക്രൈസ്തവമതം സ്വീകരിക്കുന്നവർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. അതിനാൽ തന്നെ ഇത്തരം പരിവർത്തനങ്ങൾ പലതും രഹസ്യമായിട്ടായിരിക്കും നടക്കുക. രാജ്യത്ത് ഇത്തരത്തിലാണ് ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ നടക്കുന്നത്. നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക് വരുമ്പോൾ ആക്രമണസ്വഭാവങ്ങൾക്ക് കുറച്ചുകൂടെ തീവ്രത കൂടുതലാണ്.

പ്രാദേശിക കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ചേർന്ന് ക്രൈസ്തവരെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കുകയും ആരാധനാലയങ്ങൾ തകർക്കുകയും ചെയ്യുന്നു. കൂടാതെ, ക്രിസ്ത്യൻ ന്യൂനപക്ഷത്തെ നിയമങ്ങളിൽക്കൂടെ അടിച്ചമർത്തുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ക്രിസ്ത്യൻ ബ്ലോഗർമാരെയും രാഷ്ട്രീയപ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും, ഓൺലൈൻ ആശയവിനിമയത്തെക്കുറിച്ചുള്ള കർശനമായ നിയന്ത്രണങ്ങളും ക്രൈസ്തവര്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഓരോ വർഷം കഴിയുന്തോറും വിയറ്റ്നാമിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ ചെറിയ തോതിലെങ്കിലും കൂടുകയാണ് എന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു.

അവഗണകൾ നിരന്തരം വേട്ടയാടുന്ന സമൂഹം

പരമ്പരാഗത മതവിശ്വാസങ്ങളിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും വിയറ്റ്നാമിൽ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. രാജ്യത്തെ ക്രൈസ്തവരില്‍ ഏകദേശം 80 ശതമാനവും ഹമോംഗ് പോലുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങളിൽപെട്ടവരാണ്. ഈ കാരണത്താൽ തന്നെ സാമൂഹിക ഒഴിവാക്കൽ, വിവേചനം, ആക്രമണങ്ങൾ എന്നിവ ഇവർ നേരിടേണ്ടിവരുന്നു. ഇവരുടെ കുട്ടികൾ സ്കൂളുകളിലും വിവേചനം അനുഭവിക്കുന്നു. ചില അവസരങ്ങളിൽ കുട്ടികളെ സ്‌കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ പോലും ക്രൈസ്തവർക്ക് കഴിയുന്നില്ല. കൂടാതെ വൈദ്യസഹായം വൈകിപ്പിക്കുക, ലഭ്യമാക്കാതിരിക്കുക തുടങ്ങിയ വിവേചനങ്ങളും ക്രൈസ്തവർ നേരിടുന്നു.

ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അവഗണനകളെ കൂടാതെ ക്രിസ്ത്യാനികളായി പരിവർത്തനം ചെയ്തവരുടെ ബന്ധുക്കളും ഇവരെ പീഡിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് കുടുംബത്തിലെ മറ്റുള്ളവരോട് മിണ്ടുന്നതിനോ ബന്ധം തുടർന്നുകൊണ്ടുപോകുന്നതിനോ കഴിയാറില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ അക്രൈസ്തവരായ കുടുംബാംഗങ്ങൾ പൂർണ്ണമായും കുടുംബത്തിൽ നിന്നും ഒഴിവാക്കുന്നതിനാണ് ഇതിന് കാരണം. ചില അവസരങ്ങളിൽ ക്രൈസ്തവനായ വ്യക്തിയുടെ ജീവിതപങ്കാളിയെ നിയമപരമായി ബന്ധം പിരിക്കുന്നതിനും മക്കളെ വിട്ടുനൽകാതിരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. ചില സന്ദർഭങ്ങളിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ കുടുംബം തകർക്കുകയും അവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു.

ഹനോയി, ഹ്യൂ, സൈഗോൺ എന്നിവിടങ്ങളിലൊക്കെയും ദൈവാലയങ്ങളും ആശ്രമങ്ങളും തകർക്കുകയും ആ സ്ഥലം തട്ടിയെടുക്കുകയും ചെയ്യുന്നതായ സംഭവങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന സ്ഥലങ്ങൾ പിന്നീട് ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്യും. ഇതുമാത്രമല്ല, ക്രൈസ്തവരായ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും മുളയിലേ നുള്ളുന്ന രീതിയാണ് വിയറ്റ്നാം കമ്മ്യൂണിസ്ററ് ഗവണ്മെന്റിന്റേത്.

2018-ൽ നിരവധി കത്തോലിക്കാ പ്രവർത്തകരെയും ബ്ലോഗർമാരെയും പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരെയും ശിക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഇവർക്കുമേൽ ചുമത്തുന്ന കേസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതും. ഇത്തരത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തി പീഡിപ്പിക്കപ്പെടുന്ന നിരവധി ക്രൈസ്തവര്‍ വിയറ്റ്നാമിലുണ്ട്.

2020 ജൂണ്‍ മാസത്തില്‍ ബെനഡിക്റ്റൈന്‍ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ആശ്രമത്തിലേയ്ക്ക് അതിക്രമിച്ചുകയറി കുരിശും ഈശോയുടെ രൂപവും തകര്‍ക്കുകയും സന്യാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കമ്യൂണിസ്റ്റ് ഭരണത്തില്‍ കീഴില്‍ ക്രിസ്ത്യാനികളുടെ സ്ഥലം അതിക്രമിച്ചുകയ്യേറി, അവരെ പുറത്താക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. (https://www.reuters.com/article/us-vietnam-politics-landrights/clergy-at-catholic-monastery-in-vietnam)

ഇനി ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നത് വിദ്യാർത്ഥികളാണെങ്കിലോ? അവരുടെ പഠനം അതോടെ തീർന്നു എന്നുതന്നെ പറയാം. അവർ പഠിക്കുന്ന സ്‌കൂൾ – കോളേജ് പ്രിൻസിപ്പൽമാർക്കുമേൽ സമ്മർദം ചെലുത്തി ആ കുട്ടിയെ പുറത്താക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. അത് വിജയിച്ചില്ലെങ്കിൽ അധ്യാപകരിലൂടെ കുട്ടികളെ ഒറ്റപ്പെടുത്തുകയും മാറ്റിനിർത്തുകയും ചെയ്യും. പിന്നീട് ആ കുട്ടി നേരിടുന്ന പ്രതിസന്ധികൾ ഏറെയാകും. ആരും അവരെ ശ്രദ്ധിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്തതിനാൽ ഒന്നുങ്കിൽ കുട്ടി വിശ്വാസം ഉപേക്ഷിക്കും അല്ലെങ്കിൽ വിശ്വാസം മുറുകെപ്പിടിച്ച് ആ കുട്ടി സ്‌കൂൾപഠനം ഉപേക്ഷിക്കും. ഇതാണ്‌ വിയറ്റ്നാമിലെ അവസ്ഥ.

എങ്കിലും ക്രിസ്ത്യാനികള്‍ ഈ പീഡനങ്ങളെ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അതിജീവിക്കുകയാണ്. കമ്യൂണിസത്തിന്റെ കറുത്ത കരങ്ങള്‍ക്കും തങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ല എന്ന ഉറപ്പിലാണവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.